728-pixel-x-90-2-learn
728-pixel-x-90
<< >>

ബഹറിനിൽ വിസയില്ലാത്തവർക്ക് നിയമവിധേയമായ ജോലിക്കുള്ള അവസരമൊരുങ്ങുന്നു

മനാമ:വിസയില്ലാതെ ബഹറിനിൽ തുടരുന്നവർക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള അവസരമൊരുങ്ങുന്നു.’ഫ്‌ളെക്‌സിബ്ള്‍ വര്‍ക്‌പെര്‍മിറ്റി’നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതോടെയാണ് ഇത് മാസങ്ങൾക്കുള്ളിൽ നടപ്പാക്കാൻ പോകുന്നത്.ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഉസാമ അല്‍ അബ്‌സി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മന്ത്രിസഭാതീരുമാനത്തെ തുടര്‍ന്നാണ് ഫ്‌ളക്‌സിബിള്‍ വര്‍ക് പെര്‍മിറ്റിനായുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ എല്‍.എം.ആര്‍.എ തീരുമാനിച്ചത്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. ഫ്‌ളക്‌സിബിള്‍ വര്‍ക്‌പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാര്‍ട്ട് ടൈം ആയോ, മുഴുവന്‍ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴില്‍ പ്രവര്‍ത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്‌ളക്‌സിബിള്‍ വര്‍ക്‌പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. വിവിധ കാരണങ്ങളാല്‍ മതിയായ രേഖകളില്ലാതെ ഇവിടെ തുടരേണ്ടിവന്നവര്‍ക്ക് നിയമവിധേയമായി രാജ്യത്ത് തുടരാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. റണ്‍എവെ കേസുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. താമസം, സോഷ്യല്‍ ഇന്‍ഷൂറന്‍സ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളിക്കുതന്നെയായിരിക്കും. ആറുമാസത്തിനുള്ളില്‍ ഇത് നടപ്പാക്കി തുടങ്ങും. ആദ്യഘട്ടത്തില്‍ പ്രതിമാസം 2000 പേര്‍ക്കാണ് പെര്‍മിറ്റ് നല്‍കുക.നിലവില്‍ 2016 സപ്തംബര്‍ വരെയുള്ള കാലത്ത് ജോലി നഷ്ടപ്പെടുകയോ വിസ പുതുക്കാതിരിക്കുകയോ ചെയ്തശേഷവും ബഹ്‌റൈനില്‍ തുടരുന്നവര്‍ക്കാണ് ഫ്‌ളക്‌സിബിള്‍ പെര്‍മിറ്റ് എടുക്കാനാവുക. രണ്ടുവര്‍ഷത്തേക്കാണ് ഇത് അനുവദിക്കുക.

200 ദിനാര്‍ ആണ് ഫ്‌ളക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ് ഫീസ്. ഹെല്‍ത്ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാര്‍ വീതവും നല്‍കണം. ഇതിനുപുറമെ, നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നല്‍കേണ്ടി വരും. ഫ്‌ളക്‌സിബിള്‍ വര്‍ക്കര്‍, ഫ്‌ളക്‌സിബിള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ എന്നിങ്ങനെ രണ്ടു തരം വര്‍ക്‌പെര്‍മിറ്റുകളാണ് അനുവദിക്കുക. കഫ്റ്റീരിയ, റസ്റ്റോറന്റ്, ഹോട്ടല്‍, സലൂണ്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഫ്‌ളക്‌സിബിള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ പെര്‍മിറ്റ് നല്‍കുന്നത്. ഇവര്‍ പ്രത്യേക മെഡിക്കല്‍ ടെസ്റ്റ് പാസാകേണ്ടി വരും. ഫിബ്രവരിയോടെ ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിക്കും.

INDIANEWS24.COM Gulf Desk

Leave a Reply