728-pixel-x-90-2-learn
728-pixel-x-90
<< >>

മദ്യനയം എടുത്തുചാടിയുള്ള തീരുമാനം; മന്ത്രിസഭായോഗത്തില്‍ വിമര്‍ശം

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം സംസ്ഥാന മന്ത്രിസഭയോഗത്തില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ പലര്‍ക്കും അഭിപ്രായ ഭിന്നത. എടുത്തു ചാടിയുള്ള തീരുമാനമായിപ്പോയെന്ന വിമര്‍ശനം ഉയര്‍ന്നു. എന്നാലും സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായില്ല.

സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന കാഴ്ച്ചപ്പാടിന് തങ്ങളാരും എതിരല്ലെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപനമിറക്കും മുമ്പ് എല്ലാ വശങ്ങളും ആലോചിക്കേണ്ടതായിരുന്നുവെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന് അബ്കാരി നയം പ്രഖ്യാപിക്കുമ്പോള്‍ എല്ലാവശങ്ങളും ചര്‍ച്ചചെയ്യാനാണ് തീരുമാനം.

നടപടിക്രമങ്ങളില്‍ പ്രായോഗികമല്ലാത്ത സമീപനം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. 7500 കോടി രൂപയുടെ വരുമാന നഷ്ടത്തിന് ഇനി താനാണ് ഉത്തരവാദിയെന്ന് ആരും പറയില്ലല്ലോ എന്നായിരുന്നു ധനകാര്യമന്ത്രി കെ.എം.മാണിയുടെ പ്രതികരണം. പുതിയ നയം ടൂറിസം മേഖലയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ പറ്റി മന്ത്രി എ.പി.അനില്‍കുമാര്‍ വിശദീകരിച്ചു. തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ ഫലപ്രദമായ ഇടപെടലുണ്ടാകണമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

യു ഡി എഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോല്‍ മന്ത്രിമാരെല്ലാം മൗനം പാലിക്കുകയായിരുന്നുവെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പരാതിപ്പെട്ടു. ഇതിനിടെ ബിയര്‍ പാര്‍ലര്‍ കൂടി പൂട്ടിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

INDIANEWS24 Kerala

Leave a Reply