കൊച്ചി : നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളിയുടെ കാത്തിരിപ്പിന് വിരാമമാകുന്നത്. മോഹന്‍ലാലിനും മഞ്ജുവിനും തുല്യ പ്രാധാന്യമുള്ള ചിത്രം നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് രഞ്ജിത്ത് അറിയിച്ചു.
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു നായികയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് മഞ്ജു വാര്യര്‍ കരാര്‍ ചെയ്യപ്പെട്ടത്. ജോഷിയുടെ പത്രം എന്ന ചിത്രമാണ് മഞ്ജുവിന്റെ തായി അവസാനം പുറത്തു വന്നത്. 1999 ലാണ് ചിത്രം റിലീസ് ചെയ്തത്. കേവലം ഇരുപതു ചിത്രങ്ങള്‍ കൊണ്ടാണ് ഈ അഭിനയ പ്രതിഭ മലയാള മനസ് കീഴടക്കിയത്. മോഹന്റെ സാക്ഷ്യം ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് വന്ന ലോഹിതദാസ് – സുന്ദര്‍ദാസ് ചിത്രം സല്ലാപമാണ് മഞ്ജുവിനെ ശ്രദ്ധേയയാക്കിയത്.
കന്മദം, കണ്ണെഴുതി പൊട്ടും തൊട്ട് , ദയ ,തൂവല്‍കൊട്ടാരം , പ്രണയ വര്‍ണ്ണങ്ങള്‍, കളിയാട്ടം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്,കളിവീട്, സല്ലാപം, പത്രം, ഇരട്ടക്കുട്ടികളുടെ അച്ചന്, സമ്മര്‍ ഇന്‍ ബെത് ലഹേം, ഈ പുഴയും കടന്ന്, ആറാം തമ്പുരാന് എന്നിവയാണ് മഞ്ജുവിന്റെ മികച്ച ചിത്രങ്ങള്‍. ഇതില്‍ ദയ ഒഴികെയുള്ള ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇരുപത് ചിത്രങ്ങളില്‍ പതിനാലും സൂപ്പര്‍ ഹിറ്റാക്കിയ മഞ്ജു മാജിക് ഇനിയും തുടരും എന്ന് തന്നെയാണ് പ്രേക്ഷകരും സിനിമാ ലോകവും വിലയിരുത്തുന്നത്. മോഹന്‍ലാലുമൊത്തുള്ള മൂന്ന് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. സുരേഷ്ഗോപി – ജയറാം എന്നിവരോത്ത് ആറു ചിത്രങ്ങളാണ് മഞ്ജുവിന്റെതായി പുറത്തു വന്നത്. നാല് ചിത്രങ്ങളില്‍ ദിലീപ് നായകനായി.
മുപ്പത്തിനാലുകാരിയായ മഞ്ജുവിന്റെ മടങ്ങി വരവ് മലയാളത്തിലെ മികച്ച സംവിധായകര്‍ക്കും മോഹന്‍ലാല്‍ – മമ്മൂട്ടി തുടങ്ങിയ പ്രതിഭകള്‍ക്കും മാറ്റ് കൂട്ടുമെന്ന് പ്രതീക്ഷിക്കാം. ഒരു പിടി മികച്ച ചലച്ചിത്രങ്ങളുടെ പിറവിക്കായി കാത്തിരിക്കാം.
SANU INDIA NEWS