ഒഡീഷ: കപ്പലില്‍ നിന്നു വിക്ഷേപിക്കാവുന്ന ആണവവാഹക ബാലിസ്റ്റിക് മിസൈല്‍ ധനുഷ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ട നാവികസേനാ കപ്പലില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. നാവികസേനയുടെ പരിശീലനത്തിന്റെ ഭാഗമായാണ് വിക്ഷേപണമെന്ന് ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ചന്ദിപ്പൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ഡയറക്ടര്‍ എംവികെവി പ്രസാദ് അറിയിച്ചു. ധനുഷിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. എന്നാല്‍ മിസൈല്‍ വഹിച്ച കപ്പലിന്റെ കടലിലെ സ്ഥാനം എവിടെയാണെന്ന് പറയാന്‍ അദ്ദേഹം തയാറായില്ല. ഇന്ത്യന്‍ ആണവവാഹക ബാലിസ്റ്റിക് മിസൈലായ പ്രിഥ്വിയുടെ നേവി പതിപ്പാണ് ധനുഷ്. 500 മുതല്‍ 1000 കിലോയോളം ആണവവാഹകശേഷിയുള്ള മിസൈലിന്റെ ദൂരപരിധി 350 കിലോമീറ്ററാണ്. കരയിലും ജലത്തിലുമുള്ള ലക്ഷ്യം ഭേദിക്കാന്‍ ഇതിനു കഴിയും.