കൊട്ടാരക്കര:നാടിനെ നടുക്കി എം സി റോഡില്‍ ആയുര്‍ കമ്പംകോട്ട് ഉണ്ടായ ബസ്സ് അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു.തിരുവനന്തപുരം ഇന്‍ഫോസിസ്, ടെക്നോപാര്‍ക്ക് ജീവനക്കാരും കൂട്ടുകാരുമായ മൂന്ന് പേരാണ് മരിച്ചത്.പെരുമ്പാവൂര്‍ കുറുപ്പംപടി കൊച്ചിക്കല്‍ വീട്ടില്‍ കെ പി വര്‍ക്കി-സി പി മേരി ദമ്പതികളുടെ മകള്‍ രമ്യ കെ പി(26),പത്തനംതിട്ട സ്വദേശികളായ ലിന്‍സ് തോമസ്(26),ജോണ്‍ സാമുവലിന്റെ മകന് റിമി ജോര്‍ജ് വര്‍ഗീസ്(26) എന്നിവരാണ് മരിച്ചത്.
ഇതില്‍ രമ്യ കെ പിയെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു.രമ്യയും ലിന്‍സും ഇന്‍ഫോസിസിലാണ് ജോലി ചെയ്യുന്നത്.റോമി ജോര്‍ജ് വര്‍ഗീസ് ടെക്നോപാര്‍ക്കിലെ യു എസ് ടി ഗ്ലോബല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ ആയൂര്‍ കമ്പംകോട് പാലത്തിന് സമീപത്താണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും അങ്കമാലിക്ക് പോകുകയായിരുന്ന കെ എസ് ആര് ടി സി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ വശത്തേക്ക് പുനലൂരില്‍ നിന്നും ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിച്ചു കയറുകയായിരുന്നു.വീക്ക് എന്‍ഡ് കണക്കിലെടുത്ത് വെള്ളിയാഴ്ച്ച തോറും ഇന്‍ഫോസിസ്,ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കുവേണ്ടി സ്പെഷ്യല്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര് ടി സി ബസ്സാണ് അപകടത്തില്‍ പെട്ടത്.ജനത എന്ന് പേരായ സ്വകാര്യ ബസ്സ് കെ എസ് ആര് ടി സി ബസ്സിന്റെ വശത്ത് ഇടിച്ച് അകത്തേക്ക് കയറുകയായിരുന്നു.
INDIANEWS24.COM Kottarakkara