പ്രവാസലോകത്തെ കാഴ്ചകളും ബിസിനസ് വാര്‍ത്തകളും പ്രതിഭകളും പ്രതിപാദ്യ വിഷയമാകുന്ന ഇന്ത്യാ ന്യൂസിന്റെ പംക്തിയില്‍ ഇക്കുറി പരിചയപ്പെടുത്തുന്നത് ഒരു ബഹു മുഖ പ്രതിഭയെയാണ്, മൊയ്ദീന് കോയ.
പ്രവാസി മലയാളിക്ക് ആമുഖം ആവശ്യമില്ലാത്ത ഈ നാമം ഇന്ന് അറേബ്യയും കടന്നു പുതിയ വഴിത്താരകളിലേയ്ക്ക് എത്തുകയാണ്. പി ടി കുഞ്ഞു മുഹമ്മദിന്റെ ഗര്ഷോമിലൂടെയും അറബിക്കഥ,ഡയമണ്ട് നെക്ലേസ് തുടങ്ങിയ ലാല്‍ ജോസ് ചിത്രങ്ങളിലൂടെയും കമലിന്റെ ഗദ്ദാമയിലൂടെയും മലയാളിയുടെ പൂമുഖത്ത് തനിക്കും ഒരിപ്പിടം കണ്ടെത്തിയ കോയ എന്ന കോഴിക്കോട്ടുകാരന് ഇന്ന് സിനിമയിലും ടെലിവിഷനിലും ഏറെ സജീവമാണ്.
കോയ തന്റെ രണ്ടു ദശാബ്ദങ്ങള്‍ നീളുന്ന പ്രവാസ ജീവിതത്തില്‍ ചുക്കാന്‍ പിടിച്ചത് മലയാളി നെഞ്ചിലേറ്റിയ ഒരു പിടി സംരംഭങ്ങള്‍ക്കാണ്.എഞ്ചിനീയറിംഗ് പശ്ചാത്തലവുമായി ഗള്‍ഫ് നാടുകളിലെത്തിയ കോയ തിളങ്ങിയത് മാധ്യമ രംഗത്തായിരുന്നു എന്നത് കൌതുകകരമാണ്.ഏഷ്യാനെറ്റ് റേഡിയോ,ഉമ്മല്‍ഖ്വയിന്‍ റേഡിയോ,മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍,അറേബ്യ ദിനപത്രം,ജീവന് ടി വി തുടങ്ങി നിരവധി സംരംഭങ്ങള്‍ കോയയുടെ മാന്ത്രിക വടിയിലൂടെ ജീവന് ലഭിച്ച പ്രസ്ഥാനങ്ങളായിരുന്നു.
ഇന്ന് യു എ ഇ എക്സ്ചേഞ്ചിന്റെ മീഡിയ റിലേഷന്‍സ് വിഭാഗത്തിന്റെ ആഗോള തലവനായി പ്രവര്‍ത്തിച്ചു വരുന്ന മൊയ്ദീന് കോയ,ടി വി – സിനിമ – തിയേറ്റര്‍ -റേഡിയോ – ഓണ്‍ലൈന്‍ തുടങ്ങി മീഡിയയുടെ സമസ്ത തലങ്ങളിലും ഒരു പോലെ സജീവമാണ്.കൂടാതെ സാഹിത്യത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും ഒരു പോലെ പ്രതിജ്ഞാബദ്ധമായ ഇടപെടലുകള്‍ നടത്തുന്ന കോയ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന സലാമത്ത് കഫെ എന്ന കൈരളി അറേബ്യയുടെ പരിപാടി ചുരുങ്ങിയ എപിസോഡുകള്‍ കൊണ്ട് തന്നെ ജനപ്രീതി നേടിയിരിക്കുകയാണ്.കോയയോളം വൈവിധ്യ പൂര്‍ണ്ണമായ ഒരു കരിയര്‍ സ്വായത്തമാക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ തുലോം വിരളമാണ്. ആദാമിന്റെ മകന് അബുവിലൂടെ ദേശീയ പുരസ്കാരം നേടിയ പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലെ വേഷം തനിക്ക് ഏറെ പ്രതീക്ഷ തരുന്നതാണെന്ന് കോയ പ്രത്യാശിക്കുന്നു. പേര്‍ഷ്യാക്കാരന്‍,അമീബ,കാട്ടുമാക്കാന് തുടങ്ങി ഒരു തമിഴ് ചിത്രമുള്‍പ്പെടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലിരിക്കുന്ന നിരവധി ചിത്രങ്ങളില്‍ കോയ വേഷമിടുന്നുണ്ട്. മൊയ്ദീന് കോയ കൂടുതല്‍ വിശാലമായ ഒരു ലോകത്തിലേയ്ക്കുള്ള അയനത്തിന്റെ തയ്യാറെടുപ്പിലാണ്.കാത്തിരിക്കാം നമുക്ക് കൂടുതല്‍ കോയ വിശേഷങ്ങള്‍ക്കായി.
Mani Kottakkal
May 7, 2015 at 1:58 AM
നാൾക്കുനാൾ പുതിയ മാനങ്ങളിലേക്ക് കുതിക്കുന്ന പ്രിയ സുഹുർത്ത് ശ്രീ കോയക്ക് ഒരായിരമായിരം അഭിനന്ദനങ്ങൾ – ആശംസകൾ …!