jio 800x100
jio 800x100
728-pixel-x-90
<< >>

മന്ത്രി ജയലക്ഷ്മിയുടെ വിവാഹം ഞായറാഴ്ച്ച; ആഘോഷങ്ങള്‍ക്കൊപ്പം പരമ്പരാഗത ആചാരങ്ങളും

കല്പറ്റ: മന്ത്രിക്കസേരിയില്‍ ഇരുന്നുകൊണ്ട് കതിര്‍മണ്ഡപത്തിലെത്തുന്ന സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗ,യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയുടെ വിവാഹത്തിന് കതിര്‍മണ്ഡപമൊരുങ്ങുകയാണ്.നാടും വീടും കല്യാണത്തിനൊരുങ്ങുമ്പോള്‍ ആഘോഷത്തിനൊപ്പം ആചാരങ്ങള്‍ക്ക് കുറവുണ്ടാകില്ലെന്നാണ് അറിയുന്നത്.

പാടാനറിയണം, അമ്പെയ്ത്ത് അറിയണം, ഓലക്കുട കെട്ടണം, മുളകൊണ്ട് ഓലമെടയണം വയല്‍ പണി ചെയ്യണം.പാരമ്പര്യ ആചാര പ്രകാരമുള്ള ചടങ്ങുകളില്‍ വരനു വേണ്ട യോഗ്യതയുടെ പട്ടികയാണ് ഇത്.ഈ പറഞ്ഞ യോഗ്യതയുള്ളവര്‍ക്കേ ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശി രാജയ്‌ക്കൊപ്പം നിന്ന് പോരടിച്ച കുറിച്യന്‍മാരുട പരമ്പരക്കാര്‍ പെണ്ണുകൊടുക്കൂ.ജയലക്ഷ്മി ജനിച്ച കുറിച്യ പരമ്പരയ്ക്കിടയില്‍ ഇത്തരം ആചാരങ്ങള്‍ ഇന്നും മുടക്കമില്ലാതെ നടന്നുപോകുന്നു.പാലോട് തറവാട്ടില്‍ കുഞ്ഞാമന്റെയും അമ്മിണിയുടെയും ആറു മക്കളില്‍ മൂത്തയാളാണ് ജയലക്ഷ്മിക്ക് വരനായി എത്തുന്നത്‌ കമ്പളക്കാട് ചെറുവടിയില്‍ പരേതനായ അണ്ണന്റെയും ലീലയുടെയും മകന്‍ സി എ അനില്‍കുമാര്‍ ആണ്.യുവ കര്‍ഷകനാണ്.മെയ് പത്തിന് രാവിലെ 9.15 നും 10.15നും ഇടയിലാണ് ശുഭമുഹൂര്‍ത്തം.

മന്ത്രി ജയലക്ഷ്മിക്ക് അനില്‍കുമാറിന്റെ പത്‌നിയാകാന്‍ പാരമ്പര്യ പ്രകാരമുള്ള ചടങ്ങുകള്‍ നിരവധി.തറവാടിന്റെ കാരണവര്‍ സ്ഥാനം ഇപ്പോഴും ജയലക്ഷ്മിയുടെ അച്ഛന്‍ കുഞ്ഞാമനില്‍ തന്നെയാണ്. തറവാട്ടുകാരണവന്മാര്‍ ചേര്‍ന്ന് നാണയം വച്ച് തറവാട്ട് മുനിമാരെ പ്രീതിപ്പെടുത്തി കാര്യങ്ങള്‍ നിശ്ചയിക്കും. കുറ്റങ്ങളും പോരായ്മകളും പരിഹരിക്കുകയെന്നതാണ് തറവാട്ടുകാരണവന്മാരുടെ ഈ കൂടിച്ചേരലില്‍ രൂപപ്പെടുന്നത്. വിധി പ്രകാരമായിരിക്കും തറവാട്ടിലെ കല്യാണക്കാര്യവും നടക്കുക. വിധി മാനിച്ചില്ലെങ്കില്‍ ദൈവം കോപിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് ചടങ്ങുകള്‍ ഇപ്പോഴും രഹസ്യം തന്നെ.

പാലോട് തറവാടുമായി ബന്ധപ്പെട്ട മറ്റ് തറവാട്ടുകാരുമായി ചേര്‍ന്നാണ് കല്യാണ ചടങ്ങുകള്‍ നടക്കുക. വയ്ക്കുന്ന പ്രകാരമായിരിക്കും കാര്യങ്ങള്‍ നീക്കുക.വരന്റെ വീട്ടില്‍ നിന്ന് മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും നേരത്തെ തന്നെ വധൂഗൃഹത്തില്‍ എത്തും.ഇവരാണ് പെണ്ണിനെ ഇറക്കിക്കൊണ്ട് പോകാന്‍ വരുന്നവര്‍.പണ്ടൊന്നും കുറിച്യര്‍ക്കിടയില്‍ താലികെട്ടും മോതിരം കൈമാറല്‍ ചടങ്ങുകളും ഇല്ലായിരുന്നു. എന്നാല്‍, കാലംമാറിയതോടെ ചടങ്ങുകളിലും ചില മാറ്റങ്ങളൊക്കെ വന്നു.പക്ഷെ കുലദൈവങ്ങളെ ഭയമുള്ളതുകൊണ്ട് ചടങ്ങുകള്‍ പലതും ഇപ്പോഴും രഹസ്യമായി തറവാടുകളില്‍ നടക്കുന്നുണ്ട്. അല്ലെങ്കില്‍ നികല്‍ (ആത്മാവ് )കോപിക്കുമെന്നും അത് പല ദുരന്തങ്ങള്‍ക്കും കാരണമാകുമെന്നുമാണ് വിശ്വാസം.

ജയലക്ഷ്മിയുടെ കാര്യത്തില്‍ എന്തെല്ലാം ചടങ്ങുകളാണ് നടക്കുകയെന്ന് ഇപ്പോഴും വ്യക്തമല്ല. ഏത് കുലത്തില്‍ നിന്നാണോ എടുക്കുന്നത് അവരുമായി ഒരു കരാറാണ് കൈക്കാരന്റെ സാന്നിദ്ധ്യത്തില്‍ പെണ്ണിനെ കൊടുക്കുന്നവര്‍ നടത്തുന്നത്. കുറിവെച്ച് നാള്‍ നിശ്ചയിച്ചുകൊണ്ടുള്ളതാണ് പെണ്ണിനെ കൊടുക്കല്‍ ചടങ്ങ്. കുലമര്യാദകള്‍ അപ്പടി പാലിക്കണം. മുണ്ടും തുണിയുമായിട്ടായിരിക്കും വരന്റെ ആളുകളുടെ വരവ്. ചിലപ്പോള്‍ പൊന്നിന്റെ വളയും പട്ടും അരയില്‍ കെട്ടാനും ഒക്കെ ഉണ്ടാകും. ദൈവങ്ങളെ മുന്‍നിര്‍ത്തിയാണ് പെണ്ണിനെ ഇറക്കല്‍ ചടങ്ങ്. പണ്ടൊക്കെ സന്ധ്യാ വിളക്കിന് മുമ്പായി വരന്‍ പെണ്ണിനെയും കൊണ്ട് കുലത്തില്‍ കയറണമെന്നാണ് ചട്ടം. വധു സന്ധ്യാദീപം തൊഴുത് വീട്ടില്‍ കയറണം. അതാണ് ഐശ്വര്യം. പെണ്ണിനെ ഇറക്കുമ്പോഴും വരന്റെ വീട്ടില്‍ കയറ്റുമ്പോഴും സദ്യ നിര്‍ബന്ധം.

മന്ത്രി വിവാഹത്തിന് നാടായ നാട്ടില്‍ നിന്നൊക്കെ ജനങ്ങളെത്തും. 10,000ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാര്‍ മുതല്‍ വി.വി.ഐ.പികള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും. മന്ത്രിമാര്‍ മുതല്‍ എം.എല്‍.എമാരുടെ വരെ നീണ്ട നിര. വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പതിനായിരത്തിലധികം പേര്‍ക്ക് സദ്യയൊരുക്കി പ്രശസ്തനായ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് സദ്യയൊരുക്കുക. 600ഓളം പേര്‍ക്ക് ഒരേസമയം ഇരുന്ന് സദ്യ കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

INDIANEWS24.COM Kalpatta

 

Leave a Reply