728-pixel-x-90-2-learn
728-pixel-x-90
<< >>

ഭിക്ഷാടകരെന്ന് കരുതി പിടികൂടിയത് വിദ്യാസമ്പന്നരും സാമ്പത്തിക ശേഷിയുമുള്ളവരെ

ഹൈദരാബാദ്: തെരുവില്‍ ഭിക്ഷയാചിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടി പുനരധിവാസ കേന്ദ്രത്തിലെത്തിച്ച രണ്ട് സ്ത്രീകള്‍ വിദ്യാസമ്പന്നരും മികച്ച സാമ്പത്തിക ഭദ്രതയുമുള്ളവര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിന്റെ മകളുടെ സന്ദര്‍ശനം പ്രമാണിച്ചാണ് പോലീസ് തെരുവിലെ ഭിക്ഷാടകരെ ഒഴിവാക്കുന്ന നടപടികള്‍ സ്വീകരിച്ചത്. ഇതിനിടെ പിടികൂടിയ രണ്ട് സ്ത്രീകളുടെ അനുഭവകഥയാണ് ഏറെ ഞെട്ടിക്കുന്നത്.

പിടികൂടിയ യാചകരെയെല്ലാം ചെര്‍ലാപള്ളി ജയിലിലെ ആനന്ദ ആശ്രമത്തിലാണ് പാര്‍പ്പിച്ചിരുന്നത്. ആശ്രമത്തിലെത്തിച്ച ഫര്‍സോന എന്ന അമ്പതുകാരി പോലീസുമായി ഇംഗ്ലീഷില്‍ തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആശ്രമ അധികൃതര്‍ക്ക് സംശയമായി. ഇവരെ കൂടാതെ റാബിയ ബസീറയും സമാനമായി സംസാരിക്കുന്നുണ്ടായിരുന്നു. ഇരുവരും ഇംഗ്ലീഷ് വെള്ളം പോലെ സംസാരിച്ചപ്പോള്‍ കേട്ടുനിന്നവരെല്ലാം ഞെട്ടി. തുടര്‍ന്ന് ഇവരെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞതോടെയാണ് നഗരമദ്ധ്യത്തില്‍ പോഷ് ഏരിയയില്‍ സ്വന്തമായി വസ്തുവകകള്‍ അടക്കമുള്ള സ്വത്തുക്കള്‍ക്ക് ഉടമകളാണെന്ന് വ്യക്തമായി.

ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയതാണ് ഫര്‍സാന. രണ്ട് വര്‍ഷം മുമ്പ് വരെ ലണ്ടനില്‍ അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്നു. ഇവരുടെ മകന്‍ അമേരിക്കയില്‍ ആര്‍ക്കിടെക്ട് ആണ്. അമര്‍പേട്ടില്‍ പണക്കാര്‍ താമസിക്കുന്ന ഏരിയയായ ആനന്ദ്ബാഗില്‍ സ്വന്തമായി അപ്പാര്‍ട്ട്‌മെന്റ് ഉള്ളവരാണ് ഫര്‍സോന. ഏതോ ആള്‍ദൈവം പറഞ്ഞതിന്റേ പേരിലാണ് ഇവര്‍ തെരുവില്‍ യാചിക്കാനിറങ്ങിയത്. സംഭവങ്ങളാകെ മാറിമറിഞ്ഞപ്പോള്‍ അധികൃതര്‍ ഇവരുടെ മകനെ ബന്ധപ്പെട്ടു. നിലവില്‍ ഹൈദരാബാദിലുള്ള മകന്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞു. പിന്നീട് ഇവിടെയെത്തിയ മകന്റെ കൂടെ ജയല്‍ അധികൃതര്‍ ആ മധ്യവയസ്‌കയെ അയച്ചു.

ഇത്തരത്തില്‍ പിടിക്കപ്പെട്ട റാബിയ ബസീറ അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡുള്ള ആളാണ്. അമേരിക്കയില്‍ സ്ഥിരമായി താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നവര്‍ക്കായി അവിടെ തങ്ങാന്‍ അനുവദിക്കുന്ന രേഖയുടെ വിളിപ്പേരാണ് ഗ്രീന്‍കാര്‍ഡ്. ഹൈദരാബാദ് നഗരത്തില്‍ ധാരാളം വസ്തുവകകളാണ് ഇവരുടെ പേരിലുള്ളത്. എന്നാല്‍ ജീവിതത്തില്‍ സ്വസ്ഥത നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കളിലാരോ ഉപദേശിച്ച മാര്‍ഗ്ഗമായിരുന്നു ഭിക്ഷാടനം. യാചന നടത്തിയാല്‍ മനഃസമാധാനം തിരികെ ലഭിക്കുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ 44കാരിയായ ബസീറ തെരുവിലിറങ്ങുകയായിരുന്നു. ജയില്‍ അധികൃതര്‍ ബന്ധപ്പെട്ടതു പ്രകാരം ഇവരെയും ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി.

INDIANEWS24.COM Hyderabad

Leave a Reply