jio 800x100
jio 800x100
728-pixel-x-90
<< >>

മധുരഗീതം അഞ്ഞൂറിന്‍റെ നിറവില്‍

കാനഡയിലെ ഏക മലയാളം റേഡിയോ പരിപാടിയായ ‘മധുരഗീതം’ ശനിയാഴ്ച സിഎംആര്‍ 101.3 എഫ്എമ്മില്‍ പ്രക്ഷേപണത്തിന്‍റെ 500 ആഴ്ചകള്‍ പിന്നിടുന്നു. എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതല്‍ ഒന്നര മണിക്കൂര്‍ നേരമാണ് മധുരഗീതം പ്രക്ഷേപണം ചെയ്യുന്നത്. വിവിധ ഭാഷകളില്‍ റേഡിയോ പ്രക്ഷേപണത്തിന് അവസരമൊരുക്കുന്ന സിഎംആറില്‍ മലയാളഭാഷയ്ക്ക്‌ ആദ്യമായി അവസരം ലഭിച്ചത് 2004ലായിരുന്നു.

2004ലെ ചിങ്ങമാസത്തില്‍ ആഴ്ചയില്‍ അര മണിക്കൂര്‍വെച്ച് പ്രക്ഷേപണം തുടങ്ങിയ മധുരഗീതം ഈ പത്താം വര്‍ഷത്തില്‍ ഒന്നരമണിക്കൂറുള്ള തല്‍സമയപരിപാടിയായി വളര്‍ന്നിരിക്കുന്നു. ഇതിനകം കനേഡിയന്‍ മലയാളിയുടെ വാരാന്ത്യശീലമായി മധുരഗീതം മാറിക്കഴിഞ്ഞു.

മധുരഗീതത്തിന്‍റെ ഈ വിജയത്തിന് പിന്നില്‍ ഒരുപറ്റം മാധ്യമപ്രവര്‍ത്തകരുടെ നിതാന്ത സമര്‍പ്പണമുണ്ട്. പ്രൊഡ്യൂസര്‍ വിജയ്‌ സേതുമാധവന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ മൃദുല മേനോന്‍, ആര്‍ ജെ സ്വരൂപ്‌ നായര്‍, കേരള കറസ്പോണ്ടന്റ് ലാല്‍ അനന്തപുരി എന്നിവരാണ് മധുരഗീതത്തിന്‍റെ അണിയറശില്‍പികള്‍. മധുരഗീതത്തിന്‍റെ വെബ്സൈറ്റ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടുകളും സജീവമാണ്.

പിന്നിട്ട 10 വര്‍ഷത്തിനിടെ ശ്രോതാക്കളുടെ മനസ്സില്‍ ഇടംനേടിയ നിരവധി പരിപാടികളും പരമ്പരകളും മധുരഗീതം അണിയിച്ചൊരുക്കി. ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ സമഗ്രഭംഗി വിളമ്പുന്ന ‘നമ്മുടെ കേരളം’ മികച്ച പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ‘വായനശാല’ സിനിമാവിശേഷങ്ങള്‍ പകരുന്ന ‘ബോക്സ് ഓഫീസ്’, അനശ്വര മലയാളചിത്രങ്ങളെ അവതരിപ്പിക്കുന്ന ‘മൈല്‍സ്റ്റോണ്‍ മൂവീസ്’, കേരളത്തില്‍ റിക്കോര്‍ഡ് ചെയ്ത് പ്രക്ഷേപണം ചെയ്യുന്ന ‘അനന്തവൃത്താന്തം’, വിവിധ വിഷയങ്ങളെ ആധാരമാക്കി നിര്‍മിക്കുന്ന ഡോക്യുമെന്‍ററികള്‍, ചരിത്രത്തില്‍ ഈ ദിവസം, ലേഡീസ് സ്പെഷ്യല്‍, ആരോഗ്യം, സ്റ്റാര്‍ ഓഫ് ദി വീക്ക്, കേരളവാര്‍ത്തകള്‍, ലോകവാര്‍ത്തകള്‍, കാനഡയിലെ പരിപാടികളെക്കുറിച്ച് അറിയിപ്പ് നല്‍കുന്ന കമ്മ്യൂണിറ്റി ന്യൂസ്‌, പഴയതും പുതിയതുമായ ഗാനങ്ങള്‍ എന്നിവ മധുരഗീതത്തിന്‍റെ വിഭവങ്ങളില്‍ ചിലത് മാത്രമാണ്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍ ഇടയ്ക്ക് പ്രക്ഷേപണം ചെയ്യാറുണ്ട്.

ഓണം, വിഷു, ക്രിസ്മസ്, ഈദ് തുടങ്ങിയ ഉത്സവദിവസങ്ങള്‍ ശ്രോതാക്കള്‍ക്കൊപ്പം ആഘോഷമാക്കാനും മധുരഗീതം മറക്കാറില്ല. കേരളത്തിലും ഇന്ത്യയിലും ലോകത്തും നടക്കുന്ന ആനുകാലികസംഭവങ്ങളെ ഓരോ പരിപാടിയിലും വിശകലനം ചെയ്യാനും ശ്രദ്ധിക്കുന്നു.

കാനഡയിലെ മലയാളിസംഘടനകളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാനും അഭിവൃദ്ധിപ്പെടുത്താനും മധുരഗീതം മുന്നില്‍ നില്‍ക്കുന്നു. ഡല്‍ഹി കൂട്ടമാനഭംഗം, കാനഡയിലെ വംശീയ അതിക്രമങ്ങള്‍ എന്നിവയ്ക്കെതിരെ കൂട്ടായ്മയൊരുക്കി പ്രതികരിച്ച മധുരഗീതം 2004ല്‍ കേരള മുഖ്യമന്ത്രിയുടെ സുനാമി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വരൂപിച്ച് നല്‍കി സാമൂഹ്യപ്രതിബദ്ധതയും തെളിയിച്ചു.

കനേഡിയന്‍ മലയാളികള്‍ക്ക് മലയാളനാടിന്‍റെയും ശ്രേഷ്ഠഭാഷയുടെയും മുഗ്ദ്ധസൗന്ദര്യം പകര്‍ന്നുനല്‍കുന്ന മധുരഗീതം പുതുതലമുറയ്ക്ക് വഴികാട്ടിയുമാകുന്നു. കേരളീയസംസ്കാരവും മലയാളഭാഷാമധുരവും പുതുതലമുറയ്ക്ക് പകരുന്ന മധുരഗീതം അവരുടെ സര്‍ഗ്ഗ-സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കാനും വേദിയൊരുക്കുന്നു. മധുരഗീതം സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ യുവതലമുറ ആവേശപൂര്‍വമാണ് പങ്കെടുക്കുന്നത്. മധുരഗീതത്തിന്‍റെ ഈ വിജയയാത്രയ്ക്ക് ഊര്‍ജം പകരുന്നവരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്പോണ്‍സര്‍മാര്‍ ഉണ്ട്.

30 മിനിറ്റില്‍ തുടങ്ങി 90 മിനിറ്റില്‍ തല്‍സമയപ്രക്ഷേപണത്തില്‍ എത്തിനില്‍ക്കുന്ന മധുരഗീതം വളര്‍ച്ചയുടെ ഒരു ഘട്ടം പിന്നിടുകയാണ്. ഈ റേഡിയോപരിപാടിയെ നെഞ്ചോട് ചേര്‍ത്ത് പ്രേക്ഷകര്‍ നിലകൊള്ളുമ്പോള്‍ പ്രക്ഷേപണത്തിന്‍റെ ജൂബിലികള്‍ ഇനിയും ആഘോഷിക്കാന്‍ മധുരഗീതത്തിന് കഴിയുമെന്ന് തീര്‍ച്ച.

One Response to മധുരഗീതം അഞ്ഞൂറിന്‍റെ നിറവില്‍

  1. Jeraldi James Reply

    April 12, 2014 at 7:47 AM

    Amazing report… Congrats to Madhurageetham team.. :D

Leave a Reply