728-pixel-x-90-2-learn
728-pixel-x-90
<< >>

മനസിലാകുന്നില്ല മനോരമേ ഈ കണക്ക്

മഴക്കാലമായാല്‍ മാക്രികള്‍ ഇറങ്ങുന്നതുപോലെയാണ് തെരഞ്ഞെടുപ്പുകാലത്ത് സര്‍വേക്കാര്‍. ഇനി ജനം വോട്ട് ചെയ്യാന്‍ പോകേണ്ട, ജയിക്കേണ്ടവരെയും തോല്‍ക്കേണ്ടവരെയും ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം എന്ന മട്ടിലാണ് കാര്യങ്ങള്‍. ബിജെപി ജയിക്കുമെന്ന് ചിലര്‍. കോണ്‍ഗ്രസ് നേടുമെന്ന് മറ്റ് ചിലര്‍. ഇവര്‍ രണ്ടുമല്ല ഇനി മൂന്നാംമുന്നണി ഭരണമെന്ന് വേറെ ഒരു കൂട്ടര്‍.

സര്‍വേകളുടെ കുത്തൊഴുക്കിനിടയില്‍ ഒരെണ്ണം വേറിട്ടുനിന്നു. മലയാളമനോരമയ്ക്ക് സായിപ്പില്‍ പിറന്ന ദി വീക്കും സിഎന്‍എന്‍ – ഐബിഎന്നും സിഎസ്ഡിഎസും ചേര്‍ന്ന് നടത്തിയ സര്‍വേഫലം എല്‍ഡിഎഫുകാരുടെ കണ്ണുതള്ളിച്ചു. എല്‍ഡിഎഫ്കാരുടെ മാത്രമല്ല. പ്രൈമറി സ്കൂളില്‍ പോയി 20വരെയെങ്കിലും കൂട്ടാനും കുറയ്ക്കാനും പഠിച്ച മുഴുവന്‍ പേര്‍ക്കും കണ്ണുതള്ളിപ്പോകും ഈ സര്‍വേയുടെ ഫലം കണ്ടാല്‍.

കേരളത്തില്‍ യുഡിഎഫിന് 11 മുതല്‍ 17വരെ സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 4 മുതല്‍ 8 വരെ മാത്രം. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് സര്‍വേ ആണയിടുന്നുണ്ട്.

ഇനിയാണ് കണക്ക് പരിശോധിക്കേണ്ടത്. യുഡിഎഫിന് പരമാവധി കിട്ടുന്ന സീറ്റ് 17. അപ്പോള്‍ എല്‍ഡിഎഫിന് ഏറ്റവും കുറവ് സീറ്റായിരിക്കും കിട്ടുക എന്ന് നിശ്ചയം. സര്‍വേ പറയുന്നത് പ്രകാരം നാല്. 17+4=21.  കണക്കൊപ്പിക്കാന്‍ ഒരു സീറ്റ് അടുത്തുള്ള തമിഴ്നാട്ടില്‍നിന്ന് എടുക്കേണ്ടിവരും.

അവിടംകൊണ്ടും പ്രശ്നം തീരുന്നില്ല. യുഡിഎഫിന് കിട്ടുന്ന ഏറ്റവും കുറഞ്ഞ സീറ്റ് 11. അപ്പോള്‍ എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റായിരിക്കുമല്ലോ. അതായത് 8 സീറ്റ്. 11+8=19. നേരത്തെ തമിഴ്നാട്ടില്‍നിന്ന് ഇങ്ങോട്ട് മേടിച്ച സീറ്റ് തിരിച്ചുകൊടുത്ത്‌ പ്രശ്നം പരിഹരിക്കാമെന്നായിരിക്കും സര്‍വേക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്…!

സര്‍വേ നടത്തിയത് മനോരമയുടെ പ്രസിദ്ധീകരണമായ ദി വീക് ആയതുകൊണ്ട് കണക്കില്‍ ചോദ്യമില്ല.

Leave a Reply