തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരായ കോഴ ആരോപണത്തില്‍ നിര്‍ണായകമായ സാക്ഷിമൊഴി സ്ഥിരീകരിക്കാന്‍ നുണ പരിശോധനയാകാമെന്ന് വിജിലന്‍സ് കോടതി.ബാറുകള്‍ തുറപ്പിക്കുന്നതിനായി മാണി പണം വാങ്ങുന്നത് കണ്ടുവെന്ന സംസ്ഥാന ബാര്‍ അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ഡോ.ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.നുണപരിശോധനയ്ക്ക് വിധേയനാക്കാനുള്ള തീയതി തീരുമാനിക്കാന്‍ ഫോറന്‍സിക് ലാബ് അധികൃതര്‍ക്കും കോടതി നിര്‍ദ്ദേശം നല്കി.
മാണിക്ക് കൊടുത്ത ഒരു കോടി രൂപയില്‍ 35 ലക്ഷം രൂപ അദ്ദേഹത്തിന്റെ പാലായിലെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തത് താനാണെന്നാണ് അ്മ്പിളി വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത്.ബാറുടമയായ ശ്രീവത്സന്റെ ബന്ധുവിന്റെ വീട്ടില്‍ പണം സൂക്ഷിക്കുകയും മന്ത്രി മാണി വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു പണം കൈമാറിയതെന്നും അമ്പിളി പറഞ്ഞിരുന്നു.
കേരളത്തെ ഞെട്ടിച്ച ആരോപണത്തില്‍ നിര്‍ണായക സാക്ഷി കേസ് വിസ്താരത്തിനിടെ കൂറുമാറാതിരിക്കാനാണ് അന്വേഷണ സംഘം നുണ പരിശോധനയ്ക്ക് അനുമതി തേടിയത്.കേസില്‍ മൊഴി നല്കിയ നാല് ബാര്‍ ഉടമകളെ കൂടി നുണപരിശോധനയക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.ഇതിന്മേല് വിജിലന്‍സ് കോടതി 16ന് വിധി പറയും.
INDIANEWS24.COM TVPM