728-pixel-x-90-2-learn
728-pixel-x-90
<< >>

ഭീകരരെ നേരിടാന്‍ പാക്കിസ്ഥാനില്‍ അധ്യാപകര്‍ക്ക് ആയുധ പരിശീലനം

പെഷാവര്‍:ഭീകരാക്രമണത്തെ തുടര്‍ന്ന് നൂറിലേറെ കുട്ടികള്‍ മരിക്കാനിടയായ പെഷവാറിലെ അധ്യാപകര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നു.ഇനിയും ഭികരാക്രമണം ഉണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് പരിശീലനം പുരോഗമിക്കുന്നത്.

വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ അധ്യാപകര്‍ക്കാണ് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നത്.കഴിഞ്ഞ ഡിസംബറില്‍ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ 150 ജീവനുകളാണ് പൊലിഞ്ഞത്. അതില്‍ 132 പേര്‍ കുട്ടികളായിരുന്നു.

ആയുധങ്ങളുമായി സ്‌കൂളില്‍ പോകണമെന്ന് നിര്‍ബന്ധിക്കില്ല.എന്നാല്‍ ഇങ്ങനെ സ്‌കൂളില്‍ പോകണമെന്നുള്ളവര്‍ക്ക് അതിനുള്ള അനുമതി നല്‍കുമെന്ന് വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ വിദ്യാഭ്യാസമന്ത്രി ആതിഫ് ഖാന്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സുരക്ഷാ സേനയെ നിയോഗിക്കാനാവാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളുമായി ആകെ 35,000 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

അതേസമയം ഈ ആയുധ പരിശീലനത്തിനെതിരെ സ്വകാര്യ സ്‌കൂള്‍ അധ്യാപക അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.ഒരു കൈയില്‍ പേനയും മറ്റേ കൈയില്‍ തോക്കും പിടിച്ച് അധ്യാപകരെങ്ങനെ ക്ലാസ് എടുക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് മാലി ഖാലിദ് ഖാന്‍ ചോദിച്ചു. ഞങ്ങളുടെ ജോലി പഠിപ്പിക്കലാണ്. അധ്യാപകന്‍ ക്ലാസില്‍ ആയുധങ്ങളുമായി പഠിപ്പിക്കുന്നത് കുട്ടികളില്‍ വിപരീതമായി ഭവിക്കും.സര്‍ക്കാര്‍ കൂടുതല്‍ പൊലീസുകാരം നിയമിക്കണമെന്നും ഖാന്‍ ആവശ്യപ്പെട്ടു.

INDIANEWS24 PESHAWAR

Leave a Reply