കുട്ടനാട് നിയോജക മണ്ഡലം എം എല്‍ എ ആയ തോമസ് ചാണ്ടി മന്ത്രിപദവിയിലിരുന്നത് ഏഴ് മാസവും 15 ദിവസവും മാത്രം. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നവംബര്‍ പതിനഞ്ചിന് ഉച്ചയോടെ രാജിവെക്കുകയും ചെയ്തിരിക്കുന്നു. നിയമസഭയില്‍ ഇടതു മുന്നണിയുടെ ഭാഗമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)ക്ക് രണ്ട് പ്രതിനിധികള്‍ മാത്രമാണുള്ളത്. തോമസ് ചാണ്ടിയും എ കെ ശശീന്ദ്രനും. ഫോണ്‍ കെണിയില്‍ കുടുങ്ങിയ ശശീന്ദ്രന് രാജിവെച്ചൊഴിയേണ്ടിവന്നതോടെയാണ് തോമസ് ചാണ്ടി മന്ത്രിയായത്.
മന്ത്രിപദവിയിലെത്തി പത്ത് ദിവസം തികയുമ്പോഴേക്കും തോമസ് ചാണ്ടിയുടെ മേല്‍ വിവാദങ്ങളും ഉയര്‍ന്നു തുടങ്ങി. എം പി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കി റോഡ് നിര്‍മ്മിച്ചതാണ് ആദ്യ സംഭവം. ഏക്കറുകണക്കിന് നെല്‍പ്പാടം നികത്തിയാണ് റോഡ് ടാര്‍ ചെയ്തതെന്ന് ആരോപണമുയര്‍ന്നു. പി ജെ കുര്യന്, കെ ഇ ഇസ്മായില്‍ എന്നീ എം പിമാരുടെ ഫണ്ടില്‍ നിന്നാണ് തുക ചിലവഴിച്ചത്. നിലംനികത്തിയത് കൂടാതെ റോഡ് നിര്‍മ്മാണത്തിനായി ടെണ്ടര്‍ ക്ഷണിച്ചില്ലെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി നിലംനികത്തിയതിനൊപ്പം കായല്‍ കയ്യേറിയ വാര്‍ത്തകളും വരാന്‍ തുടങ്ങി. ദേശീയ ജലപാതയുടെ ഭാഗമായി പുന്നമടക്കായലില്‍ രണ്ട് വര്‍ഷമായി ഡ്രഡ്ജ് ചെയ്ത മണ്ണ് നീക്കം ചെയ്യാതെ കായലോരത്ത് കൂട്ടിയിട്ട് നികത്തിയെടുക്കുകയായിരുന്നു. ഇതിനായി ഒരു സംഘം ഉദ്യോഗസ്ഥരും കൂട്ടു നിന്നതായും വിവരങ്ങള്‍ വെളിവായി.
കായല്‍ നികത്തലിന്റെ വിവരങ്ങള്‍ വരുന്നതിനിടെയാണ് കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കറുകണക്കിന് കൃഷിഭൂമി ചാണ്ടിയും മകനും ചേര്‍ന്ന് വാങ്ങിക്കൂട്ടി അനധികൃതമായി മണ്ണിട്ട് നികത്തിയ സംഭവം പുറത്തുവരുന്നത്. ഇതേ ചൊല്ലി തോമസ് ചാണ്ടിയുട പാര്‍ട്ടിയായ എന്‍ സി പിയില്‍ നിന്നടക്കം ചാണ്ടിക്കെതിരെ അഭിപ്രായങ്ങളുയര്‍ന്നു. മന്ത്രിപദവിയില്‍ നാലരമാസം തികയുമ്പോഴായിരുന്നു ഈ സംഭവ വികാസങ്ങള്‍ നടന്നുകൊണ്ടിരുന്നത്.
സംഭവം നിയമസഭയില്‍ ചര്‍ച്ചയായതോടെ ചാണ്ടി പ്രതിപക്ഷത്തെ ഒന്നടങ്കം വെല്ലുവിളിക്കുകയായി. അവിടെ വന്ന് ഭൂമിയെല്ലാം സന്ദര്‍ശിച്ച് ജില്ലാ കളക്ടറോ, ആര്‍ഡിഒയോ, തഹസില്‍ദാറോ, വില്ലേജ് ഓഫീസറോ ഒക്കെ കണ്ടിട്ട്, ഒരു സെന്റ് ഭൂമി താന്‍ കയ്യേറുകയോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മന്ത്രി സ്ഥാനമല്ല എം എല്‍ എ പദവിയില്‍ നിന്നു തന്നെ രാജിവെച്ച് പുറത്തുപോകാം എന്ന് പ്രഖ്യാപിച്ചു.
ഈ സംഭവവികാസങ്ങള്‍ക്കു പിന്നാലെ
തോമസ് ചാണ്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ള മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ കൃഷിനിലം മന്ത്രി കൈവശപ്പെടുത്തിയെന്ന ഭൂമി തട്ടിപ്പ് ആരോപണം ഉയര്‍ന്നത്. തോമസ് ചാണ്ടിക്കും പി വി അന്‍വറിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ആലപ്പുഴ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സെപ്തംബറില്‍ ആലപ്പുഴ ജില്ലാകളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് നല്കി. നഗരസഭയില്‍ നിന്ന് ഫയലുകള്‍ മുക്കിയ നാല് ഉദ്യോഗസ്ഥറെ സസ്പെന്‍ഡ് ചെയ്യാനായിരുന്നു തീരുമാനം. കൂടാതെ റിസോര്‍ട്ടിനുള്ള നികുതി ഇളവ് പിന്‍വലിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ ലാന്റ് ബോര്‍ഡ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്കി. കൂടാതെ കളക്ടറോട് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും മന്ത്രി ഇ ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഏഴിന് മാര്‍ത്താണ്ടം കായല്‍ കയ്യേറിയെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ സമയം ചാണ്ടി കായല്‍ ഡ്രഡ്ജ് ചെയ്ത മണ്ണ് നീക്കം ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടറുടെ അടുത്തെത്തി. ഇതേസമയം തന്നെയാണ് തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതും.
ഒടുവില്‍ ഒക്ടോബര്‍ 22ന് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് റെവന്യു വകുപ്പിന് കൈമാറി. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് റെവന്യു സെക്രട്ടറിക്ക് തോമസ് ചാണ്ടി കത്ത് നല്‍കിയെങ്കിലും നിയമനടപടി വേണമെന്ന് വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് നിലപാടെടുത്തു. ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ചു.
ഒക്ടോബര്‍ അവസാനത്തോടെ ആലപ്പുഴയിലെത്തിയ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിച്ച ജനജാഗ്രതയാത്രയില്‍ തോമസ് ചാണ്ടിയുടെ വെല്ലുവിളി ഉയര്‍ന്നു. കായല്‍ ഇനിയും നികത്തുമെന്നും തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ഒരന്വേഷണ സംഘത്തിനുമാകില്ലെന്നും ചാണ്ടി പ്രസംഗിച്ചു. മന്ത്രി പദവിയില്‍ ചാണ്ടി ഏഴ് മാസം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു ഈ പ്രസംഗം. പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി ഉയര്‍ന്നു.
അടുത്ത ദിവസം ചാണ്ടിക്കെതിരെ കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നവംബര്‍ എട്ടിന് ഹൈക്കോടതിയില്‍ കായല്‍ കയ്യേറ്റത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കോടതി വിമര്‍ശനങ്ങളുന്നയിച്ചു. മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ആരാഞ്ഞ ഡിവിഷന് ബെഞ്ച് പാവപ്പെട്ടവനാണ് കയ്യേറിയതെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേയെന്നും ചോദിച്ചു.
തൊട്ടടുത്ത ദിവസം മന്ത്രി തോമസ് ചാണ്ടി ആലപ്പുഴ ജില്ലാ കളക്ടറുടെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. നവംബര്‍ 14ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മന്ത്രി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയത് തെറ്റെന്നും, നിഷ്ക്കളങ്കനെങ്കില്‍ കളക്ടറുടെ മുന്നില്‍ തെളിയിക്കുകയാണ് വേണ്ടതെന്നും പറഞ്ഞുകൊണ്ട് ചാണ്ടിയുടെ ഹര്‍ജി കോടതി തള്ളി. മന്ത്രിയെ അയോഗ്യനാക്കേണ്ട സമയമെന്നും കോടതി നിരീക്ഷിച്ചു.
ഇന്ന് നവംബര്‍ 15, മന്ത്രി പദവിയില്‍ തോമസ് ചാണ്ടി കൃത്യം ഏഴരമാസം പൂര്‍ത്തിയാക്കിയ ദിവസം. മന്ത്രിസഭായോഗത്തിന് മുമ്പ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത ശേഷം എന്‍ സി പി സംസ്ഥാന നേതൃത്വവുമായുള്ള യോഗത്തില്‍ രാജിവെക്കാന്‍ താരുമാനമായി. രാജിക്കത്ത് എന്‍ സി പി നേതാവ് ടി പി പീതാംബരന് മാസ്റ്ററുകടെ പക്കല്‍ നല്കി മുഖ്യമന്ത്രിക്ക് കൊടുത്തയച്ചു. മന്ത്രി പദവിയില്‍ നിന്നും ഒഴിയാന്‍ തീരുമാനിച്ച ശേഷവും മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ എറണാകുളം വരെ യാത്ര ചെയ്ത് വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അവസാനമില്ലാതെ തോമസ് ചാണ്ടി തുടരുന്നു.
INDIANEWS24.COM T V P M