jio 800x100
jio 800x100
728-pixel-x-90
<< >>

ബംഗാള്‍ നാടകാന്തം മമത്വം !

കൊൽക്കത്ത:പ്രധാന മന്ത്രി  നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് കേന്ദ്രത്തിനെതിരായി കൊൽക്കത്ത മെട്രോ ചാനലിൽ നടത്തിവന്ന ധർണ്ണ മമത ബാനർജി അവസാനിപ്പിച്ചു.കൊൽക്കത്തയിൽ പോലീസും സി ബി ഐയും തമ്മില്‍ കൊമ്പു കോര്‍ത്തതിനെത്തുടര്‍ന്  നടന്ന നാടകീയ നീക്കങ്ങളുടെ തുടർച്ചയായാണ് മമത സമരം തുടങ്ങിയത്.കോടതിയിൽ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്നും പ്രഖ്യാപിച്ചാണ് മമതാ ബാനർജി സമരം അവസാനിപ്പിച്ചത്.അടുത്തയാഴ്ച ഈ വിഷയം ദില്ലിയിൽ ഉയർത്തുമെന്നും സമരം അവസാനിപ്പിച്ചുകൊണ്ട് മമത പ്രഖ്യാപിച്ചു. കേന്ദ്രം പ്രതികാരം തീർക്കുന്നതായി ആരോപിച്ച മമത സംസ്ഥാന ബജറ്റിന് കഴിഞ്ഞ ദിവസം സമരപ്പന്തലിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വാർഷിക മെഡലുകൾ സമ്മാനിച്ചതും സമരവേദിയിൽ തന്നെ ആയിരുന്നു.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു കേസ് അന്വേഷിച്ച ബംഗാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചു എന്ന് ആരോപിച്ചു കൊണ്ട് സി ബി ഐ ഉദ്യോഗസ്ഥര്‍ ബംഗാള്‍ പോലീസ് മേധാവിയെ ചോദ്യം ചെയ്യണമെന്ന നിലപാട് എടുത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.പോലീസുകാര്‍ കൊല്‍ക്കത്തയിയിലെ സി ബി ഐ ആസ്ഥാനം വളയുകയും തുടര്‍ന്ന് കേന്ദ്രസേന പോലീസുകാരെ ഒഴിവാക്കി സി ബി ഐ ഓഫീസിനു സംരക്ഷണം എര്‍പ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് സി ബി ഐ സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.എന്നാല്‍ ബംഗാള്‍ പോലീസ് മേധാവിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മമതാ ബാനര്‍ജിയുടെ പെയിന്റിംഗുകള്‍ അസാധാരണമായ നിലയില്‍ വന്‍ തുകയ്ക്ക് ശാരദാ ചിറ്റ് ഫണ്ട് അധികൃതര്‍ വാങ്ങിയതും ഒരു തൃണമൂല്‍  എം പി യെ ശാരദാ ചിറ്റ്സിന്റെ  സി ഇ ഒ ആയി മാസം പതിനാറു ലക്ഷം രൂപ  പ്രതിഭലത്തിനു നിയമിച്ചതും തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ വന്‍ അഴിമതിയാണെന്നും കുംഭകോണത്തില്‍ അവര്‍ക്കും പങ്കുണ്ടെന്നും ബി ജെ പി ആരോപിച്ചിരുന്നു.

എന്തായാലും ദീദി Vs മോദി എന്നൊരു  പ്രചരണം അഴിച്ചു  വിട്ടു നരേന്ദ്ര മോദിയുടെ ലക്ഷണമൊത്ത പ്രതിപക്ഷത്തെ എതിരാളി താനാണ് എന്ന് വരുത്തി   തീര്‍ക്കാന്‍ മമതയ്ക്ക് കഴിഞ്ഞത് ശ്രദ്ധേയമായി.മമതയുടെ രാഷ്ട്രീയ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തിയത്.കോണ്‍ഗ്രസിനും രാഹുലിനും പാളയത്തിലെ പടയും നേരിടേണ്ടി വരും എന്ന് ഈ സംഭവം അടിവരയിടുന്നു.അടുത്തിടെ സി പി എമ്മിന്റെ നേത്രുത്വത്തില്‍ ബ്രിഗേഡ് ഗ്രൗണ്ടില്‍  നടന്ന മഹാറാലി തൃണമൂലിന്റെയും മമതയുടെയും ഉറക്കം കെടുത്തിയിരുന്നു.റാലിയുടെ മഹാവിജയത്തിന് ലഭിച്ച മാധ്യമശ്രദ്ധയില്‍ നിന്നും വഴി തിരിച്ചു വിടാനാണ് മമത “ബംഗാള്‍ നാടകം” കളിച്ചതെന്നു സി പി എം നേതൃത്വം ആരോപിച്ചിരുന്നു.ഏതായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബംഗാള്‍ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.ഇനി ഡല്‍ഹിയില്‍ എന്ത് നീക്കമാണ് മമത നടത്തുകയെന്ന് ബി ജെ പി യും പ്രതിപക്ഷ കക്ഷികളും ഉറ്റു നോക്കുകയാണ്.

INDIANEWS24 BENGAL DESK

 

Leave a Reply