728-pixel-x-90-2-learn
728-pixel-x-90
<< >>

ബി ജെ പിക്ക് തിരിച്ചടിയായി ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പുഫലം,മഹാ സഖ്യത്തിന്‍റെ ഹേമന്ത്‌ സോറന്‍ മുഖ്യമന്ത്രിയാകും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാവിജയത്തില്‍ നിന്നും തിരിച്ചടികളുടെ പാതയിലേക്ക് ബി ജെ പി നീങ്ങുന്നു.ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും മഹാരാഷ്ട്രയില്‍ ഭരണം നഷ്ടപ്പെട്ടതും ഹരിയാനയില്‍ കഷ്ടിച്ച് രക്ഷപ്പെട്ടതിനും അപ്പുറമാണ് ഇന്ന് പുറത്ത് വന്ന ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പു ഫലം. 81 അംഗ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ജെഎംഎം–-കോൺഗ്രസ്‌–-ആർജെഡി മഹാസഖ്യം 47 സീറ്റോടെ അധികാരത്തിൽ എത്തി.  ജെഎംഎം(ജാർഖണ്ഡ്‌ മുക്തി മോർച്ച) നേതാവ്‌ ഹേമന്ത്‌ സോറൻ മുഖ്യമന്ത്രിയാകും. മുൻ മുഖ്യമന്ത്രിയും ജെഎംഎം സ്ഥാപകനുമായ  ഷിബു സോറന്റെ മകനാണ്‌ ഹേമന്ത് സോറന്‍.

ഷിബു സോറൻ–- രൂപി ദമ്പതികളുടെ മകനായി 1975 ലാണ്‌  ഹേമന്ത്‌ സോറന്‍റെ   ജനനം. 2005 ൽ നിയമസഭയിലേക്ക്‌ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. മൂത്ത സഹോദരൻ ദുർഗയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന്‌ ജെഎംഎം നേതൃസ്ഥാനത്തേക്ക്‌ എത്തി. 2009 ൽ രാജ്യസഭാംഗമായി. ഉപമുഖ്യമന്ത്രിയാകുന്നതിന്‌ 2010ൽ രാജിവച്ചു. 2013 ൽ കോൺഗ്രസ്‌–- ആർജെഡി പിന്തുണയിൽ മുഖ്യമന്ത്രിയായി. ജാർഖണ്ഡിന്റെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി. 2014ൽ തെരഞ്ഞെടുപ്പ്‌ തോറ്റശേഷം പ്രതിപക്ഷ നേതാവായി.

കഴിഞ്ഞവർഷം രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങൾ നഷ്ടപ്പെട്ട ബിജെപിക്ക്‌ ഈവർഷം മഹാരാഷ്ട്രയ്‌ക്ക്‌ പിന്നാലെ ജാർഖണ്ഡും പോയത്‌ കടുത്ത ക്ഷീണമാണ്‌. രാജ്യസഭയിൽ ഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ ശ്രമത്തിനും ഇത് തിരിച്ചടിയാകും.ജനവിധി അംഗീകരിക്കുന്നതായി അമിത്‌ ഷാ പ്രതികരിച്ചു. ഹേമന്ത്‌ സോറനെ അഭിനന്ദിച്ച  ‌പ്രധാനമന്ത്രി മോദി പുതിയ സർക്കാരിന്‌ ആശംസകൾ നേർന്നു.

ഷിബു സോറന്റെ പിൻഗാമിയായി ജാർഖണ്ഡ്‌ മുക്തിമോർച്ചയുടെ നേതൃസ്ഥാനം ഏറ്റെടുത്ത ഹേമന്ത്‌ ചിട്ടയായ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിലൂടെയാണ്‌ ബിജെപിയെ അധികാരത്തിൽനിന്ന്‌ തെറിപ്പിച്ചത്‌. തെരഞ്ഞെടുപ്പിനുമുമ്പായി രണ്ട്‌ സംസ്ഥാന പര്യടനമാണ്‌ ഹേമന്ത്‌ സോറൻ നടത്തിയത്‌.  ഇതോടൊപ്പംതന്നെ കോൺഗ്രസിനെയും ആർജെഡിയെയും ഒപ്പംചേർത്ത്‌ മഹാസഖ്യത്തിന്‌ രൂപം നൽകി.28 ശതമാനം പട്ടികവർഗ വിഭാഗക്കാരുള്ള ജാർഖണ്ഡിൽ അവരുടെ പ്രശ്‌നങ്ങളിലാണ്‌ ഹേമന്ത്‌ മുഖ്യമായും ഊന്നിയത്‌. വനാവകാശ നിയമത്തിൽ മോഡി സർക്കാർ കൊണ്ടുവന്ന ഭേദഗതികളെ ചോദ്യംചെയ്‌തു.ഇതോടൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളും  ഉന്നയിച്ചു.

INDIANEWS24 POLITICAL DESK

Leave a Reply