1997 ല്‍ ഫ്രാന്‍സില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡയാനാ രാജകുമാരിയെയും കാമുകനെയും പതിനാറ് വര്‍ഷത്തിനു ശേഷവും വിവാദങ്ങള്‍ വേട്ടയാടുകയാണ്. ഡയാനാ രാജകുമാരിയെ പോലെ ജീവിതവും മരണവും വിവാദങ്ങള്‍ പിന്തുടര്‍ന്ന മറ്റൊരു വനിത ,ലോക ചരിത്രത്തില്‍ തന്നെ ഉണ്ടോ എന്ന കാര്യം സംശയമാണ് . ചാള്‍സ് രാജകുമാരന്റെ ഭാര്യ ആയതിനു ശേഷം, ഡയാന രാജകുമാരിയുടെ ഏതൊരു പ്രവര്‍ത്തിയും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കൊപ്പം ലോകമാധ്യമങ്ങളും ആഘോഷമാക്കിയിരുന്നു.
1998 ആഗസ്റ്റ് 31മുതലുള്ള ഡയാനാ രാജകുമാരിയുടെ ഓരോ ചരമ ദിനങ്ങളും പഴയ വിവാദങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ ആകുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ തുടര്‍ന്നു പോന്നിരുന്നത്.എന്നാല്‍ ഈ വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു പട്ടാളക്കാരന്റെ ബന്ധുക്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്കൊപ്പം ദുരൂഹതയും ഉണര്‍ത്തുന്നു.
ബ്രിട്ടീഷ് രഹസ്യാ അന്വേഷണ വിഭാഗം നടത്തിയ ആസൂത്രിത കൊലപാതകം ആണ് ഡയാനാ രാജകുമാരിയുടെ മരണം എന്നതാണ് പട്ടാളക്കാരന്റെ ബന്ധുക്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ .അനധികൃതമായി ആയുധം കൈവശം വച്ചതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന സൈനികന്റെ ബന്ധുക്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ അസംബന്ധം ആണ് എന്ന നിലപാടില്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളും രാജകുടുംബവും .എന്നാല്‍ ഈ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ സാഹചര്യത്തില്‍ ഡയാനാ രാജകുമാരിയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും എന്ന് സ്കോട്ട്ലണ്ട് യാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു.എന്നാല്‍ ഇത് ഒരു പുനരന്വേഷണം ആയിരിക്കില്ല എന്നും പൊലീസ് വൃത്തങ്ങള്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
സ്കോട്ട്ലണ്ട്യാര്ഡിന്റെ ഈ നിലപാട് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ കൂടുതല്‍ ദുരൂഹതിയിലേക്കാണ് കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്.കാരണം ,ഡയാനാ രാജകുമാരിയെ കൊലപ്പെടുത്താന്‍ ഉണ്ടായ സാഹചര്യം കോര്‍ട് മാര്‍ഷല്‍ അനുഭവിക്കുന്ന സൈനികന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് പ്രധാനമായും മതപരമായ കാരണം ആണ് എന്നതാണ്.ഡയാനാ രാജകുമാരിയോടൊപ്പം മരിച്ച കാമുകന് ഡോഡി ഫയതിന്റെ മതം ആണ് ആ കൊലപാതകത്തിന് പിന്നിലെ ചേതോവികാരം എന്ന് രാജകുടുംബത്തിന്റെ വിമര്‍ശകരും നേരത്തെ ആരോപിച്ചിരുന്നു.എന്നാല്‍ ഡോഡി ഫയദ് വെറും ഡമ്മി കാമുകന് ആയിരുന്നു എന്നും ശരിക്കുമുള്ള കാമുകന് പാകിസ്ഥാന് സ്വദേശിയായ ഡോക്ടര്‍ ഹസന്ത്-ഖാന് ആണ് എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.മരണ സമയത്ത് ഡയാന രാജകുമാരി ഗര്‍ഭവതി ആയിരുന്നു എന്നും ഹസന്ത്-ഖാനുമായി രാജകുമാരിയുടെ വിവാഹം നിശ്ചയിച്ചിരുന്നു എന്നും പറയപ്പെടുന്നു.1996 ല്‍ ഡയാന രാജകുമാരി പാകിസ്ഥാന് സന്ദര്‍ശിച്ചിരുന്നു.
ചാള്‍സ് രാജകുമാരനുമായി വിവാഹ ബന്ധം വേര്‍പെടുത്തി എങ്കിലും ബ്രിട്ടന്റെ ഭാവി രാജാവിന്റെ അമ്മ എന്ന പദവി ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്നു.ബ്രിട്ടന്റെ ഭാവി രാജാവ് എന്നാല്‍ ആംഗ്ലിക്കന്‍ സഭയുടെ ആത്മീയ നേതാവ് കൂടിയായിരിക്കും.ഈ സാഹചര്യങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ ഡോക്ടര്‍ ഹസന്ത് ഖാനെ പോലെ ഒരു അന്യ മത വിശ്വാസിയെ വിവാഹം കഴിക്കുമ്പോള്‍ അത് മതപരമായ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ഡയാന രാജകുമാരി തയ്യാറാകേണ്ടി വരുമായിരുന്നു എന്ന കാര്യം തീര്‍ച്ചയാണ്.അതുകൊണ്ട് തന്നെ സൈനികന്റെ ബന്ധുക്കള്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഗൌരവുമുള്ളതാണ് എന്ന് ചിലരെങ്കിലും കരുതുന്നതില്‍ തെറ്റ് പറയാന്‍ ആവില്ല.
പപ്പരാസികളുടെ കണ്ണില്‍ നിന്നും രക്ഷപ്പെടാന്‍ അമിത വേഗത്തില്‍ കാറോടിച്ചു പോയതിനാലാണ് അപകടം സംഭവിച്ചത് എന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ കേസന്വേഷിച്ച പോലീസ് വിഭാഗം ശരി വച്ചിരുന്നു.പക്ഷെ രാജകുമാരിയുടെയും കാമുകന്റെയും മരണത്തിനു ഇടയാക്കിയ പാപ്പരാസികളെക്കുറിച്ച് കൃത്യമായ ഒരു റിപ്പോര്‍ട്ടും കേസ് അന്വേഷിച്ച പോലിസ് വിഭാഗത്തിന്റെ പക്കല്‍ ഇല്ല.ഒരു ഫിയറ്റ് കാറില്‍ സഞ്ചരിച്ചിരുന്ന പാപ്പരാസികള്‍ ഇവരെ പിന്തുടര്ന്നു എന്ന് പറയുന്നതല്ലാതെ ആ കാറിനെ കുറിച്ചോ അതില്‍ സഞ്ചരിച്ചിരുന്ന പാപ്പരാസികളെ കുറിച്ചോ യാതൊന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല.
മരണ സമയത്ത് ഡയാന രാജകുമാരി ഗര്‍ഭവതി ആയിരുന്നു എന്ന് പറയുന്നത് തെറ്റാണ് എന്ന് പോലീസ് പറയുന്നുണ്ട്.എന്നാല്‍ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് പോലീസ് പുറത്തു വിട്ടിട്ടില്ല.അതേ കുറിച്ച് പോലിസ് മൌനം പാലിക്കുകയാണ്.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തിന്റെ പാശ്ചാത്തലത്തില്‍ ഡയാനയുടെ മരണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും എന്നല്ലാതെ പുനരന്വേഷണം ഇല്ലഎന്ന് എടുത്തു പറയുന്നതിന്റെ കാരണവും ഭാവിയില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിതെളിക്കാന്‍ സാധ്യത ഉണ്ട്.