jio 800x100
jio 800x100
728-pixel-x-90
<< >>

മരണദൂതുമായി ഓണ്‍ലൈന്‍ മദ്യപാനമത്സരം കാനഡയിലും

ഒട്ടാവ: അയര്‍ലണ്ടില്‍ രണ്ട് യുവാക്കളുടെ ജീവനെടുത്ത ഓണ്‍ലൈന്‍ മദ്യപാനമത്സരമായ ‘നെക്ക്നോമിനേറ്റ്’ കാനഡയിലും എത്തി. ബ്രിട്ടീഷ് കൊളംബിയയിലും മാരിടൈംസിലുമുള്ള ചില യുവാക്കള്‍ അപകടകരമായ ഈ മത്സരത്തില്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു.

കഴിഞ്ഞ പുതുവര്‍ഷദിനത്തില്‍ ഓസ്ട്രേലിയയില്‍ തുടങ്ങിയ വിചിത്രമായ ഈ മത്സരം ഇപ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. ഒരാള്‍ വ്യത്യസ്തവും സാഹസികവുമായ രീതിയില്‍ മദ്യപിക്കുകയും അതിന്‍റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ്‌ ചെയ്ത ശേഷം തന്‍റെ ഒരു സുഹൃത്തിനോട് 24 മണിക്കൂറിനകം അതേപോലെ ചെയ്യാന്‍ വെല്ലുവിളിക്കുന്നതുമാണ് നെക്ക്നോമിനേറ്റ് മത്സരത്തിന്‍റെ രീതി.

തുടക്കത്തില്‍ ബിയര്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ വീര്യമേറിയ മദ്യമാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഉപയോഗിക്കുന്നത്. തിരക്കേറിയ റോഡിലൂടെ നടന്നു മദ്യപിക്കുക, മദ്യപിച്ച ശേഷം തണുത്തുമരവിച്ചു കിടക്കുന്ന നദിയിലോ തടാകത്തിലോ ചാടുക, മദ്യത്തിനൊപ്പം ജീവനുള്ള മത്സ്യത്തെ വിഴുങ്ങുക. രാസവസ്തുക്കള്‍ ചേര്‍ത്ത് മദ്യപിക്കുക തുടങ്ങിയ അനേകം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കാണാം. സുഹൃത്തുക്കള്‍ തലകീഴായി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന യുവാവ് ക്ലോസറ്റില്‍നിന്ന് മദ്യം കുടിക്കുന്ന ദൃശ്യവും മറ്റൊരു യുവാവ് ഒരു കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ ഒറ്റയടിക്ക് അകത്താക്കുന്ന ദൃശ്യവും ഇവയിലുണ്ട്. ചില വീഡിയോകള്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു.

അയര്‍ലണ്ടില്‍ നെക്ക്നോമിനേറ്റ് മത്സരത്തില്‍ പങ്കെടുത്ത രണ്ട് യുവാക്കള്‍ മരിച്ചതോടെയാണ് വിവിധ സര്‍ക്കാരുകളും സാമൂഹ്യസംഘടനകളും അപകടകരമായ ഈ മത്സരത്തെക്കുറിച്ച് തിരിച്ചറിഞ്ഞത്.  അമിതമായ അളവില്‍ മദ്യം അകത്തുചെന്നായിരുന്നു ഒരാളുടെ മരണം. മദ്യപിച്ച ശേഷം കായലില്‍ ചാടിയ മറ്റൊരു യുവാവിന്‍റെ മൃതദേഹം പിറ്റേന്നാണ് കണ്ടുകിട്ടിയത്.

ന്യൂ ബ്രൂണ്‍സ് വിക്കില്‍ തനിക്ക് അറിയാവുന്ന ചില വിദ്യാര്‍ഥികള്‍ നെക്ക്നോമിനേറ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന്‍റെ വീഡിയോ യുട്യൂബില്‍ കണ്ടെന്ന് ഒരു അധ്യാപകന്‍ വെളിപ്പെടുത്തിയതോടെയാണ് അപകടകരമായ ഈ ഓണ്‍ലൈന്‍ മദ്യപാനമത്സരം കാനഡയിലും എത്തിയതായി സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ ചിലര്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്നും അധ്യാപകന്‍ പറയുന്നു.

അപകടകരമായ ഈ മത്സരത്തില്‍ പങ്കെടുക്കരുതെന്നും സുഹൃത്തുക്കളെ പങ്കെടുക്കാന്‍ പ്രേരിപ്പിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply