728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യശാലകള്‍ പൂട്ടുമെന്ന വിധിയില്‍ മാഹിക്ക് ഇളവില്ല

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന വിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി.കേന്ദ്രഭരണ പ്രദേശം പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലെ മദ്യശാലാ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍, ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ വരുന്ന മാര്‍ച്ച് 31ന് മുമ്പ് അടച്ചുപൂട്ടണമെന്നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.വിധിയില്‍ ഇളവ് നല്‍കണമെന്നും അല്ലെങ്കില്‍ അടച്ചുപൂട്ടാന്‍ ഒരുവര്‍ഷത്തെ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാഹിയിലെ മദ്യശാല ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വിധി നടപ്പാക്കുന്ന കാര്യത്തില്‍ ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഏതെങ്കിലും ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ മറ്റുള്ളവരും ഇതേ ആവശ്യവുമായി രംഗത്തുവരുമെന്ന് വ്യക്തമാക്കി. വിധിയില്‍ മദ്യവില്പന എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് ബാറുകള്‍ക്ക് ബാധകമാണോ എന്നതില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയിലെയും മഹാരാഷ്ട്രയിലെയും ബാറുടമകള്‍ അപേക്ഷ നല്‍കിയിരുന്നു. വിഷയം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബാറുടമകള്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അവര്‍ വിഷയം ഉന്നയിച്ചില്ല. ഇതോടെ കോടതി വിധി ബാറുകള്‍ക്ക് ബാധകമാകുമോ എന്നതിലെ അവ്യക്തതയും നിലനില്‍ക്കുന്നുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply