728-pixel-x-90-2-learn
728-pixel-x-90
<< >>

മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തില്‍ ഏകതയുടെ പുതിയ അധ്യായം രചിച്ച് ഇരയും വേട്ടക്കാരനും

ഇരയുടെയും വേട്ടക്കാരന്റെയും അപൂര്‍വ്വ സംഗമത്തിന് കണ്ണൂര്‍ തളിപ്പറമ്പ് സാക്ഷിയായി. ഗുജറാത്ത് കലാപത്തിന്റെ പ്രതീകമായ  കുത്തുബുദ്ദീന്‍ അന്‍സാരിയും ആക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ അശോക്​ മോച്ചിയുമാണ് 12 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരേ വേദിയില്‍ ഒന്നിച്ചത്​. ഗുജറാത്ത് കലാപത്തിന്റെ രൗദ്രത ലോകത്തോടു വിളിച്ചു പറഞ്ഞ രണ്ട് മുഖങ്ങളായിരുന്നു അന്‍സാരിയുടെയും അശോക്​ മോച്ചിയുടേതും.ഒടുവില്‍ ഇരയും വേട്ടക്കാരനും മുഖാമുഖം കണ്ടു മുട്ടിയപ്പോള്‍ കലാപ ഭൂമിയില്‍ ഇരയും വേട്ടക്കാരനുമില്ല അവിടെ ഇരകള്‍ മാത്രമേ ഉളളൂവെന്ന് എന്ന സത്യം അവര്‍ തിരിച്ചറിയുകയായിരുന്നു.അശോക് മോച്ചി കൈയിലുണ്ടായിരുന്ന കുപ്പിയില്‍നിന്ന് അല്‍പം വെള്ളം കുത്തുബ്ദീന്‍ അന്‍സാരിക്ക് പകര്‍ന്നു. ദാഹനീര്‍ കുടിച്ചിറക്കുമ്പോള്‍ അന്‍സാരി കൈയിലെ പനിനീര്‍പ്പൂ മോച്ചിക്ക് കൈമാറി.

ansari and ashok mochi 18 സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് സി പി എം നേതൃത്വത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച “ഗുജറാത്ത് വംശഹത്യയുടെ വ്യാഴവട്ടം” സെമിനാറാണ് 12 വര്‍ഷം മുമ്പത്തെ ഗുജറാത്ത് കലാപത്തിന്റെ പ്രതീകങ്ങളായ “ഇരയും വേട്ടക്കാരനും” തമ്മിലുള്ള സംഗമം ഒരുക്കിയത്.കലാപഭൂമിയില്‍ ജീവനായി യാചിച്ച കൂപ്പുകൈയും കുന്തമേന്തിയ കൈകളും ഒരുമിച്ചപ്പോള്‍ വെറുപ്പിന്റെ തത്വശാസ്ത്രങ്ങള്‍ വഴിമാറി.”ആദ്യം, മനുഷ്യനെന്ന കടമ നിര്‍വഹിക്കുക. അതിനുശേഷം ഗീതയും ഖുര്‍ആനും തുറക്കുക” എന്ന കവിത ചൊല്ലിയാണ് അന്‍സാരി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

“”ഗുജറാത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന വികസനമില്ലെന്നതിന്റെ തെളിവാണ് ഞാനിന്നും അതേ തെരുവില്‍ ചെരുപ്പുകുത്തിയായി കഴിയുന്നത്. പണമില്ലാത്തതിനാല്‍ വിവാഹംപോലും കഴിച്ചില്ല””-മോച്ചി പറഞ്ഞു. “എന്നെ ഞാന്‍ തന്നെ കൊള്ളയടിച്ചു. പിന്നെ നിങ്ങള്‍ക്ക് എന്നെ എങ്ങനെയാണ് കൊള്ളയടിക്കാനാവുക” അന്‍സാരിയെ ചേര്‍ത്തുനിര്‍ത്തി അര്‍ഥഗര്‍ഭമായ കവിത ചൊല്ലി അശോക് മോച്ചി.

സെമിനാര്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി. സഹീദ് റൂമി രചിച്ച “ഞാന്‍ കുത്തുബ്ദീന്‍ അന്‍സാരി” എന്ന ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകം രക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ മക്കളായ കെ സത്യഭാമ, കോമള, റീത്ത, സുജാത എന്നിവര്‍ക്ക് നല്‍കി സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പ്രകാശനം ചെയ്തു.

മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തില്‍ ഏകതയുടെ പുതിയ അധ്യായമാണ് തുന്നല്‍ക്കാരനായ അന്‍സാരിയും ചെരുപ്പുകുത്തിയായ മോച്ചിയും തളിപ്പറമ്പില്‍ തുന്നിച്ചേര്‍ത്തത്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ പ്രകാശം ഭാരതമാകെ പരക്കും എന്ന സന്ദേശമാണ് സെമിനാര്‍ പ്രധാനമായും മുന്നോട്ട് വച്ചത്.

INDIANEWS24 KANNUR

Leave a Reply