ന്യൂയോര്‍ക്ക്: യുവതിയായിരിക്കെ ബലാല്‍സംഗത്തിന് വിധേയയായിട്ടുണ്ടെന്ന് ലോകപ്രശസ്ത അമേരിക്കന്‍ പോപ് ഗായിക മഡോണയുടെ വെളിപ്പെടുത്തല്‍. ഒരു അമേരിക്കന്‍ മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ്, സൂപ്പര്‍താരം ആകുന്നതിനു മുമ്പ് താന്‍ അനുഭവിച്ച ദുരിതങ്ങള്‍ അമ്പത്തഞ്ചുകാരിയായ മഡോണ തുറന്നുപറയുന്നത്.
ലോകമറിയുന്ന ഒരു കലാകാരിയാകണം എന്ന സ്വപ്നവുമായാണ് മിഷിഗണിലെ റോച്ചെസ്റ്ററില്‍ നിന്ന് ന്യൂയോര്‍കിലേക്ക് ജീവിതം പറിച്ചുനട്ടതെന്ന് മഡോണ പറയുന്നു. എന്നാല്‍ പ്രതീക്ഷിച്ചപോലെ ന്യൂയോര്‍ക്ക് എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചില്ല. ഒരിക്കല്‍ അജ്ഞാതനായ ഒരാള്‍ എന്നെ കത്തിചൂണ്ടി ഭീക്ഷണിപ്പെടുത്തി ഒരു കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. ഞാന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് അറിയപ്പെടാത്ത കാരണത്താല്‍ മൂന്ന് തവണ ആക്രമിക്കപ്പെട്ടു. ഗായികയെന്ന നിലയില്‍ പേരെടുക്കുന്നതിനു മുമ്പ് അപ്പാര്‍ട്മെന്റിന്റെ വാടക അടയ്ക്കാനും കുടുംബം പുലര്‍ത്താനും ചില മാഗസിനുകള്‍ക്കായി അര്‍ദ്ധനഗ്ന ഫോട്ടോയ്ക്ക് പോസ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും മഡോണ പറയുന്നു.
എന്നാല്‍ ഇത്തരം ദുരന്തങ്ങളും വെല്ലുവിളികളും എന്നെ കൂടുതല്‍ ശക്തയാക്കുകയാണ് ചെയ്തത്. അന്ന് പകച്ചുപോയിരുന്നെങ്കില് ഇന്ന് ഞാന്‍ ഉണ്ടാകുമായിരുന്നില്ല- മഡോണ പറഞ്ഞു.
ലോകമാകെ ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റ ഗായികയുടെ ഗിന്നസ് റെക്കോഡ് മഡോണയുടെ പേരിലാണ്. ഈ നൂറ്റാണ്ടില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ 10 വനിതകളില്‍ ഒരാളായി മഡോണയെ ടൈം മാഗസിന് തെരഞ്ഞെടുത്തിരുന്നു.