jio 800x100
jio 800x100
728-pixel-x-90
<< >>

ഫെസ്റ്റിവല്‍ ഹൃദയത്തിലൂടെ … IFFK 2013 !!!

തിരുവനന്തപുരം : പാതിരാത്രി വരെ സിനിമാകണ്ടും സിനിമാകാര്യങ്ങൾ ചർച്ചചെയ്തും ഉറങ്ങുന്ന ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റുകൾ പുലർച്ചെ രണ്ടു മണിക്കും മൂന്നു മണിക്കും മൊബൈൽ കിളിനാദം കേട്ട് ഞെട്ടിയുണരുകയാണ്. ഷെഡ്യൂൾ മാറ്റം അറിയിച്ചു കൊണ്ടുള്ള സംഘാടക സമിതിയുടെ അറിയിപ്പാണ്  നേരവും കാലവും നോക്കാതെ സിനിമാസ്വാദകരുടെ ഉറക്കം കളയാനെത്തുന്നത്.  ഇഷ്ട സിനിമാ കാണാനായി മുൻ കൂർ സീറ്റ് റിസർവ്വ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്നു കാണിച്ച്  ഒരു മെസേജ്… അതു കണ്ട് സീറ്റ് റിസർവ്വ് ചെയ്തതിനു പിറകേ അതാ  റിസർവേഷൻ സൗകര്യം നിർത്തലാക്കിയിരിക്കുന്നു എന്നും ആദ്യം വരുന്നവർക്ക് കാണാം എന്നും പറഞ്ഞ് അടുത്ത മെസേജ്…  ചില ന്യൂ ജനറേഷൻ സിനിമകൾക്ക് തലവെച്ചു കൊടുത്തതു പോലെ തലയ്ക്കടിയേറ്റ  അവസ്ഥയിലാണ് ഫെസ്റ്റിവൽ പ്രേമികൾ.

ഡെലിഗേറ്റ് പാസും ഫെസ്റ്റിവൽ ഹാൻഡ് ബുക്കും വാങ്ങാൻ ടാഗോർ തീയറ്ററിലെത്തിയവർക്കു മുന്നിൽ സംഘാടക സമിതിക്കാർ കൈ മലർത്തി. പാസു വേണമെങ്കിൽ തരാം ഹാൻഡ് ബുക്ക് തീർന്നു പോയത്രേ.. പ്രതിഷേധം ശക്തമായപ്പോൾ വീണ്ടും  അച്ചടിക്കാനുള്ള ഓർഡർ കൊടുത്തിട്ടുണ്ടെന്ന് അറിയിപ്പ് വന്നു. അടുത്ത ഫെസ്റ്റിവൽ ആകുമ്പോഴേക്കും അച്ചടിച്ച് കിട്ടുമോ എന്ന് പ്രതിനിധികൾ.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഫെസ്റ്റിവൽ വേദികളിൽ ജനത്തിരക്കിനൊട്ടും കുറവില്ല. ഫെസ്റ്റിവൽ പ്രേമികൾ കാത്തിരുന്ന ഞായറാഴ്ച്ചയായ ഇന്നലെ എല്ലാ വേദികളിലേക്കും സിനിമാസ്വാദകരുടെ കുത്തൊഴുക്കായിരുന്നു. നിലത്തിരുന്നും സീറ്റിനു പുറകിൽ നിന്നും ഒക്കെ ആസ്വാദകർ തങ്ങളുടെ ഇഷ്ടസിനിമകൾ കണ്ടു. ജൂറിയംഗങ്ങൾക്ക് പോലും സീറ്റ് കിട്ടാത്ത സ്ഥിതിയിൽ സംഘാടകർ അവർക്കായി  പ്ലാസ്റ്റിക് കസേരകൾ സംഘടിപ്പിച്ചു തലയൂരി.  രാജ്യാന്തര രംഗത്തെ പുതിയ സിനികൾ മേളയ്ക്കെത്തിക്കാൻ സംഘാടകർ ശ്രമിച്ചെങ്കിലും  ഗുണനിലവാരത്തിലും പ്രേക്ഷകപ്രീതിയിലും അവ പിന്നോക്കം പോയെന്നാണ് സിനിമാസ്വാദകരുടെ വിലയിരുത്തൽ. മൽസരവിഭാഗത്തിലെ ഇതു വരെ പ്രദർശിപ്പിച്ചവയിൽ ചുരുക്കം സിനിമകൾ മാത്രമാണ് മികച്ച നിലവാരം പുലർത്തിയത്. ഏറെ പ്രതീക്ഷകളോടെ പലചിത്രങ്ങളും കാണാനെത്തിയ പ്രേക്ഷകർ നിലവാരമില്ലാത്തവയെ കണക്കിനു കളിയാക്കുകയും ചെയ്തു.  സിനിമാചർച്ചകളും വിമർശനങ്ങളുമൊക്കെയായി മേളയ്ക്ക് കൊഴുപ്പേകിയിരുന്ന ഓപ്പൺ ഫോറം നിർത്തലാക്കിയതും മേളയുടെ മാറ്റു കുറക്കുന്നുണ്ട്.  വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടേയും മേള എന്ന സങ്കല്പത്തിൽ നിന്നും  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ചർച്ചാവേദികളിൽ ഉറങ്ങുന്ന മേളയാക്കി മാറ്റിയതിൽ സംഘാടകർ വിമർശനമേറ്റു വാങ്ങുന്നുണ്ട്.

മേളയുടെ ഭാഗമായുള്ള അരവിന്ദൻ സ്മാരക പ്രഭാഷണം പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ മാർക്കോ ബലാച്ചിയോ നിർവ്വഹിച്ചു.  വർഷം തോറും ഒട്ടേറെ സിനിമകൾ ഇറ്റലിയിൽ നിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും  നാമ മാത്രമായവ മാത്രമാണ് തീയേറ്ററുകളിലെത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.  ഇൻഡ്യൻ സിനിമാ നിർമ്മാണ രീതികളിൽ നിന്നും ഇറ്റലിക്കാർ ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെസ്റ്റിവലിന്റെ മുഖ്യ വേദിയായ കൈരളി തീയേറ്റർ പരിസരം ഞായറാഴ്ച്ച  ജന നിബിഡമായി.  നഗരത്തിലെ മരങ്ങൾ വെട്ടിനശിപ്പിക്കരുതെന്നാവശ്യപ്പെട്ടു.  ട്രീ വാക് കൂട്ടായ്മ പ്രവർത്തകർ കൈരളി മുറ്റത്ത് സംഘഗാനവുമായെത്തി. പ്ലാച്ചിമട ഐക്യ ദാർഡ്യ സമിതിയും പ്രതിഷേധവുമായി കൈരളിയുടെ മുറ്റത്ത് നിരന്നു.

RANJITH INDIA NEWSiffk ph2 (1)

Leave a Reply