ബ്രിട്ടനെ പിരിയാന്‍ സ്കോട് ലന്‍ഡ് ഒരുങ്ങുന്നു
എഡിന്‍ബര്‍ഗ്: ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിനുള്ള തീയതി 2016 മാര്‍ച്ച് 24 ആയിരിക്കുമെന്ന് സ്കോട്ട്ലാന്റ് പ്രഖ്യാപിച്ചു. ബ്രിട്ടന്റെ ഭാഗമായി സ്കോട്ട്ലാന്റ് തുടരുന്നത് സംബന്ധിച്ച ജനഹിതപരിശോധന 2014 സെപ്തംബര്‍ 18 ന് നടക്കും.
കഴിഞ്ഞ 300 വര്‍ഷങ്ങളായി ബ്രിട്ടന് എന്നറിയപ്പെടുന്ന യുണൈറ്റഡ് കിംഗ്ഡ (യു കെ) മിന്റെ ഭാഗമാണ് സ്കോട്ട്ലാന്റ്. ഇംഗ്ലണ്ട്, വേല്‍സ്, വടക്കന്‍ അയര്‍ലാന്റ് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. സ്കോട്ട്ലാന്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ‘ധവള പത്രം’ അവിടുത്തെ പ്രാദേശിക ഗവണ്മെന്റ് ഹിതപരിശോധനയ്ക്ക് മുമ്പായി പുറത്തിറക്കും. 670 പേജുകളുള്ള ധവളപത്രം പുസ്തകരൂപത്തിലും ഇന്റര്‍നെറ്റിലും ലഭ്യമാകും. സ്വാതന്ത്ര്യത്തിനുള്ള സാമ്പത്തികവും സാമൂഹ്യവും ജനാധിപത്യപരവുമായ കാരണങ്ങള്‍ ധവളപത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തെ ഹിതപരിശോധനയില്‍ വേറിട്ടുപോകലിന് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്യുന്നപക്ഷം, സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതുവരെയുള്ള കാലയളവിലെ ഭരണസംവിധാനത്തെക്കുറിച്ചും ധവളപത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
2016 മാര്‍ച്ച് 23 ബുധനാഴ്ച അര്‍ധരാത്രി സ്കോട്ട്ലാന്റില്‍ നിലവിലുള്ള പാര്‍ലമെന്റ് സമ്മേളിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനാണ് പരിപാടി. 1707 ലാണ് സ്കോട്ട്ലാന്റ് യു കെയുടെ ഭാഗമായി മാറിയത്. സ്കോട്ട്ലന്റ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് അനുകൂലമായ നിലപാടാണ് 2007 ല്‍ അധികാരമേറ്റ അവിടുത്തെ സര്‍ക്കാരിനുള്ളത്.