728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ വീണ്ടും അന്വേഷണം;സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി.സംസ്ഥാന ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളി.കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ഉത്തരവിട്ടു.

മാണിക്കെതിരെ തെളിവില്ലെന്ന് സമര്‍ത്ഥിച്ചുകൊണ്ട് വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജി നിരാകരിച്ച കോടതി വിജിലന്‍സ് ഡയറക്ടര്‍ കേസില്‍ ഇടപടെല്‍ നടത്തിയതിനെ വിമര്‍ശിച്ചു.ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും ഡയറക്ടറുടെ നടപടികള്‍ തെറ്റാണെന്നും കോടതിയുടെ നിരീക്ഷിച്ചു.കേസ് അന്വേഷിച്ച എസ്പി ആര്‍. സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ മറികടന്ന് മാണിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു.അന്തിമ റിപ്പോര്‍ട്ട് കോടതിയിലെത്തിയത് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനപ്രകാരമാണെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍.വിജിലന്‍സ് എസ്പി ആര്‍. സുകേശന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയാണെന്ന് അറിയിച്ച കോടതി സുകേശന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശന്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടിലെ കണ്ടെത്തുകള്‍ പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മാണി 25 ലക്ഷം രൂപ കോഴ വാങ്ങിയതിന് സാഹചര്യ തെളിവും ശാസ്ത്രീയ തെളിവും ഉണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേഷന്റെ വസ്തുതാ റിപ്പോര്‍ട്ട്. കോടിക്കണക്കിന് രൂപ ബാറുമടകള്‍ പിരിച്ചതിനെ കുറിച്ച് വ്യക്തമായ കണക്കുകളുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് മറികടന്നാണ് മാണിക്കെതിരെ വ്യക്തമായ തെളിവില്ലെന്ന് അന്തിമറിപ്പോര്‍ട്ട് വിജിലന്‍സ് നല്‍കിയത്. വസ്തുതാ റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി തുടരന്വേഷണം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇന്നത്തെ ഉത്തരവിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ ഐ പി എസ്. അവധിയില്‍ പ്രവേശിച്ചു.തന്റെ നിര്‍ദേശ പ്രകാരമാണ് ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായ തെളിവുകള്‍ ഇല്ലെന്ന അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്ന ആരോപണം അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിച്ചു.

അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ കെ എം മാണി കോഴ വാങ്ങിയെന്ന ബിജുരമേശിന്റെ ആരോപണത്തിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി സുകേശന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം 10 പേരാണ് കേസില്‍ കക്ഷിചേര്‍ന്നത്. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ 9 പേര്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തപ്പോള്‍ തൊടുപുഴ സ്വദേശി സണ്ണിമാത്യു റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നായിരുന്നു വാദിച്ചത്. കോടതിയെ സഹായിക്കാനെന്ന പേരില്‍ ഹര്‍ജിക്കാരനുവേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ഹാജരായത്. കോടതി നിര്‍ദ്ദേശ പ്രകാരം എല്ലാ രേഖകളും വിജിലന്‍സ് കോടതിയില്‍ ഹാജാരാക്കിയിരുന്നു.

INDIANEWS24.COM T V P M

Leave a Reply