കൊച്ചി:കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെ സി ജോസഫിനെതിരെ ഹൈക്കോടതി കേസെടുത്തു.ഹൈക്കോടതി ജഡ്ജിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് കേസ്.ഈ മാസം 16ന് കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.ഇതോടെ യു ഡി എഫ് മന്ത്രിസഭയില്‍ നിന്നും പ്രതിക്കൂട്ടിലെത്തുന്ന മന്ത്രിമാരുടെ എണ്ണം ഒന്നുകൂടി വര്‍ദ്ധിച്ചു.
കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്പദമായ പോസ്റ്റ് മന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.ഹൈക്കോടതി ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിനെതിരെ ‘ചായത്തൊട്ടിയില്‍ വീണ രാജാവായ കുറുക്കന് ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമോ’ എന്നായിരുന്നു മന്ത്രിയുടെ കുറിപ്പിലെ പരാമര്‍ശം.അഡ്വക്കേറ്റ് ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തിയ രൂക്ഷവിമര്ശത്തെത്തുടര്ന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത എ ജി ഓഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റീസ് വിമര്‍ശിച്ചിരുന്നു.
സംഭവം വിവാദമായതോടെ മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.എങ്കിലും മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി എം എല്‍ എ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇത്രയും നാള് ഹര്ജിക്കാരന് നേരിട്ട് ഹാജരാകുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി എ ജി കേസ് വൈകിപ്പിക്കുകയായിരുന്നു.പരാതിക്കാരന് ഹാജരായില്ലെങ്കിലും നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
INDIANEWS24.COM Kochi