728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ ആരോപണം വിജിലന്‍സ് അന്വേഷിക്കും

തിരുവനന്തപുരം:പൂട്ടിയ ബാറുകള്‍ തുറപ്പിക്കാന്‍ ധനകാര്യമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.അന്വേഷണം ആവശ്യപ്പെട്ട് ശനിയാഴ്ച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച്ച അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കേസെടുക്കണോയെന്ന് തീരുമാനമെടുക്കൂ എന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.

പ്രതിപക്ഷനേതാവ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം ടി എന്‍ പ്രതാപന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിക്കും സുധീരനും പിന്നാലെ ശക്തമായ ഭാഷയിലാണ് ചെന്നിത്തലയും പ്രതികരിച്ചത്.പ്രതാപന്‍ സ്വയം ഒറ്റപ്പെടാതിരിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച്ച രാത്രിയാണ് ധനകാര്യമന്ത്രിക്കെതിരെ ഞെട്ടിക്കുന്ന ആരോപണം വന്നത്.കഴിഞ്ഞ ഏപ്രില്‍ മുതല്‍ പൂട്ടികിടക്കുന്ന 418 ബാറുകള്‍ തുറപ്പിക്കാം എന്ന് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.കേരള ബാര്‍ ഹോട്ടല്‍സ് അസസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ.ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്.അസോസിയേഷന്‍ കോഴ നല്‍കാന്‍ തയ്യാറായില്ലെങ്കിലും ചില ബാറുടമകള്‍ ചേര്‍ന്ന് സ്വന്തം നിലയ്ക്ക് ഒരുകോടി രൂപ നല്‍കിയെന്ന് ബിജു രമേശ് പറഞ്ഞു.ആദ്യം 15 ലക്ഷവും പിന്നീട് 85 ലക്ഷവുമായാണ് തുക നല്‍കിയതെന്ന് വിവരിച്ച ബിജു സി ബി ഐ അന്വേഷണം നടത്തിയാല്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു.

സംഭവം വിവാദമായതോടെ സി ബി ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.ഇതുകൂടാതെയാണ് വിജിലന്‍സില്‍ കത്ത് നല്‍കുക കൂടി ചെയ്തത്‌.

INDIANEWS24.COM TVPM

Leave a Reply