പാറ്റ്ന:ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് 243 അംഗ നിയമ സഭയിൽ 125 സീറ്റുകൾ നേടിക്കൊണ്ട് ബിഹാറിൽ എൻഡിഎ ഭരണം നിലനിർത്തി.എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് എൻ ഡി എ വിജയിച്ചത് .ബിജെപി 74 സീറ്റും, ജെഡിയു 43 സീറ്റും, വിഐപിയും എച്ച്എഎമ്മും നാല് സീറ്റും നേടി. 75 സീറ്റ് നേടി ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ബിഹാറിൽ കോൺഗ്രസ് നേടിയത് 19 സീറ്റാണ്. ഇടത് പാർട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിപിഐ(എംഎൽ) 12 സീറ്റ് നേടി. സിപിഐയും സിപിഐഎമ്മും രണ്ട് വീതം സീറ്റുകൾ നേടി. എൽജിപി നേടിയത് ഒരു സീറ്റ് മാത്രമാണ്. അഞ്ച് സീറ്റ് എഐഎംഐഎമ്മിന് ലഭിച്ചു. ആരെ പിന്തുണയ്ക്കണമെന്ന തീരുമാനം പിന്നീടെന്ന് അസദുദ്ദീൻ ഒവൈസി അറിയിച്ചു.
പതിനാറാം വർഷത്തിലും ബിഹാറിന്റെ മുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കാൻ ഒരുങ്ങുന്ന നിതീഷ്കുമാറിനും അദ്ദേഹത്തിന്റെ പാർട്ടിയായ ജെഡിയുവിനും വലിയ വെല്ലുവിളിയാണ് ഈ ദൗത്യം സമ്മാനിക്കുന്നത്. മുന്നണി വിജയം നേടിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ഉണ്ടായ കുറവുകളാണ് നിതിഷിന്റെയും പാർട്ടിയുടെയും പ്രഭാവത്തെ ബാധിക്കുന്ന ഘടകം. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്താലും ബിജെപിയുടെ സമ്പൂർണ നിയന്ത്രണത്തിൽ ഇനിയുള്ള അഞ്ച് വർഷവും പ്രവർത്തിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ മുഖ്യമന്ത്രി പദം താൻ ഏറ്റെടുക്കു എന്ന നിലപാട് ബിജെപി നേത്യത്വത്തെ അറിയിക്കാനാണ് നിതിഷ് കുമാർ തയാറെടുക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 71 സീറ്റുകൾ നേടിയ നിതീഷിന്റെ പാർട്ടി ഇത്തവണ 43 സീറ്റുകളിൽ മാത്രമാണ് വിജയം നേടാൻ സാധിച്ചത്.ഭരണ വിരുദ്ധ വികാരത്തെ നേരിടാൻ ജെ ഡി യു വിനു കഴിഞ്ഞില്ലെങ്കിലും ബി ജെ പി യുടെ മികച്ച പ്രകടനം എൻ ഡി എ യെ ഭരണം നിലനിർത്താൻ സഹായിച്ചു.ഇടതു പാർട്ടികളും ബി ജെ പി യും മികച്ച നേട്ടം കൊയ്ത ബീഹാർ തെരഞ്ഞെടുപ്പിൽ ആർ ജെ ഡി യ്ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല.
INDIANEWS24 ELECTION DESK