728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യശാലകള്‍ക്കായി സംസ്ഥാനപാതകളുടെ പദവിമാറ്റാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന മദ്യശാലകളില്‍ നിന്നുള്ള വരുമാനനഷ്ടം കണക്കിലെടുത്ത് സംസ്ഥാന പാതകളുടെ പദവിമാറ്റുന്ന ഡീ നോട്ടിഫൈ നടപടിക്കായി സര്‍ക്കാര്‍ തീരുമാനം. നഗരസഭാ കോര്‍പ്പറേഷന്‍ പരിധികളിലുള്ള ബാറുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് നടപടി. ഇത് യാഥാര്‍ത്ഥ്യമായാല്‍ ബാറുകളടക്കം സംസ്ഥാനത്ത് 420 മദ്യശാലകള്‍ കൂടി വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും.

മദ്യമേഖലയിലെ തൊഴില്‍പ്രതിസന്ധി, വിനോദസഞ്ചാരരംഗത്തെ മാന്ദ്യം എന്നിവ കണക്കിലെടുത്താണ് പാതകള്‍ ഡീ നോട്ടിഫൈ ചെയ്യുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാന പാതകളുടെ പദവിമാറ്റാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ട്. സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ പാതകളുടെ പരിധിയില്‍ ഇളവുവരുത്തണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സംസ്ഥാന പാതകളുടെ പദവിമാറ്റുന്നതോടെ പത്ത് ബാറുകള്‍, 21 ബീവറേജസ് ഔട്ട്‌ലറ്റുകള്‍, 373 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, പത്ത് ക്ലബ്ബുകള്‍, 76 കള്ളുഷാപ്പുകള്‍ എന്നിവയടക്കം 420 മദ്യശാലകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 118 ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്.

ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ അകലത്തില്‍ മദ്യശാലകള്‍ പാടില്ലെന്ന കഴിഞ്ഞ ഡിസംബറിലുണ്ടായ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഈ വര്‍ഷം മാര്‍ച്ച് 31മുതല്‍ പലതിന്റേയും പ്രവര്‍ത്തനം നിര്‍ത്തിയത്‌. ഈ സാഹചര്യം മറികടക്കുന്നതിനാണ് ഡീ നോട്ടിഫൈ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

INDIANEWS24.COM T V P M

Leave a Reply