728-pixel-x-90-2-learn
728-pixel-x-90
<< >>

മന്ത്രി പി കെ ജയലക്ഷ്മി വിവാഹിതയായി

വാളാട്(വയനാട്): ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ഏക വനിതാമന്ത്രിയായ പി കെ ജയലക്ഷ്മി വിവാഹിതയായി.ഞായറാഴ്ച്ച രാവിലെ 9.35ന് വാളാട് തറവാട്ട് മുറ്റത്തെ നാലുകെട്ടില്‍ നടന്ന ചടങ്ങില്‍ മുറച്ചെറുക്കനായ അനില്‍ കുമാര്‍ ജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.ആദിവാസി ഗോത്രാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, സ്പീക്കര്‍ എന്‍ ശക്തന്‍, എം പി. മാര്‍, എം എല്‍ എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷട്രീയ സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഉമ്മന്‍ചാണ്ടിയുടേയും വി എസിന്റേയും കാല്‍ തൊട്ട് വന്ദിച്ചാണ് ജയലക്ഷ്മി കതിര്‍മണ്ഡപത്തിലേക്ക് കയറിയത്.

മാവോയിസ്റ്റ് ഭീഷണിമൂലം കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകള്‍.ജില്ലാ പൊലീസ് മേധാവി അജിതാബീഗത്തിന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ സേനയുടെ ഒരു വലിയ നിര തന്നെ പാലോട് തറവാടിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു.പ്രസിദ്ധമായ ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലത്തെ ശ്രീജേഷ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് വിവാഹത്തിന്റെ മറ്റ് ചടങ്ങുകള്‍ നടന്നത്.തറവാടിന് കീഴിലുളള എട്ടോളം കുലങ്ങളിലെ കാരണവന്മാര്‍ ഇന്ന് കാലത്ത് തറവാട്ടിലെത്തി ഗോത്രാചാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. കുല ദൈവങ്ങളെ പ്രീതിപ്പെടുത്തിയായിരിക്കും ചടങ്ങുകള്‍.നിരവധി യുവജനോത്സവങ്ങളില്‍ സദ്യയൊരുക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിയ്ക്കാണ് സദ്യയുടെ ചുമതല.

INDIANEWS24.COM Wayanad

Leave a Reply