728-pixel-x-90-2-learn
728-pixel-x-90
<< >>

മംഗള്‍യാന്‍ സൗര ഭ്രമണപഥത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ ചൊവ്വയിലേക്ക് വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം ഭൂമിയുടെ സ്വാധീന വലയത്തില്‍ നിന്ന് പൂര്‍ണമായി മാറി സൗര ഭ്രമണപഥത്തില്‍ പ്രവേശിച്ചു. പുലര്‍ച്ചെ 1.54ഓടെയാണ് മംഗള്‍യാന്‍ പേടകം ഭൂമിയുടെ ഭ്രമണപഥം ഭേദിച്ചതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് 9.25 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ പേടകം. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന ബഹിരാകാശ ദൗത്യമായി ഇന്ത്യയുടെ മംഗള്‍യാന്‍.
ഡിസംബര്‍ ഒന്നിന് ചൊവ്വയിലേക്കുള്ള കുതിപ്പിനായി പേടകത്തിന്റെ ജ്വലന പ്രക്രിയ പ്രവര്‍ത്തിപ്പിച്ച് ഭ്രമണപഥം ഭേദിക്കുന്നതിനുള്ള വേഗത വര്‍ധിപ്പിച്ചിരുന്നു. സെക്കന്‍ഡില്‍ 648 മീറ്റര്‍ വേഗമാര്‍ജിക്കാന്‍ 198 കിലോ ഇന്ധനം ഉപയോഗിച്ച് ദ്രവ എന്‍ജിന്‍ തുടര്‍ച്ചയായി 23 മിനിറ്റാണ് ജ്വലിപ്പിച്ചത്.
ചൊവ്വയിലേക്കുള്ള പാതയില്‍ പേടകത്തിന് 680 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. പേടകത്തിന്റെ സഞ്ചാരത്തിനിടെ നാലു തവണ ഗതിയില്‍ മാറ്റമുണ്ടാകും. ആദ്യത്തേത് ഡിസംബര്‍ 11നോ അടുത്ത ദിവസങ്ങളിലോ ഉണ്ടാവും. രണ്ടാമത്തേത് 2014 ഏപ്രിലിലും മൂന്നാമത്തേത് 2014 ആഗസ്റ്റിലും നാലാമത്തേത് സെപ്റ്റംബര്‍ 14നുമാണ് നടക്കുക.
2014 സെപ്റ്റംബര്‍ 24ന് പേടകം ചൊവ്വയുടെ അടുത്തെത്തും. ഈ സമയം 58.8 മിനിറ്റ് ദ്രവ എന്‍ജിന്‍ തുടര്‍ച്ചയായി ജ്വലിപ്പിക്കും. ചൊവ്വയിലേക്ക് കടക്കാന്‍ സെക്കന്‍ഡില്‍ 1109 മീറ്റര്‍ വേഗം കൈവരിക്കാനാണിത്. ഇതിനായി 247 കിലോ ഇന്ധനമാണ് ഉപയോഗിക്കുക.

Leave a Reply