jio 800x100
jio 800x100
728-pixel-x-90
<< >>

മങ്ങാത്ത ചുവന്ന നക്ഷത്രം

ഇന്ത്യന്‍ മണ്ണില്‍ ഉദിച്ച ഒരു ചുവന്ന നക്ഷത്രം കൂടി മാഞ്ഞു പോയിരിക്കുന്നു.ജീവിതം സമത്വ ചിന്തയ്ക്കു വേണ്ടി സമര്‍പ്പിച്ച അര്‍ധേന്ദു ഭൂഷന്‍ ബര്‍ദ്ധന്‍(91) കര്‍മ്മം കൊണ്ടു നടത്തിയ അടയാളപ്പെടുത്തലുകള്‍ ഒരിക്കലും ഒളിമങ്ങാതെ ജ്വലിച്ചു നില്‍ക്കും.ആ ജ്വാലയില്‍ നിന്നുതിര്‍ക്കുന്ന മിന്നലാട്ടങ്ങളിലൂടെയാകാം എ ബി ബര്‍ദ്ധന്‍ എന്ന സഖാവിനെ ചരിത്രം ഓര്‍മ്മിക്കുക.

രാജ്യത്തെ ട്രേഡ് യൂണിയന്‍ രംഗം ശക്തിപ്പെടുത്തുന്നതില്‍ ബര്‍ദ്ധന്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്.വിവിധ മേഖലകളിലായി ചിന്നിചിതറി കിടക്കുന്ന തൊഴിലാളികളെ ട്രേഡ് യൂണിയന്‍ എന്ന ഒരു കുടക്കീഴില്‍ അണി നിരത്ത് ശക്തിപ്പെടുത്തിയത് ഒട്ടും നിസ്സാരമല്ല.

ബര്‍ദ്ധന്റെ നഷ്ടത്തോടെ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവികൊണ്ട കാലഘട്ടത്തിലെ പ്രവര്‍ത്തകരുടെ നിര കൂടുതല്‍ ശോഷിച്ചുപോകുകയാണ്.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ആദ്യ ജനറേഷനില്‍ സ്ഥാനം പിടിച്ച അദ്ദേഹത്തിന്റെ സമര ജീവിതം ആരംഭിക്കുന്നത് സ്വാതന്ത്ര സമരകാലത്താണ് എ ഐ എസ് എഫ് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനുവേണ്ടി.1924 സെപ്റ്റംബര്‍ 25ന് ഹേമേന്ദ്രകുമാര്‍ ബര്‍ദ്ധന്റെ മകനായാണ് ജനനം.അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന ഇന്നത്തെ ബംഗ്ലാദേശിലെ കായലിനോട് ചേര്‍ന്നുള്ള ബരിസല്‍ എന്ന സ്ഥലത്ത് തന്റെ ആറാം വയസ്സുവരെ ജീവിച്ചു.പിന്നീട് നാഗ്പൂരിലേക്ക് താമസം മാറ്റി.അവിടെ നിന്നായിരുന്നു സ്വാതന്ത്ര്യമില്ലാത്ത നാടിനു വേണ്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ബര്‍ദ്ധന്‍ മുന്നോട്ടു പോയത്.

1989 ഫെബ്രുവരിയില്‍ ഭാര്യ പത്മാദേവിയുടെ വിയോഗത്തിനു ശേഷം ബര്‍ദ്ധന്റെ ജീവിതം സമ്പൂര്‍ണ്ണമായും പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ചു.അന്ന് മുതല്‍ സ്വന്തം വസതിപോലും പാര്‍ട്ടി ഓഫീസാക്കിമാറ്റി.കൂടുതല്‍ സമയവും വായനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.എത്രവായിച്ചാലും മതിവരാത്ത ശീലമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ സ്മരിക്കുന്നു.1994ലാണ് എ ഐ ടി യു സി ജനറല്‍ സെക്രട്ടറിയാകുന്നത്.1996ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല.12 ദിവസത്തെ ആയുസിന് ശേഷം അധികാരം ഒഴിയേണ്ടി വന്ന വാജ്‌പേയി സര്‍ക്കാരിന് പകരമായി ഐക്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്തു.അന്നത്തെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഇന്ദ്രജിത്ത് ഗുപ്ത ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്കെത്തിയത് ബര്‍ദ്ധനായിരുന്നു.പിന്നീട് ഇങ്ങോട്ട് നീണ്ട 16 വര്‍ഷം ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ശക്തിയേറുകയും ക്ഷയിക്കുകയും കാലഘട്ടത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിച്ചു.2004 പൊതുതെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ ഒരുമിക്കുന്നതിന് കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ആദ്യം തയ്യാറായ കൂട്ടത്തില്‍ സിപിഐക്കും പങ്കുണ്ട്.പിന്നീട് ഇന്ത്യ-അമേരിക്ക ആണവകരാറിനെ ചൊല്ലി ഇടത് പക്ഷം ഒന്നടങ്കം യു പി എയ്ക്കുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ ആദ്യ വിയോജിപ്പ് വന്നതും പാര്‍ട്ടി സെക്രട്ടറിയായിരുന്നു ബര്‍ദ്ധനില്‍ നിന്നായിരുന്നു.2012ല്‍ സുധാകര്‍ റഡ്ഢി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശേഷവും അവസാനകാലത്തെ പക്ഷാഘാതം പിടിപെടുംവരെ പാര്‍ട്ടിക്കുവേണ്ടി കര്‍മ്മനിരതനായി എ ബി ബര്‍ദ്ധന്‍ നിലകൊണ്ടു.

INDIANEWS24.COM NEWDELHI

Leave a Reply