പലപ്പോഴും ബാധിതര്‍ പോലും അറിയാതെ മെല്ലെമെല്ലെ കടന്നുവരുന്ന ഒരു രോഗമാണ് പ്രമേഹം. നാട്ടിന്പുറമെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ കൂടുകയാണ് പ്രമേഹവ്യാപനം. അനാരോഗ്യ ഭക്ഷണശീലങ്ങള്‍ക്ക് പ്രമേഹവ്യാപനവുമായി അടുത്ത ബന്ധമുണ്ട്. മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഇന്ന് ഒരുപോലെ പ്രമേഹം കീഴടക്കുന്നു.
അടിമുടി മാറിയ ഭക്ഷണസംസ്കാരമാണ് പ്രധാന വില്ലന്‍. നാടന്‍ ഭക്ഷണശീലങ്ങളില്നിന്ന്ജനങ്ങള് മാറിയ നാട്ടില്‍ മൈദയും കൃത്രിമനിറവും കൊഴുപ്പും മധുരവും അടങ്ങിയ വിഭവങ്ങളുടെ വന്‍ ശേഖരവുമായി ബേക്കറികളും ഹോട്ടലുകളും അരങ്ങുറപ്പിച്ചു. ഇതിലൂടെ വിശക്കാതെതന്നെ ഇഷ്ടമുള്ള ഭക്ഷണം ഏതുനേരത്തും കഴിക്കാം എന്നൊരു സംസ്കാരം രൂപപ്പെട്ടു.മുമ്പ് വിരലിലെണ്ണാവുന്ന ആഘോഷങ്ങളേ നമുക്കുണ്ടായിരുന്നുള്ളു. ഇന്നാകട്ടെ തൊടുന്നതെല്ലാം ആഘോഷങ്ങളാണ്. അതോടെ ഭക്ഷണംകഴിക്കലും ഒരാഘോഷമായി മാറി.
പകര്‍ച്ചവ്യാധിപോലെ പടരുന്ന ടൈപ്പ് 2 പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് ഇത്തരം സാഹചര്യങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്.പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒഴിവാക്കി ബര്‍ഗറിനും കൃത്രിമപാനീയങ്ങള്ക്കും പുറകെ പായുന്ന കൌമാരവും പൊണ്ണത്തടിക്കും പ്രമേഹത്തിനും വഴിയൊരുക്കുകയാണ്.പ്രമേഹം വരാതിരിക്കാനും പ്രമേഹം വന്നവര്‍ക്ക് നിയന്ത്രണത്തിലാകാനും ആഹാരക്രമീകരണം കൂടിയേതീരു. രക്തത്തിലെ പഞ്ചസാരയുടെ നിലയില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ വരുത്താത്ത സമീകൃതഭക്ഷണം സ്വീകരിക്കാന്‍ ഒരോ പ്രമേഹരോഗിയും ശ്രദ്ധിക്കേണ്ടതുണ്ട്.ഭക്ഷണം കൂടുന്നതോടൊപ്പം മെയ്യനങ്ങാതെ, വ്യായാമമില്ലാത്ത അലസ ജീവിതമാണ് ഒട്ടുമിക്കപേര്‍ക്കുമുള്ളത്. ദീര്‍ഘനേരം ഇരുന്നുള്ള തൊഴില്‍സാഹചര്യങ്ങളും വാഹനസൌകര്യങ്ങളുമെല്ലാം സാധാരണ കിട്ടേണ്ട ചലനങ്ങളെക്കൂടി ഇല്ലാതാക്കി. ഇതും പ്രമേഹത്തിനനുകൂലമായ സാഹചര്യം ഒരുക്കി.
പ്രമേഹ ചികിത്സയില്‍ ഔഷധത്തോളം പ്രാധാന്യം ആഹാരനിയന്ത്രണത്തിനുമുണ്ട്. നിയന്ത്രണം എന്നത് ആഹാരനിഷേധമായി കാണേണ്ടതില്ല. പ്രായം, ശരീരഭാരം, ജോലിയുടെയും അധ്വാനത്തിന്റെയും സ്വഭാവം, ഏതുതരം പ്രമേഹം തുടങ്ങിയ ഘടകങ്ങളെ പരിഗണിച്ചാണ് ക്രമീകരണം നടത്തുക.ഭക്ഷണം ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്നതോടൊപ്പം മൂന്നുനേരം ഭക്ഷണം എന്ന രീതി മാറ്റി അത്രയും അളവു ഭക്ഷണം ആറുനേരമായി കഴിക്കുന്നതാണ് പ്രമേഹരോഗിക്ക് കൂടുതല്‍ ഗുണംചെയ്യുക. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറഞ്ഞ് അപകടം ഉണ്ടാകുമെന്നതിനാല്‍ ഒരുനേരംപോലും ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണം. അമിതഭക്ഷണം പഞ്ചസാരയുടെ തോത് ഗണ്യമായി ഉയര്‍ത്താറുണ്ട്. അതിനാല്‍ ഒരുനേരം ഭക്ഷണം കഴിക്കാതെ അടുത്തനേരം ഇരട്ടിയായി കഴിക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്. അന്നജം,എണ്ണ, ഉപ്പ് ഇവ വളരെ മിതമായ തോതില്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു സമീകൃത ഭക്ഷണമാണ് പ്രമേഹരോഗിക്ക് അനുയോജ്യം.
രക്തത്തിലെ പഞ്ചസാരയുടെ നിരക്കിനെ ഏറെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്. ശരീരത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സും ഇതാണ്. നമ്മുടെ ഭക്ഷ്യവിഭവങ്ങളില്‍ ഒട്ടുമുക്കാലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ്. അതുകൊണ്ടുതന്നെ അന്നജത്തിന്റെ അളവ് കൂടാതിരിക്കാന്‍ പ്രമേഹരോഗി ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ അന്നജങ്ങളും ഒരുപോലെയല്ല ദഹിക്കുന്നതും രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുന്നതും.പഞ്ചസാര, അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, ചോളം, റാഗി, തിന, ബാര്‍ലി, കിഴങ്ങുകള്‍, പഴങ്ങള്‍, കരിമ്പ്, പാല് വിഭവങ്ങള്‍ തുടങ്ങിയവയെല്ലാം അന്നജത്തിന്റെ പ്രധാന സ്രോതസ്സുകളാണ്. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയിലെ അന്നജം വിഘടിച്ച് ലഘുവായി ഗ്ളൂക്കോസായശേഷം മാത്രം രക്തത്തില്‍ കലരുന്നതിനാല്‍ കൃത്യമായ അളവില്‍ ഇവ ഉപയോഗിക്കാം. എന്നാല്‍ ശര്‍ക്കര, പഞ്ചസാര ഇവ പെട്ടെന്നുതന്നെ ഗ്ളൂക്കോസായി രക്തത്തിലെത്തുമെന്നതിനാല് പ്രമേഹരോഗിക്ക് ഒട്ടും ആശാസ്യമല്ല. നാരുകളും അന്നജത്തില്പ്പെടുന്നവയാണ്. നാരുകളടങ്ങിയ ഭക്ഷണം പ്രമേഹരോഗിക്ക് അനുയോജ്യമാണ്. പച്ചക്കറികളിലും മുഴുധാന്യങ്ങളിലും ഇലക്കറികളിലും പയര്‍വര്‍ഗങ്ങളിലും നാരുകള്‍ സമൃദ്ധമായുണ്ട്.
ബ്രാന്, ജേം, എന്‍ഡോസ്പേം എന്നിങ്ങനെ ഒരു ധാന്യത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. മുഴുധാന്യങ്ങളില്‍ ഈ മൂന്നു ഭാഗങ്ങളുമുണ്ടാകും. ബ്രാന് അഥവാ തവിടിലാണ് നാരുകള്‍ ധാരാളമുള്ളത്. ജേമില്‍ ജീവകം ഇയും ഫാറ്റി ആസിഡുകളുമുണ്ട്. അന്നജം അടങ്ങിയിരിക്കുന്നത് ഏറ്റവുമുള്ളിലുള്ള എന്‍ഡോസ്പേമില്‍ ആണ്. അന്നജത്തോടൊപ്പം നാരുകളും ജീവകങ്ങളും ലഭിക്കുമെന്നതിനാല്‍ പ്രമേഹരോഗികള്‍ മുഴു ധാന്യങ്ങള്‍ കഴിക്കുന്നതാണുത്തമം.എന്നാല്‍ ധാന്യങ്ങള്‍ സംസ്കരിക്കുമ്പോള്‍ നാരുകള്‍ നഷ്ടപ്പെടും. ജേം നഷ്ടപ്പെടും. അതോടെ ജീവകങ്ങളും ഇല്ലാതാകും. കൂടാതെ ധാന്യങ്ങളും മൈദയും മറ്റും മൃദുവാകാനും വെളുപ്പിക്കാനും ഉപയോഗിക്കുന്ന അലോക്സാന്പോലുള്ള രാസവസ്തുക്കളും പ്രമേഹതീവ്രത കൂട്ടാറുണ്ട്.
അരിയിലെയും ഗോതമ്പിലെയും അന്നജത്തിന്റെ അളവ് ഏകദേശം തുല്യമാണ്. അതിനാല്‍ ചോറായാലും ചപ്പാത്തിയായാലും പ്രമേഹ ബാധിതര്‍ നിയന്ത്രിത അളവില്‍ മാത്രമേ കഴിക്കാവൂ. ആന്തരികവും ബാഹ്യവുമായ മുറിവുകളെ ഉണക്കുക, ലൈംഗികശേഷി മെച്ചപ്പെടുത്തുക, കോശങ്ങളുടെ ജരിതാവസ്ഥ കുറയ്ക്കുക തുടങ്ങിയ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഗോതമ്പാണ് പ്രമേഹരോഗിക്ക് കൂടുതല്‍ അനുയോജ്യം.
പ്രമേഹരോഗിയെ സംബന്ധിച്ച് ആഹാരം പാകംചെയ്യുന്ന രീതിക്കും പ്രാധാന്യമുണ്ട്, കഞ്ഞി, ചോറ്, ഇവ പാകംചെയ്യുമ്പോള്‍ ചെറൂള, കറുക, തെച്ചിവേര് ഇവയിലേതെങ്കിലും ഒന്ന് ചതച്ച് കിഴിയാക്കിയിടുന്നത് ആഹാരത്തെ ഔഷധമാക്കും. ഉലുവ (20 ഗ്രാം) പൊടിയരി (50 ഗ്രാം) ഇവയും ജീരകപ്പൊടി ഒരുസ്പൂണും ചേര്‍ത്തുണ്ടാകുന്ന കഞ്ഞി പ്രമേഹബാധിതര്‍ക്ക് എന്നും പ്രധാന ഭക്ഷണത്തിന് പകരമായി കഴിക്കാവുന്നതാണ്.അതുപോലെ ഉലുവയും ഗോതമ്പും 20 ഗ്രാംവീതം എടുത്ത് പെരുംജീരകം, ജീരകം, ഇഞ്ചി, പച്ചമഞ്ഞള്‍, വെളുത്തുള്ളി ഇവ അഞ്ച് ഗ്രാംവീതം ചതച്ചുചേര്‍ത്ത് കഞ്ഞിവച്ച് കഴിക്കുന്നതും ഗുണകരമാണ്. ഗോതമ്പിനുപകരം നുറുക്കുഗോതമ്പുമാകാം.ചേന, ചേമ്പ്, കാച്ചില്, കപ്പ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ പയര്‍ ചേര്‍ത്ത് പുഴുക്കാക്കി പ്രധാന ഭക്ഷണത്തിനു പകരമായി പ്രമേഹരോഗിക്ക് കഴിക്കാം. അരി, ഗോതമ്പ് ഇവ ഒപ്പം പാടില്ല.
സസ്യാഹാരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം പ്രോട്ടീന്‍ (മാംസ്യം) അടങ്ങിയിട്ടുള്ളത് പയര്വര്ഗങ്ങളിലാണ്. മൃഗങ്ങളില്‍നിന്നു ലഭിക്കുന്നത് മികച്ച പ്രോട്ടീനാണ്. അന്നജപ്രധാനമായ ധാന്യങ്ങളും മാംസ്യപ്രധാനമായ പയര്‍വര്‍ഗങ്ങളും ഒരേ അവസരത്തില്‍ ഉപയോഗിക്കുന്നതിലൂടെ മികച്ച പ്രോട്ടീന്‍ ലഭ്യമാകും. പുട്ട്- പയര്‍, ചപ്പാത്തി-കടല തുടങ്ങിയവ. നാരുകളും ധാരാളം ലഭിക്കും. കടല, വന്‍പയര്‍, ചെറുപയര്‍, ഉലുവ, തുവര, മുതിര തുടങ്ങിയവ പ്രോട്ടീനുകളുടെ കലവറയാണ്. പ്രമേഹരോഗി 20 ഗ്രാംവീതം പയര്വിഭവങ്ങള് മൂന്നുനേരം ഭക്ഷണത്തില്‍പ്പെടുത്തുന്നത് ഗുണകരമാണ്.
ഭക്ഷണവൈവിധ്യം നല്കുന്നതില് മുന്നിലാണ് പച്ചക്കറികള്‍. ജീവകങ്ങളും നാരുമാകട്ടെ സുലഭവും. പ്രമേഹ ബാധിതര്‍ക്ക് വയര്‍ നിറയ്ക്കാനായി ഇവയെ പ്രയോജനപ്പെടുത്താം. ഇടനേരങ്ങളില്‍ സലാഡുമാക്കാം. കൂടാതെ പയറില, മുരിങ്ങയില, പാലക്, ഉലുവയില, പുതിനയില, ചേമ്പില, ചീരയില തുടങ്ങിയ ഇലകളെല്ലാംതന്നെ നാരുകള്‍, ജീവകങ്ങള്‍, ഇരുമ്പ്-കാത്സ്യം ഇവയില്‍ സമ്പന്നമാണ്.
പ്രമേഹരോഗിക്ക് അനുയോജ്യമായ പഴങ്ങളാണിവ. ഇവയിലേതെങ്കിലും ഒന്ന് ദിവസവും കഴിക്കാം. നെല്ലിക്ക കഴിക്കുന്നതിലൂടെ സമൃദ്ധമായി ജീവകം സി ലഭിക്കും. നേന്ത്രപ്പഴം ഒരു ചെറിയ കഷണം മറ്റ് പഴങ്ങള്ക്കുപകരം കഴിക്കാവുന്നതാണ്. റോബസ്റ്റ, ചെറുപഴം ഇവ നിയന്ത്രിത അളവില്‍ ഒരെണ്ണം മാത്രം. പഴുത്ത ചക്ക 1-2 ചുള കഴിക്കാം. എന്നാല്‍ പച്ചച്ചക്കയിലടങ്ങിയിരിക്കുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍, ജലാറ്റിന്‍ പൊതിയാത്ത അന്നജം തുടങ്ങിയവ ഗ്ളൂക്കോസ് വളരെ സാവധാനം മാത്രം വര്‍ധിപ്പിക്കുന്നതിനാല്‍ കറിയാക്കി അരിക്കും ഗോതമ്പിനും പകരമായി ഉപയോഗിക്കാം.
മോര് കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെയും ജീവകങ്ങളുടെയും കലവറയാണ്. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം എളുപ്പം ദഹിക്കുകയും ചെയ്യും. കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം, തക്കാളിനീര്, നാരങ്ങവെള്ളം, കരിങ്ങാലി, വേങ്ങ, തൊട്ടാവാടി, ദര്‍ഭവേര് ഇവയിലേതെങ്കിലും ഒന്ന് ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇവ ദാഹശമനത്തിന് ഉപയോഗിക്കാം.
മെച്ചപ്പെട്ട പ്രോട്ടീനും ലവണങ്ങളും മത്സ്യമാംസങ്ങള്‍ നല്‍കും. അയല, മത്തി, ചൂട, ചൂര, നാടന്‍ കോഴിയിറച്ചി ഇവ ഗുണകരമാണ്. മുട്ടയുടെ മഞ്ഞക്കരു നീക്കി കഴിക്കുന്നതാണ് പ്രമേഹരോഗിക്ക് ഉചിതം. ചുവന്നമാംസം ഒഴിവാക്കുകയും വേണം.
ഒഴിവാക്കാം പഞ്ചസാരയും എണ്ണയും മൈദയും ബേക്കറിവിഭവങ്ങളും
പഞ്ചസാര,മൈദ, റവ വിഭവങ്ങള്‍, കേക്ക്, പേസ്ട്രി, കോള, ഡയറ്റ് ഡ്രിങ്കുകള്‍, പഴച്ചാറുകള്‍, ഉണക്കപ്പഴങ്ങള്‍, ഫാസ്റ്റ്ഫുഡുകള്‍ ഇവ പ്രമേഹരോഗി ഒഴിവാക്കേണ്ടതാണ്.ചിട്ടയായ ഔഷധോപയോഗത്തോടൊപ്പം നല്ല ഭക്ഷണശീലങ്ങളും ക്രമമായ വ്യായാമവും പ്രമേഹ നിയന്ത്രണത്തിന് കൂടിയേതീരു. ശരിയായ ജീവിതശൈലി ചിട്ടപ്പെടുത്താം. അതിലൂടെ പ്രമേഹത്തെയും പ്രമേഹത്തിലേക്ക് നടന്നടുക്കുന്നവരെയും തടയാനാകും.പ്രകൃതി ജീവനത്തിലെക്ക് കൂടുതലായി അടുക്കുക എന്നതാണ് ജീവിത ശൈലീ രോഗങ്ങളില്‍ നിന്നുള്ള മോചനത്തിനുള്ള പ്രധാന വഴി.
INDIANEWS24 HEALTH DESK