ചെന്നൈ: മദ്യലഹരിയില്‍ വ്യവസായി തന്റെ ഓഡിക്കാറിനു പകരം ഓടിച്ചുകൊണ്ടുപോയത് ആംബുലന്‍സ്. പ്രമുഖ വ്യവസായി മദ്യലഹരിയില്‍ തന്റെ സുഹൃത്തിന് പറ്റിയ പരിക്കുമായി ആശുപത്രിയിലെത്തിയ ശേഷം തിരിച്ചു പോകുമ്പോഴാണ് അബദ്ധം സംഭവിച്ചത്.
ചെന്നൈയിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്സ് ഏരിയയിലെ ആശുപത്രിയില്‍ തന്റെ സുഹൃത്തിനെ കൊണ്ടു വന്നതായിരുന്നു സഥലത്തെ പ്രമുഖ വ്യവസായി. തന്റെ ഔഡി കാറിലായിരുന്നു ഇയാള്‍ നിസാര പരിക്കുകളുള്ള സുഹൃത്തിനു ചികിത്സ തേടി എത്തിയത്. സുഹൃത്തിനെ ആശുപത്രിയില്‍ ഇറക്കിയ ശേഷം ഇയാള്‍ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അബദ്ധം. മദ്യലഹരിയില്‍ തന്റെ ഔഡി കാറിന് പകരം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഓംനി ആംബുലന്‍സിലേക്കാണ് ഇയാള്‍ കയറിയത്. തുടര്‍ന്ന് ഇയാള്‍ ആംബുലന്‍സുമായി വീട്ടിലേക്ക് പോകുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തും വരെ ഇയാള്‍ താന്‍ ഓടിക്കുന്നത് തന്റെ ഔഡി കാറല്ലെന്നും ഓംനി ആംബുലന്‍സാണെന്നും തിരിച്ചറിഞ്ഞില്ല.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആംബുലന്‍സ് കാണാനില്ലെന്ന കാര്യം ആശുപത്രി അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ആംബുലന്‍സിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ കാണാതായ ആംബുലസുമായി വ്യവസായിയുടെ ജീവനക്കാരന് ആശുപത്രിയിലെത്തി. മുതലാളിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നതായും ജീവനക്കാരന് പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേസിന്റെ കാര്യം സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ല.
INDIANEWS24.COM Chennai