728-pixel-x-90-2-learn
728-pixel-x-90
<< >>

‘മരണമെത്തുന്ന നേരത്ത് നീയെന്‍റെ….’

 

ബേക്കേഴ്സ്ഫീല്‍ഡ് [യുഎസ്]: 62 വര്‍ഷം മുമ്പ്, അന്നാണ് ഡോണും മാക്സിന്‍ സിംപ്സനും ആദ്യമായി കണ്ടുമുട്ടിയത്‌. പ്രഥമദര്‍ശനത്തില്‍ തന്നെ അനുരാഗബദ്ധര്‍. ഏറെ വൈകാതെ വിവാഹവും നടന്നു. മരണംവരെ പരസ്പരം സ്നേഹിക്കുമെന്ന് അന്നവര്‍ പരസ്പരം വാക്ക് നല്‍കി. പക്ഷെ, മരണത്തിന് പോലും അവരെ വേര്‍പിരിക്കാന്‍ കഴിഞ്ഞില്ല. ഇരുവരും മരണത്തെ പുല്‍കിയത് മണിക്കൂറുകളുടെ ഇടവേളയില്‍.

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ബേക്കേഴ്സ്ഫീല്‍ഡ് നിവാസികളായിരുന്നു ഈ ദമ്പതികള്‍. ഓര്‍മകളില്‍ ജരാനരകള്‍ വീണ വാര്‍ധക്യത്തിലും ഇവര്‍ തമ്മിലുള്ള പ്രണയം അദ്ഭുതപ്പെടുത്തുന്നതായിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

രണ്ടാഴ്ച മുമ്പ് കാല്‍വഴുതി വീണ് ഇടുപ്പെല്ല് ഒടിഞ്ഞ ഡോണ്‍ ആശുപത്രിയിലായി. ആരോഗ്യനില നാള്‍ക്കുനാള്‍ മോശമാകുകയും ചെയ്തു. അര്‍ബുദബാധിതയായിരുന്നു മാക്സിന്‍. പ്രിയതമന്‍ മരണക്കിടക്കയിലാണ് എന്നറിഞ്ഞതോടെ മാക്സിന്‍റെ രോഗവും വഷളായി.

ചികിത്സകള്‍ ഫലംചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ബന്ധുക്കള്‍ ഇരുവരെയും വീട്ടിലേക്ക് കൊണ്ടുവന്നു. അടുത്തടുത്ത കിടക്കകളില്‍ മരണത്തിന്‍റെ വരവും കാത്ത് അവര്‍ കൈകള്‍ കോര്‍ത്ത്‌ കിടന്നു. രോഗത്തിന്‍റെ മൂര്‍ധന്യാവസ്ഥയിലും മാക്സിന്‍ കട്ടിലില്‍ എഴുന്നേറ്റ് ഡോണിനെ നോക്കിയിരിക്കുമായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.

മാക്സിനാണ് ആദ്യം മരിച്ചത്. മൃതദേഹം മുറിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയ പിന്നാലെ ഡോണിന്‍റെ ഹൃദയമിടിപ്പും മന്ദഗതിയിലായി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ ശ്വാസം നിലച്ചു. മരണത്തിലും അവര്‍ ഒരുമിച്ചുചേര്‍ന്നു. അപൂര്‍വവും സുദീര്‍ഘവുമായ ഒരു പ്രണയത്തിന്‍റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി.

Leave a Reply