728-pixel-x-90-2-learn
728-pixel-x-90
<< >>

മണിയുടെ മരണകാരണം സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും ഭാര്യ നിമ്മിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ബുധനാഴ്ച്ച ഉത്തരവിറങ്ങിയത്.കേസില്‍ സര്‍ക്കാര്‍ നേരത്തെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല.

സി ബി ഐ കേസില്‍ നിന്നും ഒഴിഞ്ഞുമാറിയത് ചൂണ്ടിക്കാട്ടി രാമകൃഷ്ണന്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.പിന്നീട് നിമ്മിയും ഇതില്‍ കക്ഷിചേര്‍ന്നു.കേസ് പരിഗണിച്ച ഹൈക്കോടതി ഒരു മാസത്തിനകം അന്വേഷണം ആരംഭിക്കാനാണ് സി ബി ഐക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.മണിയെപ്പോലെ പ്രശസ്താനായ ഒരാളുടെ മരണം സംബന്ധിച്ച് സംശയവും നിലനില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. ഉന്നതനായ കലാകാരന്റെ യഥാര്‍ഥ മരണകാരണം പുറത്തുവരണം, കോടതി പറഞ്ഞു.

സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും മരണം സ്വാഭാവികമാണോ അല്ലയോ എന്ന് പോലും വ്യക്തത വന്നിട്ടില്ല.എന്നാല്‍ വിഷാംശം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ പരിശോധനകളില്‍ നിന്നും വ്യക്തമാണ്.ഇക്കാരണത്താല്‍ തന്നെ സ്വാഭാവിക മരണമെന്ന് ഉറപ്പിക്കാനാകില്ല.പോലീസ് നടത്തിയ അന്വേഷണത്തില്‍ നേരത്തെ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മണിയുടെ പേഴ്‌സണല്‍ സ്റ്റാഫായ മൂന്ന് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.മണിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ അസുഖം മൂര്‍ച്ഛിച്ച സമയത്ത് കൂടെയുണ്ടായിരുന്നവരാണ് ഈ മൂന്ന് പേരും.

മണിയുടെ മരണം കരള്‍ രോഗത്തെ തുടര്‍ന്നാണെന്നും നിരവധി കേസുകള്‍ നിലവിലുള്ളതിനാല്‍ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നും വിശദമാക്കിയാണ് സി ബി ഐ സര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കളഞ്ഞത്.എന്നാല്‍ മരണകാരണത്തില്‍ വ്യക്തത വരുത്തണമെന്ന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി സി ബി ഐയുടെ വാദങ്ങള്‍ നിരാകരിച്ച് അന്വേഷണം ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്.

INDIANEWS24.COM Kochi

Leave a Reply