ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ആഫ്രിക്കയിലൊഴികെ മറ്റുള്ള വന്‍കരകളില്‍ പൂര്‍ത്തിയായി. കരുത്തന്മാരായ പോര്‍ച്ചുഗലും ഫ്രാന്‍സും പ്ലേഓഫ് കെണിയില്‍ വീണതൊഴിച്ചാല്‍ യൂറോപ്പിലെ മറ്റു പ്രമുഖര്‍ അനായാസം യോഗ്യത കടന്നു. ലാറ്റിനമേരിക്കയില്‍ ഉറുഗ്വേയും കോണ്‍കാകാഫില്‍ മെക്സിക്കോയും പ്ലേഓഫ് ഭാഗ്യ പരീക്ഷണത്തിനിറങ്ങി. ആഫ്രിക്കയില്‍ അവസാന റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഐവറി കോസ്റ്റ്, ഘാന തുടങ്ങിയ രാജ്യങ്ങള്‍ ഏറെക്കുറെ ബ്രസീല്‍ ടിക്കറ്റ് ഉറപ്പാക്കി. 32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ ആതിഥേയരായ ബ്രസീല്‍ ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങള്‍ ഇതിനകം യോഗ്യത നേടി. ഇതില്‍ സ്വതന്ത്ര്യ രാജ്യമായതിനു ശേഷം കന്നി ലോകകപ്പിനെത്തിയ ബോസ്നിയയുടെ നേട്ടം ശ്രദ്ധേയമായി. യൂറോപ്യന്‍ പ്ലേഓഫില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് എളുപ്പമല്ല കാര്യങ്ങള്‍. സ്ലാട്ടന് ഇബ്രാഹിമോവിച്ച് നയിക്കുന്ന സ്വീഡനെ അവര്‍ക്ക് മറി കടക്കണം. ഫ്രാന്‍സിന് ഉക്രെയിനും ഗ്രീസിന് റുമേനിയയും ക്രൊയേഷ്യക്ക് ഐസ്്ലന്റുമാണ് എതിരാളികള്‍. ലാറ്റിനമേരിക്കയില്‍ ഉറുഗ്വേയ്ക്ക് ഏഷ്യന്‍ ടീം ജോര്‍ദാനെ പ്ലേഓഫില്‍ മറികടക്കണം. മെക്സിക്കോയ്ക്ക് ഓഷ്യാനിയ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഫിഫാ സീഡിങ്ങ് അനുസരിച്ച് ആതിഥേയരായ ബ്രസീല്‍, സ്പെയിന്, ജര്‍മനി, അര്‍ജന്റീന, കൊളംബിയ, സ്വിറ്റസര്‍ലന്റ് തുടങ്ങിയ ടീമുകള്‍ക്ക് പോര്‍ട്ട് ഒന്നിലാണ് സ്ഥാനം. ജോര്‍ദാനെതിരെ ജയിച്ചാല്‍ ഉറുഗ്വേയും പോര്‍ട്ട് ഒന്നിലെത്തും. ഉറുഗ്വേ തോറ്റാല്‍ ഹോളണ്ടിന് സാധ്യതയുണ്ട്. അതേ സമയം ഇംഗ്ലണ്ട് സീഡിങ്ങില്‍ നിന്ന് പുറത്തായി. ഇതോടെ ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ മരണഗ്രൂപ്പിലെത്താനുള്ള ഇംഗ്ലണ്ടിന്റെ സാധ്യത വര്‍ധിച്ചു. നവംബര്‍ പകുതിയോടെ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ പൂര്‍ണമായി അവസാനിക്കും. ഡിസംബറിലാണ് ലോകകപ്പ് പ്രാഥമിക റൗണ്ടിലേക്കുള്ള സീഡിങ്ങ്. അന്ന് തീരുമാനമാകും ലോകം ജയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട രാജ്യങ്ങളുടെ വിധി.