728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍കോഴ:ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 25ന് എല്‍ ഡി എഫ് മാര്‍ച്ച്

തിരുവനന്തപുരം: ബാറുകള്‍ പൂട്ടിക്കാതിരിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണവിധേയനായ സംസ്ഥാന ധനകാര്യമന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 25ന് എല്‍ ഡി എഫ് മാര്‍ച്ച് നടത്തും.തിങ്കളാഴ്ച്ച ചേര്‍ന്ന ഇടത് മുന്നണി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.മാണിക്കെതിരെ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനമായി.ഇത് സംബന്ധിച്ച് നാളെ എല്‍ ഡി എഫ് കണ്‍വീനര്‍ ഹൈക്കോടതിയെ സമീപിക്കും.

ഇടത് മുന്നണിയിലെ പ്രമുഖ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് മുന്നണി ഒറ്റക്കെട്ടായി നീങ്ങുവാന്‍ യോഗത്തില്‍ തീരുമാനമായി.സി പി എം – സി പി ഐ തര്‍ക്കങ്ങള്‍ മുന്നണിയെ ബാധിച്ചുവെന്ന് മറ്റ് കക്ഷികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന സി പി ഐ പരാമര്‍ശം ശരിയായില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.പാര്‍ട്ടിക്കെതിരെയാണ് അത്തരം പരാമര്‍ശങ്ങളുണ്ടായതെങ്കില്‍ അതിന്റെ ക്ഷീണം മുന്നണിക്കാകെയാണെന്ന് അദ്ദേഹം പറഞ്ഞു.കെ എം മാണിയുമായി ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് പിണറായി യോഗത്തില്‍ അറിയിച്ചു.

പിണറായി പറഞ്ഞ കാര്യങ്ങള്‍ക്ക് മറ്റ് കക്ഷികളും പിന്തുണ നല്‍കി.അതേസമയം തന്റെ പരമാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെ ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ നടത്താനിരിക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഒറ്റക്കെട്ടായി നിന്ന് ശക്തിപ്പെടുത്താനാണ് എല്‍ ഡി എഫ് തീരുമാനം.

INDIANEWS24 TVPM

Leave a Reply