ബഹിരാകാശത്ത്, എന്ന് പറഞ്ഞാല്‍ അങ്ങ് ദൂരെ നക്ഷത്രങ്ങളൊക്കെ രൂപം കൊള്ളുന്ന ഇടങ്ങളില്‍, ചാരായം ഉള്ളതായി കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു കൌതുകകരമായ കാര്യമുണ്ട്. നമ്മുടെ മില്‍ക്കീവേ ഗാലക്സിയുടെ കേന്ദ്രത്തോട് അടുത്തുള്ള Sagittarius B2 എന്ന് പേരുള്ള ഭീമന് മേഘപടലമുണ്ട്. ഗുരുത്വാകര്ഷണസങ്കോചം വഴി പൊടിപടലങ്ങളില്‍ നിന്നും പുതിയ നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്ന പ്രദേശമാണ് ഇവിടെ. ഈ ഭാഗത്താണ് ആദ്യമായി ഭൂമിയ്ക്ക് പുറത്ത് ആല്‍ക്കഹോളിന്റെ സാന്നിധ്യം ശാസ്ത്രലോകം കണ്ടെത്തിയത്. അതും ചില്ലറ അളവിലൊന്നും അല്ല, ഏതാണ്ട് 450 ബില്ല്യണ്‍ (45 കഴിഞ്ഞ് 8 പൂജ്യം) കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ച് കിടക്കുകയാണ് ഈ ‘ചാരായമേഘം’, അതായത് 10 ബില്ല്യണ്‍ ബില്ല്യണ്‍ ബില്ല്യണ്‍ (1-ഉം 28 പൂജ്യവും ചേര്‍ന്ന സംഖ്യ) ലിറ്റര്‍ ചാരായം! ഭൂരിഭാഗവും വിനൈല്‍ ആല്‍ക്കഹോള്‍, മീഥൈല്‍ ആല്‍ക്കഹോള്‍ എന്നിങ്ങനെ കുടിക്കാന്‍ കൊള്ളാത്ത വകഭേദങ്ങള്‍ ആണെങ്കിലും ഒന്ന് ‘മിനുങ്ങാന്‍’ പറ്റിയ ഈഥൈല്‍ ആല്‍ക്കഹോളും അവിടെ ധാരാളമുണ്ട്. 2000-ആമാണ്ടുകളുടെ തുടക്കത്തില്‍ ഇത് കണ്ടെത്തിയപ്പോള്‍ ശാസ്ത്രലോകം ശരിക്കും അത്ഭുതപ്പെട്ടുപോയിരുന്നു. ഭൂമിയ്ക്ക് പുറത്ത് ഇത്തരം സങ്കീര്‍ണ്ണ ഓര്‍ഗാനിക് തന്മാത്രകള് ഉണ്ടാകാന്‍ സാധ്യതയില്ല എന്നായിരുന്നു നമ്മള് അതുവരെ കരുതിയിരുന്നത്. ഭൂമിയ്ക്ക് പുറത്തു ജീവനുണ്ടാകാനുള്ള സാധ്യതയെ ഊട്ടിയുറപ്പിക്കുന്നത് കൂടിയാണ് ഇത്. കുറേ കാലം ഇവ എങ്ങനെയാണ് രൂപം കൊള്ളുന്നത് എന്നതിനെപ്പറ്റി ഒരൂഹവും ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ 2013 ജനുവരിയില്‍ പുറത്തുവന്ന ഒരു പഠനം അനുസരിച്ച് ക്വാണ്ടം ടണലിങ് എന്ന സവിശേഷ പ്രതിഭാസമാണ് ഈ ആല്‍ക്കഹോള്‍ രൂപീകരണത്തിന് കാരണമത്രേ.
(http://www.sciencedaily.com/releases/2013/06/130630145004.htm)