മുംബൈ: റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടുവാന്‍ തീരുമാനിച്ചു.ഇന്നലെ പണനയ കമ്മിറ്റി റീപോ നിരക്ക് കാൽ ശതമാനം കൂട്ടി 6.25 ശതമാനമാക്കി. ഇതിന്റെ ഫലമായി റിവേഴ്സ് റീപോ ആറും മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി (എംഎസ്എഫ്), ബാങ്ക് റേറ്റ് എന്നിവ 6.5 ശതമാനവുമായി. കരുതൽപണ അനുപാതം (സിആർആർ) നാലു ശതമാനത്തിലും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ 19.5 ശതമാനത്തിലും മാറ്റമില്ലാതെ തുടരും. (റിസർവ് ബാങ്കിൽനിന്നു വാണിജ്യ ബാങ്കുകൾ അടിയന്തര ഹ്രസ്വകാല വായ്പയെടുക്കുന്പോൾ ഈടാക്കുന്ന പലിശയാണു റീപോ നിരക്ക്.
പലിശനിരക്കിൽ കാൽശതമാനം മാറ്റം വരുന്പോൾ 30 ലക്ഷം രൂപയുടെ 20 വർഷ ഭവന വായ്പയുടെ ഇഎംഐയിൽ 476 രൂപ വർധിക്കും. മുഴുവൻ കാലാവധിയും കണക്കാക്കിയാൽ 1,14,240 രൂപ അധികം അടയ്ക്കണം. പത്തുലക്ഷം രൂപയുടെ അഞ്ചുവർഷ കാർവായ്പയിൽ ഇഎംഐ 123 രൂപ കൂടും. മൊത്തം വർധന 7380 രൂപ വരും. മിക്ക ബാങ്കുകളും ഇഎംഐ കൂട്ടുന്നതിനു പകരം വായ്പാ കാലാവധി കൂട്ടുകയാണു ചെയ്യുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് ബാങ്ക് പലിശ നിരക്ക് ഉയരുന്നത്.പുതിയ തീരുമാനത്തിന്റെ ഫലമായി ഭവനവായ്പയുടെയും വാഹനവായ്പകളുടെയും പ്രതിമാസ ഗഡു കൂടുകയോ വായ്പാ കാലാവധി നീളുകയോ ചെയ്യും. ഏതായാലും വായ്പ എടുത്തവർ കൂടുതൽ പണം അടയ്ക്കണം. ഇതിനകം രണ്ടുതവണ ബാങ്കുകൾ പലിശ നിരക്ക് ചെറിയതോതിൽ വർധിപ്പിച്ചിട്ടുണ്ട്.
INDIANEWS FINANCE DESK