728-pixel-x-90-2-learn
728-pixel-x-90
<< >>

മധുര”പുലിമുരുക”രാജ !!

പുലിമുരുകന്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡ് ചിത്രത്തിനു ശേഷം എത്തുന്ന വൈശാഖ് സിനിമയ്ക്ക് പുലി മുരുകന്‍ ഫ്ലേവര്‍ ഉണ്ടാകുക സ്വാഭാവികം.പക്ഷെ  മോഹന്‍ലാലിനു പകരം മമ്മൂട്ടി എത്തി എന്നതൊഴിച്ചാല്‍ മധുര രാജയ്ക്ക് പുതുമകള്‍ ഒന്നുമില്ല. ജഗപതി ബാബുവിന്‍റെ പുലിമുരുകനിലെ ഡാഡി ഗിരിജ മധുരരാജയില്‍ നടേശന്‍ മുതലാളിയാകുന്നു,പീറ്റര്‍ ഹെയിന്‍ അതേ ആക്ഷന്‍ സീക്വന്‍സുകള്‍ ആവര്‍ത്തിക്കുന്നു,പ്രതികാരത്തിന്റെ ബില്‍ഡ് അപ്പ്‌ സ്റ്റോറി പോലും കോപ്പി ! പുലിമുരുകന്റെ ഭാര്യ കഥാപാത്രത്തിന്റെ വീറും ചീറ്റലും എന്തിനു കോസ്റ്റ്യൂം പോലും അനുശ്രീക്ക് മധുര രാജയില്‍ നല്‍കിയിട്ടുണ്ട്.അനിയന്‍ കഥാപാത്രവും തഥൈവ.ആകെയുള്ള വ്യത്യാസം പുലിക്ക് പകരം ഒരു കൂട്ടം വേട്ടപ്പട്ടികളെ അവതരിപ്പിച്ചു എന്നതാണ്.എന്തിനേറെ പറയുന്നു പുലിമുരുകനിലെ നമിതയ്ക്ക് പകരം നില്ക്കാന്‍ സാക്ഷാല്‍ സണ്ണി ലിയോണിനെ തന്നെ അവതരിപ്പിച്ചു പ്രേക്ഷകരെ “ഞെട്ടിപ്പിക്കുകയും” ചെയ്തു.മമ്മൂട്ടിയുടെ ഇംഗ്ലീഷ് കോമഡിയും നെടുമുടി വേണുവും വിജയരാഘവനും പോക്കിരി രാജയില്‍ നിന്നും പറിച്ചു നട്ടു.

പക്ഷെ ഒരു എന്റര്‍ടെയിനര്‍ പ്രതീക്ഷിച്ചെത്തുന്ന മമ്മൂട്ടി ആരാധകരെ ചിത്രം തൃപ്തിപ്പെടുത്തും.പോക്കിരി രാജയില്‍ നിന്നും മധുര രാജയിലെക്കുള്ള എട്ടു വര്‍ഷത്തിന്റെ ദൈര്‍ഘ്യം പ്രേക്ഷകര്‍ക്ക് അനുഭവപ്പെടാതെ രാജയെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചു.കൂടാതെ മിനിസ്റ്റര്‍ രാജയായി മമ്മൂട്ടി ഉടനെത്തും എന്ന സൂചന നല്‍കിയാണ്‌ വിശാഖും ഉദയകൃഷ്ണയും ചിത്രം അവസാനിപ്പിക്കുന്നത്.ചിത്രം സാമ്പത്തിക വിജയമാകുമെന്നാണ് ട്രേഡ് പണ്ഡിറ്റുകള്‍ പ്രവചിക്കുന്നത്.മികച്ച ഇനിഷ്യല്‍ നേടിയ ചിത്രം ഇപ്പോഴും പ്രധാന പ്രദര്‍ശനശാലകളില്‍ തുടരുന്നുണ്ട്.വിഷുവിനു മുമ്പെത്തി വമ്പന്‍ വിജയം നേടിയ ലൂസിഫറും ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥയും പാര്‍വതിയുടെ ഉയരെയുമാണ് മധുര രാജയുടെ പ്രധാന വെല്ലുവിളികള്‍.

എട്ട് വര്‍ഷങ്ങള്‍ക്ക്  ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിച്ച മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന പ്രത്യകത പേറുന്നു എന്നാണു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.കേരളത്തിലെയും തമിഴ് നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളായാണ് ചിത്രീകരണം നടന്നത്.മമ്മൂട്ടിയ്ക്കും ജഗപതി ബാബുവിനും തമിഴ് യുവ നടന്‍ ജയ് എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോള്‍ഗാട്ടി, ബിജുക്കുട്ടൻ, സിദ്ധിഖ്, എം ആര്‍ ഗോപകുമാർ, കൈലാഷ്,നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന മധുരരാജയുടെ വിതരണം യുകെ സ്റ്റുഡിയോസ് ആണ്.

ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ദീന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

INDIANEWS24 MOVIE DESK

Leave a Reply