jio 800x100
jio 800x100
728-pixel-x-90
<< >>

മകന് ജന്മം നല്‍കാനായി മരണംകാത്ത് ഒരമ്മ

വിക്ടോറിയ:  റൂബിന്‍ ബെന്‍സന്‍ ഈ മാസം ഒടുവില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കും.  അവള്‍ എത്രയോ സ്വപ്നം കണ്ട ദിവസം.  പക്ഷേ, സ്വന്തം രക്തത്തില്‍ പിറക്കുന്ന കുഞ്ഞിനെ റൂബിന്‍ ഒരിക്കലും കാണില്ല. അവന്‍റെ ജനനമെന്നാല്‍ അവളുടെ മരണമെന്നാണ് അര്‍ത്ഥം. ഒരു മാസത്തിലേറെയായി മസ്തിഷ്കമരണം സംഭവിച്ച് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ് ഈ മുപ്പത്തിരണ്ടുകാരി.

ലോകം ക്രിസ്മസിന്‍റെയും പുതുവത്സരത്തിന്‍റെയും ആഘോഷലഹരിയില്‍ മുങ്ങിനില്‍ക്കവേ ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ റൂബിനെ വിധി മരണത്തിനും ജീവിതത്തിനുമിടയിലെ ഇരുട്ടിലേക്ക് തള്ളിവിട്ടത്. ചെറിയൊരു തലവേദനയിലായിരുന്നു തുടക്കം. തൊട്ടടുത്ത മെഡിക്കല്‍ സ്റ്റോറില്‍ പോയി ഗുളിക വാങ്ങി തിരികെയെത്തിയ ഭര്‍ത്താവ് ഡൈലന്‍ ഹെലന്‍ കണ്ടത് കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന റൂബിനെയാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലച്ചോറിലെ ഞരമ്പ് പൊട്ടിയതായിരുന്നു കാരണം. റൂബിന് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.fetus

22 ആഴ്ച ഗര്‍ഭിണിയായിരുന്നു അപ്പോള്‍ റൂബിന്‍. അവളുടെ ഉദരത്തില്‍ വളരുന്ന ജീവനെ മരണത്തിന് വിട്ടുകൊടുക്കേണ്ടെന്ന് വൈദ്യശാസ്ത്രവും ഡൈലനും തീരുമാനിച്ചു. കുഞ്ഞിന് പൂര്‍ണവളര്‍ച്ചയെത്താന്‍ 34 ആഴ്ച വേണം. മസ്തിഷ്കം മരിച്ചെങ്കിലും അതുവരെ റൂബിന്‍റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തണം. ഉപകരണങ്ങളുടെ സഹായത്തോടെ അതിനുള്ള പരിശ്രമത്തിലാണ് വിക്ടോറിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.

കാത്തിരിപ്പ് ഈ മാസം ഒടുവില്‍ പൂര്‍ത്തിയാകും. പൂര്‍ണ ആരോഗ്യവാനാണ് അവനെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. സിസേറിയനിലൂടെയാകും കുഞ്ഞിനെ പുറത്തെടുക്കുക. അവന്‍ ജനിച്ച് ഏറെ വൈകാതെ റൂബിന്‍റെ ശരീരത്തിലെ തുടിപ്പുകള്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ ഡോക്ടര്‍മാര്‍ എടുത്തുമാറ്റും.

മകനെ കൈനീട്ടി വാങ്ങുമ്പോള്‍ ഭാര്യയെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരിക. അഗ്നിപരീക്ഷണത്തിന്‍റെ നാളുകളില്‍ ഡൈലന് താങ്ങായി സുഹൃത്തുക്കളും അയല്‍വാസികളും ഒപ്പമുണ്ട്. ഇനി തന്‍റെ സ്വപ്നം പിറക്കാനിരിക്കുന്ന മകനാണ് എന്ന് ഡൈലന്‍ പറയുന്നു. അവനുള്ള പേരും അച്ഛന്‍ കണ്ടുവെച്ചിട്ടുണ്ട്, ഐവര്‍ കോഹെന്‍ ബെന്‍സന്‍.

കുഞ്ഞിനെ സംരക്ഷിക്കാനും ഭാവിയില്‍ അവന്‍റെ വിദ്യാഭ്യാസത്തിനുമായി ഡൈലന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഫണ്ട് സമാഹാരിക്കുന്നുണ്ട്. 36000 ഡോളര്‍ ആയിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍തന്നെ അത് 90000 ഡോളര്‍ കഴിഞ്ഞു.

എന്നാല്‍, ഈ വാര്‍ത്തയെക്കുറിച്ച് ബ്രിട്ടീഷ് കൊളംബിയ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ, റൂബിന്‍ എന്ന പേരില്‍ ഒരു യുവതി വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലുണ്ടെന്ന് മന്ത്രാലയവക്താവ് സ്ഥിരീകരിച്ചു.

റൂബിന്‍റെ മരണവും ഐവറിന്‍റെ ജനനവും കാനഡയില്‍ പുതിയ ഒരു സംവാദത്തിനും തുടക്കമായേക്കും. ഭ്രൂണത്തിന് ജീവിക്കാനുള്ള അവകാശം ഉള്ളതായി കാനഡയിലെ നിയമം പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ റൂബിന്‍റെ മനസ് എന്തെന്നറിയാതെയുള്ള ഈ പ്രസവം ധാര്‍മികമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയേക്കാം. എന്നാല്‍, ഏതൊരമ്മയാണ് സ്വന്തം കുഞ്ഞിനു വേണ്ടി ത്യാഗം സഹിക്കാന്‍ തയ്യാറാകാതിരിക്കുക എന്നതാണ് മറുചോദ്യം.

അമേരിക്കയിലെ ടെക്സാസില്‍ സമാനമായ സംഭവം അടുത്തിടെ വാര്‍ത്ത‍യായിരുന്നു. മസ്തിഷ്കമരണം സംഭവിച്ച മെര്‍ലിസ് മുനോസ് എന്ന ഗര്‍ഭിണിയെ ബന്ധുക്കളുടെ താല്‍പര്യത്തിനു വിരുദ്ധമായി ആശുപത്രി അധികൃതര്‍ ഉപകരണങ്ങളുടെ സഹായത്തോടെ ഐസിയുവില്‍ സംരക്ഷിക്കുകയായിരുന്നു. 14 ആഴ്ച ഗര്‍ഭിണിയായിരുന്നു മെര്‍ലിസ്. എന്നാല്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ട പ്രകാരം, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കംചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

One Response to മകന് ജന്മം നല്‍കാനായി മരണംകാത്ത് ഒരമ്മ

  1. Ouseph Arimboor Reply

    March 22, 2014 at 6:43 AM

    We, as human beings, have to accept such a situation as the wish of the Almighty. However, since there is life in the womb and it can be saved, all efforts should be made to do so.

Leave a Reply