728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ഞുകാലം മടുപ്പിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍

ടൊറന്റോ: കാനഡയില്‍ ഈ മഞ്ഞുകാലം കഴിഞ്ഞ വര്‍ഷത്തെ ദുരിതനാളുകളുടെ ആവര്‍ത്തനമാകില്ലെന്ന് കാലാവസ്ഥാവിദഗ്ധര്‍. എന്‍വയേണ്‍മെന്‍റ് കാനഡ, അക്യു വെതര്‍ എന്നിവയിലെ ശാസ്ത്രജ്ഞരുടേതാണ് ഈ പ്രവചനം. കഴിഞ്ഞ തവണത്തേതുപോലെ കടുപ്പമാകും ഈ മഞ്ഞുകാലമെന്ന് ഫാര്‍മേഴ്സ് അല്‍മനാക് നേരത്തെ പ്രവചിച്ചിരുന്നു.

മഞ്ഞുകാലത്തെക്കുറിച്ച് എന്‍വയേണ്‍മെന്‍റ് കാനഡയുടെ ഔദ്യോഗികമായ പ്രവചനം ഡിസംബര്‍ ഒന്നിനേ വരൂ. എന്നാല്‍, ഇത്തവണ മഞ്ഞുകാലം കാര്യമായ ദുരിതം ഉണ്ടാക്കില്ലെന്നാണ്‌ സൂചനകളെന്ന് എന്‍വയേണ്‍മെന്‍റ് കാനഡയുടെ കാലാവസ്ഥാവിദഗ്ദ്ധരില്‍ ഒരാളായ ഡേവിഡ് ഫിലിപ്സ് പറയുന്നു.

ഇത്തവണയും ധ്രുവച്ചുഴലി രൂപപ്പെടുമെന്ന് അക്യുവെതര്‍ പ്രവചിക്കുന്നു. സാധാരണ ഉത്തരാര്‍ദ്ധഗോളത്തില്‍ സ്ഥിതി ചെയ്യുന്ന ധ്രുവച്ചുഴലികളില്‍ ഒന്ന് തെക്കന്‍ മേഖലയിലേക്ക് നീങ്ങിയതാണ് കഴിഞ്ഞ വര്‍ഷം ഒണ്ടാരിയോ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കടുത്ത ശൈത്യത്തിന് ഇടയാക്കിയത്. എന്നാല്‍, ഇത്തവണ ഇത് ആവര്‍ത്തിക്കാന്‍ ഇടയില്ലെന്ന് അക്യുവെതര്‍ പറയുന്നു.

ഒണ്ടാരിയോയില്‍ ഈ മഞ്ഞുകാലത്ത് താപനില ശരാശരിയോ ശരാശരിയില്‍ നിന്ന് ഒന്നോ രണ്ടോ ഡിഗ്രി മാത്രം താഴെയോ ആയിരിക്കുമെന്ന് അക്യുവെതര്‍ കാലാവസ്താവിദഗ്ധന്‍ ബ്രെറ്റ് ആന്‍ഡേഴ്സന്‍ പറയുന്നു. ടൊറന്റോയില്‍ ജനുവരിയിലെ ശരാശരി താപനില ഏറ്റവും കുറഞ്ഞത്‌ മൈനസ് 10ഉം കൂടിയത് 0 ഡിഗ്രിയുമാണ്.

പ്രയറീസിലും ഇതുതന്നെ ആയിരിക്കും അവസ്ഥ. എന്നാല്‍ അറ്റ്‌ലാന്റിക് കാനഡയില്‍ കൊടുംശൈത്യവും കടുത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടാമെന്ന് അദ്ദേഹം പ്രവചിക്കുന്നു. പടിഞ്ഞാറന്‍ കാനഡയില്‍ മഞ്ഞുകാലം ദുര്‍ബലമായിരിക്കും. ബ്രിട്ടീഷ് കൊളംബിയയില്‍ സീസന്റെ തുടക്കത്തില്‍ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകുമെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ താപനില മെച്ചപ്പെടുമെന്നാണ് ആന്‍ഡേഴ്സന്‍റെ കണക്കുകൂട്ടല്‍.

അതേസമയം ഈ മഞ്ഞുകാലത്ത് കൂടുതല്‍ കാറ്റിനുള്ള സാധ്യത എന്‍വയേണ്‍മെന്‍റ് കാനഡയും അക്യു വെതറും പ്രവചിക്കുന്നു.

Leave a Reply