jio 800x100
jio 800x100
728-pixel-x-90
<< >>

മരണം പതിയിരിക്കുന്ന എസ്കലേറ്ററുകള്‍

മോണ്‍ട്രിയല്‍: എസ്കലേറ്ററില്‍ സ്കാര്‍ഫും തലമുടിയും കുരുങ്ങി സ്ത്രീ മരിച്ച സംഭവം  ഒരുകാര്യം നമ്മെ ഓര്‍മപ്പെടുത്തുന്നു. സുരക്ഷിതമെന്ന് നമ്മള്‍ കരുതുന്ന പലതും ഒട്ടും സുരക്ഷിതമല്ല. നമ്മുടെ നാട്ടില്‍ ഇന്നുള്ള എത്രയോ എസ്കലേറ്ററുകള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തവയാണ്‌. എത്ര അലസമായാണ് നമ്മളില്‍ പലരും അവ ഉപയോഗിക്കുന്നത്. കൊച്ചുകുട്ടികളെപ്പോലും കൈപിടിക്കാതെ എസ്കലേറ്ററില്‍ നില്‍ക്കാന്‍ അനുവദിക്കുന്ന രക്ഷിതാക്കള്‍ എവിടെയും സ്ഥിരം കാഴ്ചയാണ്.

കാനഡയിലെ മോണ്‍ട്രിയലില്‍ വ്യാഴാഴ്ചയാണ് സ്കാര്‍ഫും മുടിയും എസ്കലേറ്ററില്‍ കുരുങ്ങി നാല്‍പത്തിയെട്ടുകാരി മരിച്ചത്.ഫാബ്രെ മെട്രോ സ്റ്റേഷനിലാണ് ദാരുണമായ അപകടം. എസ്കലേറ്ററില്‍ താഴേക്ക്‌ വരികയായിരുന്ന സ്ത്രീ ധരിച്ചിരുന്ന സ്കാര്‍ഫാണ് ആദ്യം യന്ത്രത്തിന്‍റെ ഇടയില്‍ കുരുങ്ങിയത്. സ്കാര്‍ഫ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുടിയും കുരുങ്ങുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

ഏറ്റവും ആധുനികമായ എസ്കലേറ്ററുകള്‍ യന്ത്രത്തിനിടയില്‍ എന്തെങ്കിലും കുരുങ്ങുകയോ മറ്റോ ചെയ്താല്‍ സ്വയം നിശ്ചലമാകുന്ന തരത്തില്‍ ഉള്ളവയാണ്. എന്നാല്‍, 1997ന് ശേഷമുള്ള എസ്കലേറ്ററുകള്‍ക്ക് മാത്രമാണ് ഈ ചട്ടം ബാധകം. പഴയ എസ്കലേറ്ററുകളിലാകട്ടെ രണ്ട് വശങ്ങളിലും എമര്‍ജന്‍സി ബട്ടണുകള്‍ ആണുള്ളത്. എന്നാല്‍ അപകടം കാണുന്നവര്‍ക്ക് ഈ ബട്ടണ്‍ പൊടുന്നനെ അമര്‍ത്താനുള്ള മനസാന്നിധ്യം ലഭിക്കണമെന്നില്ല. അപ്പോഴേക്കും അപകടത്തില്‍പെട്ട ആള്‍ക്ക് ജീവഹാനി ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്യാം.

രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാംതവണയാണ് മോണ്‍ട്രിയല്‍  സബ്‌വേയിലെ എസ്കലേറ്റര്‍ മനുഷ്യജീവന്‍ അപഹരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ഇരുപതുകാരിയായിരുന്നു ഇര. 1982ല്‍ മോണ്‍ട്രിയലിലെതന്നെ ഗയ് കോണ്‍കോര്‍ഡിയ മെട്രോ സ്റ്റേഷനില്‍ എസ്കലേറ്ററിനിടയില്‍ രണ്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ നാല് കൈവിരലുകള്‍ നഷ്ടമായി.

കയ്യില്‍നിന്ന് താഴെ വീണ മുന്തിരിപ്പഴങ്ങള്‍ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടി അപകടത്തില്‍പെട്ടത്‌. എസ്കലേറ്ററിനിടയിലെ വിടവ് അനുവദനീയമായ 6 മില്ലീമീറ്ററിലും കൂടുതലായിരുന്നതാണ് അപകടത്തിന് കാരണം.

2004ല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എസ്കലേറ്റര്‍ പെട്ടെന്ന് നിന്നതിനെത്തുടര്‍ന്നു മറിഞ്ഞുവീണ 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവവും മോണ്‍ട്രിയലില്‍ ഉണ്ടായി.

മറ്റ് രാജ്യങ്ങളില്‍നിന്നും എസ്കലേറ്റര്‍ അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ അടുത്ത കാലത്ത് സescalettarമാനമായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു.  കഴിഞ്ഞ ഓഗസ്റ്റില്‍ ന്യൂജഴ്സിയില്‍ ഉണ്ടായ അപകടത്തില്‍ 10 വയസുള്ള പെണ്‍കുട്ടിയുടെ കാല്‍വിരലുകള്‍ നഷ്ടമായി. ഈ സംഭവത്തെത്തുടര്‍ന്ന് എസ്കലേറ്ററുകളുടെ സുരക്ഷാസംവിധാനം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിടുണ്ട്.

ഇവ അറിയാതെ സംഭവിക്കുന്ന അപകടങ്ങള്‍ ആണെങ്കില്‍ അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഇവയില്‍ എത്രയോ ഇരട്ടിയാണ്. മദ്യപിച്ചും മൊബൈല്‍ഫോണില്‍ സംസാരിച്ചും മറ്റും എസ്കലേറ്ററില്‍ യാത്രചെയ്യുക വഴി ഉണ്ടാകുന്ന അപകടങ്ങള്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും നിത്യേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചെറിയ കുട്ടികള്‍ എസ്കലേറ്ററില്‍ നിന്ന് വീണും ഒട്ടേറെ അപകടങ്ങള്‍ സംഭവിക്കുന്നു.

എസ്കലേറ്റര്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ സുരക്ഷനിയമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നേ മതിയാകൂ. അതോടൊപ്പം എസ്കലേറ്റര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുകയും വേണം. എസ്കലേറ്റര്‍ ഉയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

# ഷൂസിന്‍റെ ലേസ് നീണ്ടുകിടപ്പില്ല എന്ന് ഉറപ്പാക്കുക. സ്കാര്‍ഫ്, ചുരിദാറിന്‍റെ ഷാള്‍, ഇറക്കമുള്ള വസ്ത്രങ്ങള്‍ ഇവ യന്ത്രത്തിനിടയില്‍ കുരുങ്ങാതെ ശ്രദ്ധിക്കുക.

# കുട്ടികളെ മുതിര്‍ന്നവര്‍ കൈപിടിച്ചു മാത്രമേ എസ്കലേറ്ററില്‍ നില്‍ക്കാന്‍ അനുവദിക്കാവൂ. എസ്കലേറ്ററില്‍ ഇരിക്കാനോ കളിക്കാനോ കുട്ടികളെ അനുവദിക്കരുത്.

# എസ്കലേറ്ററിലേക്ക് കാല്‍ വയ്ക്കുമ്പോള്‍ നേരെ മുന്നോട്ടു നോക്കുക. പടികളുടെ നടുവില്‍ നില്‍ക്കുക. വശങ്ങളില്‍ ഉള്ള പിടിയില്‍ കൈവയ്ക്കുക.

# കൈവരിക്കും പടികള്‍ക്കും ഇടയില്‍ കാല്‍ കുടുങ്ങുന്നത് ഒഴിവാക്കാന്‍ പടിയുടെ വശങ്ങളില്‍ നില്‍ക്കാതിരിക്കുക.

Leave a Reply