ദുബായ് : ക്യാമറയ്ക്കു പിന്നില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ ശ്രദ്ധേയരായ സംവിധായകര്‍ നിരവധിയാണ്. ഈ ശ്രേണിയിലേക്ക് ഏറ്റവുമൊടുവിലായി ചുവടു വെച്ചിരിക്കുകയാണ് ഹോളിവുഡ് സംവിധായകന് സോഹന്‍ റോയിയും. ചെറിയൊരിടവേളയ്ക്കു ശേഷം പ്രവാസി മലയാളികളുടെ ജീവിതകാഴ്ചകളുമായി എത്തുന്ന ബോബന് സാമുവേല്‍ ചിത്രത്തിലാണ് അതിഥി താരമായി സോഹന്‍ റോയ് എത്തുന്നത്.
അബുദബി കേന്ദ്രമാക്കി മിഡില്‍ ഈസ്റ്റില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. മിയയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂര്‍ണ്ണമായും പുതിയ കാലത്തെ പ്രവാസി മലയാളികളെ ചുറ്റിപ്പറ്റിയുള്ള ഒരു കളര്‍ഫുള്‍ ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സജില്‍സ് മജീദാണ്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ഡാം 999 സംവിധായകനും, നിര്‍മ്മാതാവും പ്രവാസി വ്യവസായിയുമായ സോഹന്‍ റോയ് ഇത് രണ്ടാം തവണയാണ് ക്യാമറയ്ക്കു പിന്നില്‍ നിന്നും അരങ്ങിലേക്ക് എത്തുന്നത്. 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കനലിലാണ് സോഹന്‍ റോയ് ഇതിനു മുമ്പ് അഭിനയിച്ചത് . ഇന്ത്യന്‍ സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ട് രൂപം നല്കിയ 10 ബില്യണ്‍ യു.എസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിലൂടെ കൂടുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സോഹന്‍ റോയ്.
സോഹന്‍ റോയിയുടെ സംരഭമായ ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ലോകത്തിലെ ആദ്യ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിളിറ്റി (സിഎസ്ആര്‍) ചിത്രം ജലം അന്തര്‍ദേശീയ തലത്തിലുള്‍പ്പടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഹന്‍ റോയ് പ്രൊജക്ട് ഡിസൈനറായ മറ്റൊരു സി.എസ്.ആര് ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര് ഈ വര്‍ഷത്തെ ഓസ്കാര്‍ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു.
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ജയസൂര്യയുടെ ‘ജനപ്രിയന് (2011) എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകന് ബോബന് സാമുവലിന്റെ അരങ്ങേറ്റം. 2013-ല്‍ കുഞ്ചാക്കോ ബോബന്-ബിജു മേനോന് കൂട്ടുകെട്ടിനെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ‘റോമന്‍സ്’ വന്‍ വിജയമായിരുന്നു. ‘ഹാപ്പി ജേര്‍ണി’, ‘ഷാജഹാനും പരീക്കുട്ടിയും’, ‘വികടകുമാരന് എന്നിവയാണ് ബോബന് സാമുവലിന്റതായി പിന്നീട് പുറത്തു വന്ന ചിത്രങ്ങള്‍.
INDIANEWS24 MOVIE DESK