728-pixel-x-90-2-learn
728-pixel-x-90
<< >>

ബാറുകള്‍ തുറപ്പിക്കാന്‍ ധനകാര്യമന്ത്രി കോഴ വാങ്ങിയെന്ന ആരോപണം; സംസ്ഥാനം പുകയുന്നു

തിരുവനന്തപുരം:ബാര്‍ കോഴ ആരോപണത്തില്‍ കേരളം പുകയുന്നു.വെള്ളിയാഴ്ച്ച രാത്രി സ്വകാര്യ വാര്‍ത്താ ചാനലില്‍ പ്രതികരിക്കവെ കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ബിജു രമേശ് ധനകാര്യമന്ത്രി കെ എം മാണിക്കെതിരെ നടത്തിയ ആരോപണമാണ് പുകിലായിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് മന്ത്രി മാണി അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം 15 ലക്ഷവും പിന്നീട് 85 ലക്ഷവും അടക്കം ഒരു കോടി രൂപ ചില ബാറുടമകള്‍ ചേര്‍ന്ന് നല്‍കിയതായും ബിജു രമേശ് ആരോപിച്ചിരുന്നു.ഈ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് ഉടന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനും നേരെ വിരല്‍ ചൂണ്ടുന്നതായിരുന്നു വിഷയത്തില്‍ കേരള കോണ്‍ഗ്രസിന്റെ പതികരണം.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെ എം മാണിയും ഇതിനെതിരെ പ്രതികരിച്ചത് ഗൂഡാലോചനയെന്നു തന്നെയാണ്. തന്നെയും പാര്‍ട്ടിയെയും നിര്‍വീര്യമാക്കാനുള്ള ശ്രമമെന്ന് മന്ത്രി വ്യക്തമാക്കി.

ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ എം മാണി കൂടി പ്രതികരിച്ചതോടെ ഉമ്മന്‍ ചാണ്ടിയും നിലപാടുമായി രംഗത്തെത്തിക്കഴിഞ്ഞു. കോഴ നല്‍കുന്ന കാര്യത്തെ കുറിച്ച് തനിക്ക് യാതൊരറിവുമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.ധനമന്ത്രിക്കെതിരെയുണ്ടായിരിക്കുന്ന ആരോപണം ദൗര്‍ഭാഗ്യകരമാണെന്നും മാണിയെ കഴിഞ്ഞ അമ്പത് വര്‍ഷമായി എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം കോഴ ആരോപണത്തില്‍ ബാറുടമകള്‍ തന്നെ പ്രതികരിക്കട്ടെയെന്നാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.വിഷയവുമായി തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ബിജു ആരോപണത്തില്‍ ശക്തമായി അടിയുറച്ച് തന്നെ നില്‍ക്കുകയാണ്.വേണമെങ്കില്‍ സി ബി ഐ അന്വേഷണം വരെ നടത്താമെന്നും തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ബിജു രമേശ് പ്രതികരിച്ചു.

INDIANEWS24.COM KERALA

Leave a Reply