728-pixel-x-90-2-learn
728-pixel-x-90
<< >>

പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ജനോപകാരപ്രദം; ഐസക്ക് പ്രതീക്ഷ നിറവേറ്റി

തിരുവനന്തപുരം:പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനപ്രിയമേറിയതും നികുതി വരുമാന വര്‍ദ്ധനവിലൂടെ സര്‍ക്കാരിന്റെ നഷ്ടം മറികടക്കാനും ലക്ഷ്യമിട്ടുള്ളത്.ധനമന്ത്രി ഡോ.തോമസ് ഐസക് ആണ് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ഉച്ചവരെ ബജറ്റ് അവതരിപ്പിച്ചത്.മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തേത് പോലെ സാഹിത്യ കൃതികളെ പരാമര്‍ശിച്ചുകൊണ്ടു തന്നെയായിരുന്നു ഇത്തവണയും അദ്ദേഹത്തിന്റെ ബജറ്റ് അവതരണം.

രാവിലെ ഒമ്പതോടെ നിയമസഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി.ശ്രീനാരായണ ഗുരുവിന്റെ വചനമായ നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപനത്തിലൂടെയാണ് തുടങ്ങിയത്.മൂന്ന മണിക്കൂര്‍ നീണ്ട ബജറ്റ് അവതരണം ഉച്ചയ്ക്ക് 12 ന് ശേഷം മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച പ്രശസ്ത കവി ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ ചൊല്ലി അവസാനിപ്പിച്ചു.

സാമൂഹിക ക്ഷേമം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.ബിന്ന ലിംഗത്തില്‍പ്പെട്ടവര്‍ക്കുള്ള ആനുകൂല്യം പ്രത്യേകം പരിഗണിക്കാനും ബജറ്റ് തയ്യാറായി.വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിനൊപ്പം നികുതിവരുമാനത്തിലൂടെ സര്‍ക്കാര്‍ വരവ് ഗണ്യമായി കൂട്ടാനും ലക്ഷ്യമിട്ടിട്ടുണ്ട്.എട്ട് മാസം കൊണ്ട് എണ്ണൂറ് കോടി രൂപയിലധികം തുകയാണ് പ്രതീക്ഷിക്കുന്നതെന്ന് ബജറ്റില്‍ അറിയിച്ചു.

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ എല്ലാം ആയിരം രൂപയാക്കി.തൊഴിലുറപ്പ് പദ്ധതിയില്‍ അറുപത് കഴിഞ്ഞവരെയും ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകളെയും ഉള്‍പ്പെടുത്തി. പുതുതായി പെന്‍ഷന്‍ ഏര്‍പ്പെടുത്തി.കാരുണ്യ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കിമാറ്റി.ഓരോ നിയമസഭാ മണ്ഡലത്തിലേയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ വീതം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നത് മറ്റൊരു പ്രധാന പ്രഖ്യാപനമാണ്.ഇതിനായി ആയിരം കോടി രൂപ നീക്കിവെക്കും.

നികുതി വരുമാനം കൂടാതെ പ്രത്യേക നിക്ഷേപ പദ്ധതി, ട്രഷറി സേവിങ്‌സ് അക്കൗണ്ടിലെ നിക്ഷേപത്തിന് ഉയര്‍ന്ന പലിശ തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ ഖജനാവിന്റെ കരുതലിനായി പ്രഖ്യാപിച്ചു.സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്ന വെളിച്ചെണ്ണ,തുണിത്തരങ്ങള്‍, പായ്ക്ക് ചെയ്ത ഗോതമ്പുകള്‍, ബസുമതി അരി.ബര്‍ഗര്‍,പിസ പോലുള്ള പലഹാരങ്ങള്‍ ഡിസ്‌പോസബിള്‍ പ്ലേറ്റുകള്‍ എന്നിവയ്ക്ക് നികുതി കൂട്ടിയിട്ടുണ്ട്.പഴയ വാഹനങ്ങള്‍ക്ക് ഗ്രീന്‍ടാക്‌സ്,ഭാഗാധാരത്തിന്റെ രജിസ്‌ട്രേഷന്‍ ഫീയില്‍ വര്‍ദ്ധന തുടങ്ങിവയും സര്‍ക്കാര്‍ വരുമാനം കൂട്ടാനുള്ള മാര്‍ഗങ്ങളായി ബജറ്റില്‍ പറയുന്നു.

INDIANEWS24.COM T V P M

Leave a Reply