728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴക്കേസ്: വിജിലന്‍സിന്റെ കരുതല്‍ നീക്കം മാണിക്ക് തലവേദനയാകും

തിരുവനന്തപുരം:ബാര്‍ കോഴ ആരോപണത്തിലെ പ്രധാന ദൃക്‌സാക്ഷിയായ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.ധനമന്ത്രി കെ എം മാണിക്കെതിരെ മൊഴി നല്‍കിയിട്ടുള്ള മറ്റ് നാല് പേരെയും ഇത്തരത്തില്‍ നുണ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.സാക്ഷികള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴി ഉറപ്പിക്കുന്നതിനായി നടത്തിയിരിക്കുന്ന ഈ നീക്കത്തോടെ മാണിയുടെ കാര്യം കുടുതല്‍ പരുങ്ങലിലാകും.

ബാര്‍ കോഴക്കേസ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക്‌ കോടതിയില്‍ വിസാതാരം നടക്കുമ്പോള്‍ സാക്ഷികള്‍ കൂറുമാറാതിരിക്കാനാണ് ഈ നീക്കവുമായി വിജിലന്‍സ് മുന്നോട്ടുപോയത്.മാണിക്ക് ഔദ്യോഗിക വസതിയില്‍ വച്ച് കോഴ നല്‍കിയതിന് ഡ്രൈവര്‍ അമ്പിളി ദൃക്‌സാക്ഷിയാണെന്നാണ് ബിജു രമേശ് മൊഴി നല്‍കിയിരുന്നു.അമ്പിളി അക്കാര്യം സ്ഥിരീകരിക്കുകയും നുണപരിശോധനയ്ക്ക് വിധേയനാകാന്‍ തയാറാണെന്ന് സ്വമേധയാ വിജിലന്‍സിനെ അറിയിക്കുകയും ചെയ്തതാണ്.ഇതിന്റെ ബലത്തിലാണ് അന്വേഷണസംഘം വിജിലന്‍സ് പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്.അതേസമയം കെ എം മാണിക്ക് പണം കൈമാറിയെന്ന് കരുതുന്ന നാല് ബാറുടമകളുടെ നുണപരിശോധന സംബന്ധിച്ച് കോടതി ഈമാസം 16 ന് തീരുമാനമെടുക്കും.

പ്രധാന സാക്ഷിയുടെ മൊഴി കുറ്റമറ്റതാക്കാനുള്ള വിജിലന്‍സിന്റെ നീക്കം മാണിക്ക് തലവേദനയാകും.മാണിക്ക് ഔദ്യോഗിക വസതിയിലും പാലായിലെ വീട്ടിലും പണമെത്തിച്ചുവെന്ന് ബിജു രമേശ് ആരോപിച്ച നാല് ബാറുടമകളെയും അസോസിയേഷന്‍ ഭാരവാഹി രാജ്കുമാറിന്റെ ബന്ധു ശ്രീവല്‍സനേയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന വിജിലന്‍സിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു.രാജ്കുമാര്‍, എം ഡി ധനേഷ്, പി എം കൃഷ്ണദാസ് എന്നിവര്‍ നിലപാടറിയിക്കാന്‍ രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടു. എന്നാല്‍ ഈമാസം 16 നകം തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

അതേസമയം എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ പുതിയ കോഴയാരോപണത്തില്‍ വിജിലന്‍സ് എക്‌സൈസ് കമ്മിഷണര്‍ അനില്‍ സേവ്യറുടെ മൊഴിയെടുത്തു. ഡിവൈഎസ്പി എം കെ രമേശ് കുമാറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം എക്‌സൈസ് ആസ്ഥാനത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

INDIANEWS24.COM TVPM

Leave a Reply