ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍) ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ബി സി സി ഐ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്ബ്രിട്ടേഷന് ഉത്തരവ്.550 കോടി രൂപ നല്‍കണമെന്നാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആര് സി ലഹോട്ടിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമായത്.കരാര്‍ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 2012ലാണ് കൊച്ചി ടസ്കേഴ്സിനെ ഐ പി എല്ലില്‍ നിന്നും പുറത്താക്കിയത്.
ഐ പി എല്ലില്‍ നിന്നും പുറത്താക്കിയതോടെ ടീമിന്റെ ബാങ്ക് ഗ്യാരണ്ടി ബി സി സി ഐ തിരികെ നല്കാന് തീരുമാനിച്ചെങ്കിലും തുക തിരികെ വാങ്ങാന്‍ ടീമുകള്‍ വിസമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് വിഷയം സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലഹോട്ടിയുടെ പരിഗണനക്കെത്തുകയായിരുന്നു.ഇരു കക്ഷികളുടേയും ഭാഗം കേട്ട ജസ്റ്റിസ് ലഹോട്ടി കൊച്ചി ടീമിന് 550 കോടി രൂപ ബിസിസിഐ നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.ഈ പണം നല്‍കിയില്ലെങ്കില്‍ വാര്‍ഷിക വരുമാനത്തിന്റെ പതിനെട്ട് ശതമാനം വര്‍ഷം തോറും പിഴയായി ടസ്കേഴ്സിന് നല്‍കേണ്ടി വരുമെന്നും ആര്ബിട്രേഷന് ഉത്തരവില്‍ പറയുന്നു.എന്നാല്‍ പണം നല്‍കേണ്ടതില്ല പകരം ഐപിഎല്ലില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നാണ് കൊച്ചി ടീം ഉടമകളായ റണ്‍ദേവൂ കണ്‍സോര്‍ഷ്യം നിലപാട്.
വിശദമായ നിയമോപദേശം തേടിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചു.ആര്ബിട്രേഷന് തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതായി അറിയുന്നു.
INDIANEWS24.COM NEWDELHI