728-pixel-x-90-2-learn
728-pixel-x-90
<< >>

മന്ത്രിസഭ സരിതമയം

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിതാനായരുമായി ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും എം. എൽ. എ മാരും കോൺഗ്രസ് നേതാക്കളും ഫോണിൽ ബന്ധപ്പട്ടതിന്റെ കൂടുതൽ രേഖകൾ പുറത്ത് വന്നതോടെ സർക്കാരിനെ ചുഴറ്റിയടിക്കുന്ന സ്ഫോടനാത്മകമായ സ്ഥിതിയായി.
മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, എ. പി. അനിൽകുമാർ, ആര്യാടൻ മുഹമ്മദ് എന്നിവർ സരിതയുടെ ഫോണിലേക്കും സരിത തിരിച്ചും വിളിച്ചതിന്റെ രേഖകളും പുറത്ത് വന്നു.

ഭരണകക്ഷികളിൽ സരിത വിളിക്കാത്ത ചുരുക്കം പേരെ ഉള്ളൂ എന്ന സ്ഥിതിയാണ്. ഒരു വർഷത്തിനിടെ സരിത വിളിച്ച 41,000 ത്തോളം കാളുകളിൽ കൂടുതലും ഭരണവുമായി അടുത്ത് ബന്ധം പുലർത്തുന്നവരുമായിട്ടാണ്. ഫോൺ വിളിയുടെ രേഖകൾ കൂട്ടത്തോടെ പുറത്ത് വന്നത് ഭരണമുന്നണിയിൽ ആകെ കൂട്ടക്കുഴപ്പമുണ്ടാക്കിയിരിക്കയാണ്.
മന്ത്രി തിരുവ‌ഞ്ചൂർ രാധാകൃഷ്ണന്റെ ഫോണിൽ നിന്ന് മേയ് 23-ന് ഉച്ചയ്‌ക്ക് 1. 49 ന് 19 സെക്കൻഡ് ദൈർഘ്യമുള്ള കാൾ സരിതയുടെ ഫോണിലേക്ക് പോയിട്ടുണ്ട്. അതിന് മുന്പ് സരിതയുടെ ഫോണിൽ നിന്ന് തിരുവഞ്ചൂരിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു.
മന്ത്രിമാരായ എ. പി. അനിൽകുമാർ,ഷിബു ബേബിജോൺ, ആര്യാടൻ മുഹമ്മദ്, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ് കേന്ദ്രമന്ത്രി കെ. സി. വേണുഗോപാൽ എന്നിവരെ നിരവധി തവണ സരിത വിളിച്ചിട്ടുണ്ട്. മലയാളിയല്ലാത്ത ഒരു കേന്ദ്രമന്ത്രിയും സരിത വിളിച്ചവരുടെ പട്ടികയിലുണ്ട്. കെ. സി. വേണുഗോപാൽ തിരികെ വിളിച്ചിട്ടുണ്ട്. മന്ത്രിമാരായ അ‌ടൂർ പ്രകാശും അനിൽകുമാറും ഔദ്യോഗിക മൊബൈൽ ഫോണിൽ നിന്നാണ് വിളിച്ചത്.

കെ. പി. സി. സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാന്‍, ഹൈബി ഈഡൻ, ഷാഫി പറന്പിൽ, കേരള കോൺഗ്രസ് നേതാവ് ആർ. ബാലകൃഷ്ണപിള്ള, ജോസ് കെ. മാണി എം. പി, മുന്‍മന്ത്രിമാരായ കെ. ബി. ഗണേശ്കുമാർ, മോന്‍സ് ജോസഫ്, കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്‌മാന്‍, ടി.സിദ്ദിഖ്, എന്നിവരും സരിത വിളിച്ചവരിൽ ഉള്‍പ്പെടുന്നു. ഇതില്‍ പലരും പലതവണ മിനിറ്റുകളോളം സംസാരിച്ചെന്നും രേഖകള്‍ തെളിയിക്കുന്നു. മോന്‍സ് ജോസഫ് 107 തവണയും ഹൈബി ഈഡന്‍ 19 തവണയും സരിതയുമായി സംസാരിച്ചു.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനും മന്ത്രി എ.പി. അനില്‍കുമാറിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി നസറുള്ളയും രമേശ് ചെന്നിത്തലയുടെ സെക്രട്ടറി പ്രദോഷും സരിതയെ പല തവണ വിളിച്ചെന്നും കാള്‍ ലിസ്റ്റില്‍ നിന്ന് വ്യക്തമാകുന്നു. രവീന്ദ്രനെ സരിത ഒൻപത് തവണ വിളിച്ചിട്ടുണ്ട്.
മന്ത്രി അനിൽകുമാർ സ്വന്തം ഫോണിൽ നിന്ന് സരിതയുടെ ഫോണിലേക്ക് നാല് തവണ വിളിച്ചപ്പോൾ വിശ്വസ്‌തനായ അഡിഷണൽ പ്രൈവറ്റ്‌ സെക്രട്ടറി നസറുള്ളയും സരിതയും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടത് ഇരുപത് തവണ. ഇതിൽ പത്ത് പ്രാവശ്യം മന്ത്രിയുടെ ഓഫീസ് ഫോണിൽ നിന്നാണ് സരിതയെ വിളിച്ചിട്ടുള്ളത്. പല കോളുകൾക്കും 400മുതൽ 650 സെക്കൻഡ് വരെ ദൈർഘ്യമുണ്ട്.

മന്ത്രി അടൂർ പ്രകാശ് ഒരു മാസത്തിനിടെ ഏഴ് തവണ സരിതയെ വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 21 മുതൽ മാർച്ച് 21വരെയുള്ള വിളികളാണിത്. ഫെബ്രുവരി 21 ന് മന്ത്രിയുടെ ഫോണിൽ നിന്നുള്ള കാളിന് 260 സെക്കൻഡ് ദൈർഘ്യമുണ്ട്. പിന്നീട് ഫെബ്രവുവരി 26, മാർച്ച് 15, 16, 21 തിയതികളിലും ഇരുവരും തമ്മിൽ സംസാരിച്ചു.
മുൻമന്ത്രി കെ. ബി. ഗണേശ്കുമാറാണ് സരിതയുമായി കൂടുതൽ സമയം സംസാരിച്ച മറ്റൊരാൾ. വളരെ സമയം നീണ്ട കാളുകളായിരുന്നു ഇവ. ഇരുവരും പലതവണ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിട്ടുണ്ട്. ഗണേശിന്റെ ഗൺമാൻ, ഡ്രൈവർ എന്നിവരും സരിത വിളിച്ചവരിൽപ്പെടുന്നു.

Leave a Reply