728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഫോട്ടോഷോപ്പിലൂടെ’ എവറസ്റ്റ് കീഴടക്കി; പോലീസ് ദമ്പതികളുടെ പണിതെറിച്ചു

പൂണെ: എവറസ്റ്റ് കീഴടക്കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ പോലീസ് ദമ്പതികളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. മഹാരാഷ്ട്ര പോലീസിന്റെ നടപടിയില്‍ പൂണെ പോലീസിലെ കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിക്കും ആണ് തൊഴില്‍ നഷ്ടപ്പെട്ടത്. സംഭവം വ്യാജമാണെന്ന ആരോപണം ശക്തമായപ്പോള്‍ ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എവറസ്റ്റിന് മുകളില്‍ നില്‍ക്കുന്നതായുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ദമ്പതികളുടെ വ്യാജ പ്രചാരണം. എന്നിട്ട് എവറസ്റ്റ് കീഴടക്കിയ ആദ്യ ദമ്പതികളെന്ന് അവകാശവാദവും നിരത്തി. ഫോട്ടോഷോപ്പിലൂടെ മോര്‍ഫ് ചെയ്ത ചിത്രമാണ് ഇവര്‍ പ്രചാരണത്തിനായി ഉപയോഗിച്ചത്. ചിത്രം തെളിവായി കാട്ടി ഇരുവരും നേപ്പാള്‍ ടൂറിസം മന്ത്രാലയത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റും നേടിയെടുത്തു.

ദമ്പതികള്‍ എവറസ്റ്റ് കീഴടക്കിയതായുള്ള പ്രചാരണത്തിനെതിരെ മറ്റ് പര്‍വ്വതാരോഹകരാണ് രംഗത്തെത്തിയത്. ആരോപണം ശക്തമായതോടെ നേപ്പാള്‍ ടൂറിസം മന്ത്രാലയവും പൂനെ പോലീസും അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തില്‍ ഇരുവരും ചേര്‍ന്ന് വ്യാജപ്രചാരണം നടത്തി കബളിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. മഹാരാഷ്ട്ര പോലീസിനെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ ദമ്പതികളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്നതായി പൂണെ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അറിയിക്കുകയായിരുന്നു.

INDIANEWS24.COM Pune

Leave a Reply