728-pixel-x-90-2-learn
728-pixel-x-90
<< >>

മരണാനന്തരം ജീവിതമുണ്ടെന്ന് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: മരണാനന്തര ജീവിതത്തെക്കുറിച്ച് ഇതുവരെ പറഞ്ഞിരുന്നത് മതങ്ങള്‍ മാത്രമാണ്. എന്നാല്‍, ഇപ്പോഴിതാ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാരും പറയുന്നു. മരണത്തിനു ശേഷവും ജീവിതമുണ്ടെന്ന്. ഇക്കാര്യത്തില്‍ ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ഗവേഷണത്തിന് ശേഷം ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാരുടെ സംഘമാണ് പുതിയ വാദം ഉന്നയിക്കുന്നത്.

ഹൃദയസ്തംഭനം സംഭവിച്ച ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന 2060 രോഗികളില്‍ കഴിഞ്ഞ നാല് വര്‍ഷം നടത്തിയ ഗവേഷണങ്ങളിലൂടെയാണ് തങ്ങള്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് ശാസ്ത്രസംഘത്തിന്‍റെ തലവന്‍ ഡോക്ടര്‍ സാം പര്‍നിയ പറയുന്നു. ഗവേഷണത്തിന് വിധേയരായ രോഗികളില്‍ 40 ശതമാനം പേര്‍ക്കും ‘വൈദ്യശാസ്ത്രപരമായി മരിച്ച’ അവസ്ഥയില്‍ [ clinically dead] നടന്ന കാര്യങ്ങളെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള ബോധമുള്ളതായി ഡോക്ടര്‍ സാം പറയുന്നു. മരുന്നുകളുടെ മയക്കത്തിലോ മസ്തിഷ്കത്തിനേറ്റ പരിക്ക് മൂലമോ ആകാം മറ്റുള്ളവര്‍ക്ക് ഇതിനു കഴിയാതെ പോയതെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം.

ഹൃദയം നിലച്ച് 30 സെക്കണ്ടിനുള്ളില്‍ മസ്തിഷ്കത്തിന്റെപ്രവര്‍ത്തനവും നിലയ്ക്കും എന്നാണ് പൊതുവേ ശാസ്ത്രലോകം ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, ഹൃദയം നിലച്ച് മൂന്നു മിനിറ്റിനു ശേഷവും ചുറ്റും നടന്ന കാര്യങ്ങള്‍ രോഗികള്‍ക്ക് അനുഭവപെട്ടതായി പുതിയ പഠനം അവകാശപ്പെടുന്നു. ഇതില്‍ അമ്പത്തേഴുകാരനായ ഒരു രോഗി നല്‍കിയ വിവരണം അദ്ഭുതപ്പെടുത്തുന്നതാണത്രെ.

തന്‍റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും നടത്തുന്ന ശ്രമങ്ങള്‍ മുറിയുടെ ഒരു മൂലയില്‍നിന്ന് സ്വയം നോക്കിക്കാണുന്നതായി തനിക്ക് അനുഭവപ്പെട്ടെന്ന് ഇയാള്‍ പറയുന്നു. ആ സമയം മുറിയില്‍ നടന്ന കാര്യങ്ങള്‍ അതേപടി പറയാന്‍ ഇയാള്‍ക്ക് കഴിഞ്ഞതായി ഗവേഷണറിപ്പോര്‍ട്ടിലുണ്ട്. ഏറ്റവും പ്രധാനം ഒരു യന്ത്രത്തിന്റെ ബീപ്-ബീപ് ശബ്ദം രണ്ട് തവണ താന്‍ കേട്ടു എന്ന ഇയാളുടെ മൊഴിയാണ്. മൂന്ന് മിനിറ്റിന്റെ ഇടവേളയിലാണ് ഈ യന്ത്രം ബീപ്-ബീപ് ശബ്ദം പുറപ്പെടുവിക്കുന്നത് എന്നതിനാല്‍ ഹൃദയം നിലച്ച് ചുരുങ്ങിയത് മൂന്ന്‍ മിനിറ്റ് ആയ സമയത്തും രോഗി അവിടെ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നു എന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ സാം പറയുന്നു.

യുകെ, യുഎസ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ 15 ആശുപത്രികളിലുള്ള രോഗികളെയാണ് ഗവേഷണത്തിന് വിധേയരാക്കിയത്. അതേസമയം, പുതിയ കണ്ടെത്തലിനെക്കുറിച്ച് ശാസ്ത്രലോകത്തിന്‍റെ പൊതുവേയുള്ള പ്രതികരണം വന്നിട്ടില്ല.

Leave a Reply